| Monday, 24th April 2023, 8:10 pm

ഒരു പുരോഹിതന്റെ മകനായതുകൊണ്ട് സിനിമ കാണുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു: ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്‌കൂള്‍ കോളേജ് കാലഘട്ടത്തെ കുറിച്ചും ആ കാലത്തെ തന്റെ സിനിമാ സ്വപ്‌നങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. കോളേജിലൊക്കെ പഠിക്കുമ്പോള്‍ എല്ലാ പരിപാടികളിലും താന്‍ പങ്കെടുക്കുമായിരുന്നുവെന്നും ബേസില്‍ ജോസഫ് പറഞ്ഞു.

എന്നാല്‍ തന്റെ പിതാവ് ഒരു പുരോഹിതനായതുകൊണ്ട് സിനിമ കാണുന്ന കാര്യത്തില്‍ ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ സിനിമയോടുള്ള ആഗ്രഹം വളരെ കൂടുതലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘കൂട്ടുകാരൊക്കെ ഒരുമിച്ച് ഇരിക്കുമ്പോള്‍ അതിന്റെ നടുക്കിരുന്ന് തള്ള് കഥയൊക്കെ പറയുന്ന ഒരാളായിരുന്നു ഞാന്‍. അങ്ങനത്തെ കഥകളൊക്കെ പറഞ്ഞ് അവന്മാരെയും ഇവന്മാരെയുമൊക്കെ കളിയാക്കി, അവന്മാര്‍ എന്നെയും കളിയാക്കി വഴിയെ പോകുന്നവന്മാരെയൊക്കെ വെറുതെ തല്ലിയും പണിപിടിച്ച് വാങ്ങുകയുമൊക്കെ ചെയ്യുന്ന ഒരു മൂഡായിരുന്നു അന്നൊക്കെ.

ആ സമയത്ത് തന്നെ സ്‌കിറ്റ് പോലെയുള്ള കാര്യങ്ങളൊക്കെ ചെയ്യുമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴും എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു. ഇന്ന പരിപാടി എന്നൊന്നുമില്ല, എല്ലാ പരിപാടികളിലും പോയി പങ്കെടുക്കുമായിരുന്നു. പിന്നെ സിനിമയൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ ഒരു അച്ഛന്റെ മകനായതുകൊണ്ട് ഒരുപാട് സിനിമയൊന്നും കാണാന്‍ സാധിച്ചിരുന്നില്ല.

അതുകൊണ്ട് തന്നെ സിനിമ കാണാന്‍ ആഗ്രഹം കൂടുതലാണ്. നിയന്ത്രണങ്ങള്‍ വരുമ്പോള്‍ ആഗ്രഹം കൂടുമല്ലോ. അങ്ങനെ അന്നൊക്കെ കാസറ്റ് കടയില്‍ നിന്നും കാസറ്റ് വാങ്ങി സിനിമയൊക്കെ വാങ്ങുമായിരുന്നു. പണ്ടൊക്കെ വീടുകളിലൂടെ ബാഗില്‍ കാസറ്റ് കൊണ്ടുനടക്കുന്നവര്‍ ഉണ്ടാകുമല്ലോ. അവരൊക്കെ വരുമ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു,’ ബേസില്‍ പറഞ്ഞു.

content highlight: basil joseph about his college life

We use cookies to give you the best possible experience. Learn more