വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്രസംവിധായകനായ ബേസില്‍ ടൊവിനോയെ നായകനാക്കി ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ സാന്നിധ്യമറിയിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴിയാണ് ബേസിലിന്റെ പുതിയ ചിത്രം.
സിനിമയിലെ തന്റെ ഏറ്റവുമടുത്ത സുഹൃത്താണ് ധ്യാന്‍ ശ്രീനിവാസനെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. തന്റെയും ധ്യാനിന്റെയും ആദ്യ സിനിമയായിരുന്നു തിരയെന്നും ആ സിനിമയിലേക്കെത്തിയപ്പോള്‍ താന്‍ ആദ്യമൊക്കെ അത്ര കംഫര്‍ട്ട് അല്ലായിരുന്നെന്നും ബേസില്‍ പറഞ്ഞു. സിനിമയെക്കുറിച്ച് അത്ര പിടിയില്ലാത്ത ആളായിരുന്നു താനെന്നും ബാക്കി എല്ലാവരും ടാലന്റഡായിട്ടുള്ളവരായിരുന്നെന്നും ബേസില്‍ പറഞ്ഞു.
തന്നെ ആ സമയത്ത് കെയര്‍ ചെയ്തത് ധ്യാനായിരുന്നെന്നും ആ ഒരു ധൈര്യമാണ് തിരയില്‍ തന്നെ പിടിച്ചു നിര്‍ത്തിയതെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ടാലന്റില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ധ്യാന്‍ കുഞ്ഞിരാമായണത്തില്‍ അഭിനയിച്ചതെന്നും ബേസില്‍ പറഞ്ഞു. പരസ്പരം കാണുമ്പോള്‍ കളിയാക്കുന്നത് ആ സൗഹൃദത്തിന്റെ പുറത്താണെന്നും ബേസില്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.
‘തിരയിലൂടെയാണ് ഞാന്‍ സിനിമയിലേക്കെത്തുന്നത്. എന്റെയും ധ്യാനിന്റെയും ആദ്യത്തെ സിനിമയായിരുന്നു അത്. ആ സിനിയിലേക്ക് എന്നെ വിനീതേട്ടനാണ് വിളിച്ചത്. അതിന്റെ സെറ്റിലെത്തിയപ്പോള്‍ എനിക്ക് പെട്ടെന്ന് അവരുമായി അടുക്കാന്‍ പറ്റിയില്ല. കാരണം, സിനിമയെപ്പറ്റി അധികം നോളേജില്ലാത്ത ആളായിരുന്നു ആ സമയത്ത് ഞാന്‍. ബാക്കിയുള്ളോരാണെങ്കില്‍ മൊത്തം ടാലന്റഡായിട്ടുള്ളവരാണ്.
എന്റെ അവസ്ഥ കണ്ടിട്ട് ധ്യാന്‍ പെട്ടെന്ന് എന്നോട് കമ്പനിയായി. അവന്റെ ആദ്യത്തെ സിനിമയായിരുന്നെങ്കില്‍ കൂടി ഹീറോ എന്ന പ്രിവിലേജ് അവനുണ്ടായിരുന്നു. ആ സിനിമയുടെ ഷൂട്ട് തീരുന്നതുവരെ അവനെന്നെ കെയര്‍ ചെയ്തു. അന്ന് അവന് എന്നെപ്പറ്റി മനസിലായതുകൊണ്ടാണ് കുഞ്ഞിരാമായണത്തിലേക്ക് ഞാന്‍ വിളിച്ചപ്പോള്‍ അവന്‍ വന്നത്. പരസ്പരം കാണുമ്പോള്‍ കളിയാക്കുന്നതും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുന്നതും ഈയൊരു കാരണം കൊണ്ടാണ്,’ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph about friendship with Dhyan Sreenivasan