ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് പ്രിയങ്കരനായ ആളാണ് ബേസില്‍ ജോസ്ഫ്. ബേസില്‍ ജോസ്ഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ രണ്ടിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ കൂടുതല്‍ നന്നാക്കാമായിരുന്നു എന്ന് തനിക്ക് തോന്നിയിട്ടുള്ള സീനുകളെ കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്.
ഗോദയിലെ സീനുകളെ പറ്റിയാണ് ബേസില്‍ പറഞ്ഞത്. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ കുറച്ചു കൂടി നന്നാക്കാം എന്ന് തോന്നിയിരുന്നു എന്നാണ് ബേസില്‍ പറഞ്ഞത്.
‘ഗോദയിലെ ക്ലൈമാക്‌സ് സീനുകളിലെ ആക്ഷന്‍ രംഗങ്ങള്‍ ഒക്കെ കുറച്ചു കൂടി നന്നാക്കാം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ നമുക്കുള്ള അന്നത്തെ റിസോഴ്‌സ് വെച്ച് അത്രേ പറ്റുമായിരുന്നുള്ളൂ. സ്പോര്‍ട്സ് കൊറിയോഗ്രാഫറെ കൊണ്ട് വരാന്‍ ഉള്ള സാഹചര്യം ഉണ്ടായരുന്നില്ല.
അതുകൊണ്ട് നമ്മള്‍ തന്നെ അതൊക്കെ ചെയ്തു.
ശരിക്കും സ്‌പോര്‍ട്ട്‌സ് കോറിയോഗ്രാഫി എന്നത് വലിയ പ്രത്യേക ഒരു മേഖല തന്നയാണ്. ഇന്ന് ആയിരുന്നേല്‍ ഞാന്‍ അതൊക്കെ ചെയ്‌തേനെ,’ ബേസില്‍ പറയുന്നു.
അതേസമയം നവാഗതനായ സംഗീത് പി. രാജനാണ് പാല്‍തു ജാന്‍വര്‍ സംവിധാനം ചെയ്തിരിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ്.
കുമ്പളങ്ങി നൈറ്റ്‌സ്, ജോജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് പാല്‍തു ജാന്‍വര്‍. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.