| Saturday, 19th November 2022, 8:22 am

അത് പറ്റില്ലെന്ന് തോന്നിയാല്‍ അന്ന് സിനിമയില്‍ നിന്ന് റിട്ടയര്‍ ചെയ്യും; ചീത്തവിളി കേള്‍ക്കാന്‍ വയ്യ: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനായി എത്തുമ്പോഴും കോമഡി നടനായി എത്തുമ്പോഴും നായകനായി എത്തുമ്പോഴും പ്രേക്ഷകരെ ഒരുപോലെ എന്റര്‍ടെയ്ന്‍ ചെയ്യിച്ചിട്ടുള്ള താരമാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നിങ്ങനെ ബേസില്‍ സംവിധാനം ചെയ്ത മൂന്ന് സിനിമകളും മലയാളത്തില്‍ ബ്ലോക്ക് ബസ്റ്ററുകളായി മാറിയവയാണ്.

ഫിലിം മേക്കിങ്ങിനെ കുറിച്ചും ആളുകളുടെ പള്‍സ് അറിഞ്ഞ് സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍.

ടെക്‌നോളജി അപ്‌ഡേറ്റഡായ ഇന്നത്തെ കാലത്ത് ആളുകളുടെ അഭിപ്രായം അറിയാന്‍ എളുപ്പമാണെന്നും ആളുകളുമായി കണക്ടഡായിക്കൊണ്ട് പറ്റാവുന്നിടത്തോളം കാലം അവര്‍ക്ക് വേണ്ടിയുള്ള സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നുമാണ് ബേസില്‍ പറയുന്നത്.

അത് പറ്റില്ലെന്ന് തോന്നിയാല്‍ അന്ന് താന്‍ സിനിമയില്‍ നിന്ന് റിട്ടയര്‍ ചെയ്യുമെന്നും ആളുകളുടെ ചീത്തവിളി കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നും ബേസില്‍ തമാശരൂപേണ അഭിമുഖത്തില്‍ പറയുന്നുണ്ട്.

”നമുക്ക് ചുറ്റും എല്ലാ ടൈപ്പിലുമുള്ള ആളുകളുമുണ്ട്. പക്ഷെ സിനിമയെ കുറിച്ച് കറക്ടായ ഫീഡ്ബാക്ക് അറിയണമെങ്കില്‍ ട്രോള്‍ പേജുകളുടെയും സിനിമാ ഗ്രൂപ്പുകളുടെയും യൂട്യൂബ് വീഡിയോകളുടെയും അടിയിലുള്ള കമന്റുകള്‍ വായിച്ച് നോക്കിയാല്‍ മതി.

അങ്ങനെയും ടെക്‌നോളജി അപ്‌ഡേറ്റഡാണ് ഇന്ന്. നമ്മുടെ കയ്യില്‍ നിന്ന് തന്നെ ഇതെല്ലാം അറിയാം. റിയല്‍ ആയ സിനാരിയോ എന്താണെന്ന് നമുക്ക് അറിയാന്‍ പറ്റുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ അതില്‍ അപ്‌ഡേറ്റഡായി ഇരിക്കുക എന്നതാണ് പ്രധാനം.

നമ്മുടെ ചുറ്റുമുള്ള ആളുകളുടെ അഭിപ്രായം കേട്ട് വഴിമാറി പോകാതെ ഒരു സാധാരണക്കാരന്റെ ഒപ്പീനിയന്‍ എന്താണെന്നുള്ളത് തീര്‍ച്ചയായും നമുക്ക് തന്നെ മനസിലാക്കാന്‍ പറ്റുന്ന സമയമാണിത്.

അങ്ങനെ അപ്‌ഡേറ്റഡായി, ആള്‍ക്കാരുമായി നിരന്തരം കണക്ടഡായി പോകണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. അത് പറ്റാവുന്നിടത്തോളം കാലം അവര്‍ക്ക് വേണ്ടിയുള്ള സിനിമകള്‍ ചെയ്യണം.

അത് കഴിഞ്ഞിട്ട് എന്താണെന്നുള്ളത് അന്നേരം നോക്കാം. അല്ലെങ്കില്‍ ഞാന്‍ റിട്ടയര്‍ ചെയ്യും. ഞാന്‍ ഇല്ല. വയ്യ എനിക്ക് ചീത്തവിളി കേള്‍ക്കാന്‍,” ബേസില്‍ പറഞ്ഞു.

ദര്‍ശന രാജേന്ദ്രന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ജയ ജയ ജയ ജയ ഹേയാണ് ബേസിലിന്റെ ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. വിപിന്‍ ദാസ് സംവിധാനം ചെയ്ത മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്.

അതിന് മുമ്പ് ബേസില്‍ നായകനായി എത്തിയ പാല്‍തു ജാന്‍വര്‍, ജാന്‍ എ മന്‍ എന്നീ സിനിമകളും മികച്ച അഭിപ്രായം നേടിക്കൊണ്ട് ഹിറ്റടിച്ചവയാണ്.

Content Highlight: Basil Joseph about film making by knowing the pulse of common people

We use cookies to give you the best possible experience. Learn more