ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ ഏറെ സ്വീകര്യനായ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തിയ ബേസിൽ പിന്നീട് മലയാളത്തിലെ മുൻനിരനായക നടനായും മാറി. മിന്നൽ മുരളി സിനിമയിലൂടെ ലോകത്താകമാനം തന്റേതായൊരിടം സൃഷ്ടിക്കാൻ ബേസിലിന് കഴിഞ്ഞു.
സിനിമയ്ക്ക് നേരെ വരുന്ന ഫീഡ്ബാക്കിനെക്കുറിച്ച് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. ഫീഡ്ബാക്കിനെ വളരെ പോസിറ്റീവ് ആയിട്ടാണ് കാണാറുള്ളതെന്ന് ബേസിൽ പറഞ്ഞു. നല്ല ഫീഡ്ബാക്ക് കേൾക്കുമ്പോൾ എന്താണ് മാറ്റം വരുത്തേണ്ടതെന്ന് പറയാൻ പറ്റുകയുള്ളൂയെന്നും ബേസിൽ പറഞ്ഞു. എന്നാൽ ചില ഫീഡ്ബാക്കുകൾ കേൾക്കുമ്പോൾ ദേഷ്യം വരുമെന്നും എന്നാൽ കുറച്ച് കഴിയുമ്പോൾ ഇരുന്ന് ആലോചിക്കുമെന്നും ബേസിൽ പറയുന്നുണ്ട്.
സിനിമയുടെ വിജയമാണെങ്കിലും പരാജയമാണെങ്കിലും അതിന് ശേഷം താൻ അതെല്ലാം ഒന്നുകൂടെ ആലോചിക്കാറുണ്ടെന്നും ബേസിൽ കൂട്ടിച്ചേർത്തു. ഫീഡ്ബാക്ക് പറഞ്ഞ ഓരോ ആളുകളുടെയും മുഖമടക്കം തന്റെ മനസിൽ ഉണ്ടാകുമെന്നും ബേസിൽ പറയുന്നുണ്ട്. ക്യൂ സ്റ്റുഡിയോയുടെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫീഡ്ബാക്ക് വളരെ പോസിറ്റീവ് ആയിട്ടാണ് കാണാറുള്ളത്. അത് കേട്ടാൽ മാത്രമേ അടുത്തതിൽ എന്താണ് മാറ്റം വരുക എന്ന് പറയാൻ പറ്റുകയുള്ളൂ. 100% നമ്മൾ ഈ സിനിമയുടെ പിന്നാലെ നടന്നുകഴിയുമ്പോൾ നമ്മൾ കാണാത്ത പോയിന്റ്സ് ഒക്കെ അവർ എടുത്ത് പറയുമല്ലോ. ഫീഡ്ബാക്ക് പെട്ടെന്ന് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും.
എന്താണ് ഇതൊക്കെ എന്ന് പറയും. പക്ഷേ കുറച്ച് കഴിയുമ്പോൾ ഇരുന്ന് ആലോചിക്കും. സിനിമയുടെ സക്സസ് ആണെങ്കിലും തകർച്ചയാണെങ്കിലും അത് അക്സെപ്റ്റ് ചെയ്തതിനുശേഷം ഒരു പോയിന്റിൽ ഇതെല്ലാം നമ്മൾ ഒന്ന് റീ തിങ്ക് ചെയ്യുമല്ലോ. എന്തുകൊണ്ടായിരിക്കും അയാൾ അങ്ങനെ പറഞ്ഞത് എന്ന്. എന്റെ മനസിൽ അത് ഉണ്ടാവുകയും ചെയ്യും. അയാളുടെ മുഖം അടക്കം എന്റെ ഉള്ളിൽ ഉണ്ടാകും. കറക്റ്റ് ആയിട്ട് പേരുകൾ വരെ ഓർമയുണ്ട്. മറ്റേ സിനിമയ്ക്ക് ഇന്ന ആൾ എന്നൊക്കെ ഞാൻ ചിന്തിക്കും,’ ബേസിൽ ജോസഫ് പറഞ്ഞു.