ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് ബൈജു സന്തോഷ്. 1981ല്‍ മണിയന്‍പിള്ള അഥവാ മണിയാപിള്ള എന്ന ചിത്രത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച ബൈജു ഇന്നും മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടന്റെ ഏറ്റവും വലിയ പോസിറ്റീവ്.
ഇന്റര്‍വ്യൂകളില്‍ ബൈജുവിന്റെ പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയടെ ഷൂട്ടിനിടക്ക് ഏതോ ഒരു സിനിമയുടെ പ്രൊമോഷന് ബൈജു പോയിരുന്നെന്നും ഗുരുവായൂരമ്പല നടയിലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താനും ആ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് ബൈജു പറഞ്ഞുവെന്ന് ബേസില്‍ പറഞ്ഞു.
ബേസിലാണ് ഗുരുവായൂരമ്പല നടയിലിലെ നായകനെന്നും പൃഥ്വിരാജ് വില്ലനാണെന്നും ബൈജു ആ ഇന്റര്‍വ്യൂയില്‍ പറഞ്ഞുവെന്ന് ബേസില്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം പല ഓണ്‍ലൈന്‍ മീഡിയകളും ഏറ്റെടുത്തെന്നും പടത്തിലെ ട്വിസ്റ്റ് ആദ്യമേ ആളുകള്‍ക്ക് മനസിലായപ്പോള്‍ വലിയ വിഷയമായെന്നും ബേസില്‍ പറഞ്ഞു. നുണക്കുഴിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.
‘ഏത് ഇന്റര്‍വ്യൂവിന് പോയാലും അതിലെല്ലാം തഗ്ഗടിക്കുന്ന ആളാണ് ബൈജു ചേട്ടന്‍. ചില സമയത്ത് സിനിമയുടെ പ്രധാന ട്വിസ്റ്റൊക്കെ ഇന്റര്‍വ്യൂവില്‍ ഇരുന്ന് പറയും. ഗുരുവായൂരമ്പല നടയിലിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ബൈജു ചേട്ടന്‍ വേറൊരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു ഇന്റര്‍വ്യൂവിന് പോയി. അതിന്റെ ആങ്കര്‍ ഗുരുവായൂരമ്പല നടയിലിനെക്കുറിച്ച് ചോദിച്ചു.
‘ആ സിനിമയില്‍ ഞാന്‍ ചെറിയൊരു റോള്‍ ചെയ്യുന്നുണ്ട്. ബേസിലാണ് അതിലെ നായകന്‍, പൃഥ്വിരാജിന് വില്ലന്‍ റോളാണ്’ എന്ന് ബൈജു ചേട്ടന്‍ പറഞ്ഞു. അതുവരെ ഞാനും രാജു ചേട്ടനും ഹീറോയാണെന്നാണ് പലരും ധരിച്ചത്. അങ്ങനെയാണ് അനൗണ്‍സ് ചെയ്തത്. പക്ഷേ ബൈജു ചേട്ടന്‍ ആദ്യമേ ട്വിസ്റ്റ് പുറത്തുവിട്ടു. പിന്നീട് അത് വലിയ വിഷയമായി,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph about Guruvayoor Ambalanadayil movie and Baiju Santhosh