ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. അൻവർ റഷീദ് നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ്. ഗുരുവായൂരമ്പലനടയിൽ, നുണക്കുഴി, സൂക്ഷ്മദർശനി തുടങ്ങിയ സിനിമകളിലൂടെ ഈ വർഷം ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കിയ നടനാണ് ബേസിൽ.
കഴിഞ്ഞ ദിവസം ഇറങ്ങിയ പ്രാവിൻകൂട് ഷാപ്പിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പ്രാവിൻകൂട് ഷാപ്പിന്റെ സംവിധായകൻ ശ്രീരാജിനെ കുറിച്ച് സംസാരിക്കുകയാണ് ബേസിൽ. ശ്രീരാജിന്റെ ഒരു ഷോർട്ട് ഫിലിം കണ്ടിട്ടാണ് താൻ ഈ സിനിമ ചെയ്യാൻ തയ്യാറായതെന്നും തൂമ്പാ എന്നാണ് ആ ഷോർട്ട് ഫിലിമിന്റെ പേരെന്നും ബേസിൽ പറയുന്നു. അത് കണ്ടപ്പോൾ തന്റെ കണ്ണ് തള്ളിപ്പോയെന്നും ബേസിൽ കൂട്ടിച്ചേർത്തു.
‘പ്രാവിൻകൂട് ഷാപ്പ് എന്ന ഞാൻ അടുത്തതായി അഭിനയിച്ച സിനിമയുടെ സംവിധായകൻ ശ്രീരാജാണ്. പുള്ളിയുടെ ഒരു ഷോർട്ട് ഫിലിം കണ്ടിട്ടാണ് ഞാൻ ആ സ്ക്രിപ്റ്റ് വായിക്കുന്നത്.
തൂമ്പാ എന്ന് പറയുന്ന ഒരു ഷോർട്ട് ഫിലിമാണ്. സത്യം പറഞ്ഞാൽ അത് കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി. ഇങ്ങനെയുമൊരു ഷോർട്ട് ഫിലിം എടുക്കാൻ കഴിയുമോയെന്നാണ് ഞാൻ കരുതിയത്.
അതിനുമുമ്പ് ഞാൻ അങ്ങനെയൊരു ഷോർട്ട് ഫിലിം കണ്ടിട്ടുമില്ല അതിനെകുറിച്ച് അറിഞ്ഞിട്ടുമില്ല. അതിനത്ര വ്യൂവേഴ്സ് ഒന്നുമില്ല. അത് അങ്ങനെ വൈറലായിട്ടുമില്ല. ഇന്നത്തെകാലത്ത് ഒരു ഷോർട്ട് ഫിലിം വൈറലാവുകയെന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാനത് ശ്രദ്ധിച്ചിട്ടേയില്ല. സ്ക്രിപ്റ്റ് വായിക്കുന്നതിന് മുമ്പ് അതൊന്ന് കണ്ടുനോക്കൂ എന്ന് പറഞ്ഞിട്ടാണ് ഞാനത് കണ്ടത്.
കണ്ടുനോക്കിയപ്പോൾ അതൊരു ബ്രില്ല്യന്റ് വർക്കാണ്. പിന്നെ ആ സ്ക്രിപ്റ്റ് വായിച്ചപ്പോൾ അതും ആ ഒരു മൂഡിലാണ് ഉള്ളത്. എന്തായാലും ഇത് ചെയ്തേപറ്റൂവെന്ന് ഉറപ്പിച്ചാണ് ആ സിനിമയിൽ ഞാൻ ഡേറ്റ് കൊടുക്കുന്നത്,’ബേസിൽ പറയുന്നു.
Content Highlight: Basil Joseph About Director Of Pravinkood Shapp Movie