|

ധ്യാനിന്റെ സിനിമാ പ്രൊമോഷന്‍ വന്നാല്‍ പിന്നെ ചാകരയാണ്. ഞാന്‍ ധ്യാനിന്റെ ഇന്റര്‍വ്യൂകളുടെ കട്ട ഫാന്‍ ആണ്: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസന്റെ കരിയര്‍ ബ്രേക്ക് ത്രൂ ആയ ചിത്രമായിരുന്നു ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കുഞ്ഞിരാമാ യണം. ധ്യാനിന്റെ പൊട്ടന്‍ ലാലു എന്ന കഥാപാത്രത്തെ മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കുഞ്ഞിരാമായണത്തിലെ താരത്തിന്റെ കഥാപാത്രം പോലെ തന്നെയാണ് അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളും. ഒന്നും ഒളിക്കാതെയും മറയ്ക്കാതെയും തുറന്നു പറയുന്ന ധ്യാനിന്റെ അഭിമുഖങ്ങള്‍ക്ക് ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയാണുള്ളത്.

താന്‍ ധ്യാന്‍ ശ്രീനിവാസന്റെ ഇന്റര്‍വ്യൂകളുടെ ആരാധകനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കുഞ്ഞിരാമായണത്തിന്റെ സംവിധായകനായ ബേസില്‍ ജോസഫ്. തന്റെ ഭാര്യ ധ്യാനിന്റെ ഒറ്റ ഇന്റര്‍വ്യൂ പോലും മിസ്സാക്കാറില്ലെന്നും എല്ലാ അഭിമുഖങ്ങളും കാണുമെന്നും ബേസില്‍ പറയുന്നു.

തന്റെ പുതിയ ചിത്രമായ പാല്‍തൂ ജാന്‍വറിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബേസില്‍ ഇക്കാര്യം പറഞ്ഞത്.

‘ധ്യാനിന്റെ ഇന്റര്‍വ്യൂ ഒക്കെ കാണാന്‍ എനിക്കിഷ്ടമാണ്. ധ്യാനിന്റെ ഇന്റര്‍വ്യൂസിന്റെ ഭയങ്കര ആരാധകനാണ് ഞാന്‍. ധ്യാന്‍ എല്ലായിടത്തും ഇങ്ങനെ നന്നായി ചെന്ന് പറയുന്ന ഒരാളാണ്.

ഞാന്‍ ധ്യാനിന്റെ ഇന്റര്‍വ്യൂവിന്റെ വളരെ വലിയ ആരാധകനാണ്. വൈഫ് അതിലും വലിയ ആരാധികയാണ്. എല്ലാ ഇന്റര്‍വ്യൂവും ഇരുന്ന് കാണും. നിങ്ങളുമായുള്ള (ജിഞ്ചര്‍ മീഡിയ) ഇന്റര്‍വ്യൂ ഒക്കെ കണ്ടിട്ടുണ്ട്.

അവന്റെ പടങ്ങള്‍ പ്രൊമോഷന് വരുമ്പോള്‍ നമ്മള്‍ക്കൊരു ചാകരയാണ്. അവന്‍ അവന്റേതായ രീതിയില്‍ സംസാരിക്കകയാണ്,’ ബേസില്‍ പറയുന്നു.

താന്‍ ഉടനെ തന്നെ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നില്ലെന്നും, അതിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നേയുള്ളുവെന്നും ബസില്‍ പറഞ്ഞു. ചിത്രം ധ്യാനുമായി കൊളാബറേറ്റ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാന്‍ എ മന്നിന് ശേഷം ബേസില്‍ ലീഡ് റോളിലെത്തുന്ന ചിത്രമാണ് പാല്‍തൂ ജാന്‍വര്‍

നവാഗതനായ സംഗീത് പി. രാജനാണ് പാല്‍തു ജാന്‍വര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഓണത്തിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി, കോസ്റ്റ്യൂം മഷര്‍ ഹംസ, മെയ്ക്ക് അപ്പ് റോണക്സ് സേവ്യര്‍, എഡിറ്റര്‍ ചമന്‍ ചാക്കോ, സൗണ്ട് നിതിന്‍ ലൂക്കോസ്.

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ സംഗീത് പി. രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Basil Joseph about Dhyan Sreenivasan and his Interviews