| Wednesday, 2nd April 2025, 10:37 pm

സുരേഷേട്ടന്റെ കണ്‍വിന്‍സിങ് ആ സിനിമ മുതലേ തുടങ്ങിയതാണ്, ഇപ്പോഴാണ് എല്ലാവരും അതൊക്കെ ശ്രദ്ധിച്ചത്: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. ടൊവിനോ തോമസ് നിര്‍മിക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് സമയം മുതല്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വ്യത്യസ്തമായ പ്രൊമോഷന്‍ രീതികളായിരുന്നു അണിയറപ്രവര്‍ത്തകര്‍ മരണമാസിനായി ഒരുക്കിയത്. സുരേഷ് കൃഷ്ണയുടെ കണ്‍വിന്‍സിങ് സ്റ്റാര്‍ ട്രെന്‍ഡിനെയും മരണമാസ് ടീം മനോഹരമായി അവതരിപ്പിച്ചിരുന്നു.

സുരേഷ് കൃഷ്ണയുമൊത്തുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബേസില്‍ ജോസഫ്. കണ്‍വിന്‍സിങ് സ്റ്റാര്‍ എന്ന ട്രെന്‍ഡ് കത്തിനില്‍ക്കുന്ന സമയത്തായിരുന്നു ഷൂട്ട് നടന്നതെന്ന് ബേസില്‍ ജോസഫ് പറഞ്ഞു. ആ ട്രെന്‍ഡിനെ കൃത്യമായി ഉപയോഗിക്കാന്‍ സാധിച്ചെന്നും അത് സുരേഷ് കൃഷ്ണയോട് പറഞ്ഞെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

ഇത്രയും കാലമില്ലാത്ത ആരാധനയും സ്‌നേഹവുമെല്ലാം പലര്‍ക്കും സുരേഷ് കൃഷ്ണയോട് തോന്നിയെന്നും ബേസില്‍ ജോസഫ് പറഞ്ഞു. സുരേഷ് കൃഷ്ണ തന്നെ പല സിനിമയിലും കണ്‍വിന്‍സ് ചെയ്തിട്ടുണ്ടെന്ന് കണ്ടുപിടിച്ച് തങ്ങളോട് പറഞ്ഞെന്നും ആദ്യകാലത്ത് ചെയ്ത തമിഴ് സിനിമയും അതില്‍ ഉണ്ടായിരുന്നെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയില്‍ സ്വന്തം ഗുരുവിനെ തന്നെ കണ്‍വിന്‍സ് ചെയ്ത് കൊല്ലുന്ന സീന്‍ ഉണ്ടായിരുന്നെന്നും അത് തങ്ങള്‍ക്ക് കാണിച്ചുതന്നെന്നും ബേസില്‍ ജോസഫ് പറയുന്നു. അന്നുതൊട്ടേ കണ്‍വിന്‍സിങ് തുടങ്ങിയിട്ടുണ്ടായിരുന്നെന്നും താന്‍ ആദ്യം തൊട്ടേ അങ്ങനെയാണെന്ന് സുരേഷ് കൃഷ്ണക്ക് തോന്നിയെന്നും ബേസില്‍ പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘കണ്‍വിന്‍സിങ് സ്റ്റാര്‍ എന്നെ ടൈറ്റില്‍ ഞങ്ങള്‍ ഈ സിനിമയില്‍ കൊണ്ടാടുകയായിരുന്നു. ആ ട്രെന്‍ഡ് കത്തിനിന്ന സമയത്തായിരുന്നു ഷൂട്ട്. അത് കൃത്യമായി ഞങ്ങളുടെ പ്രൊമോഷന് ഉപയോഗിക്കാന്‍ സാധിച്ചു എന്നത് നല്ല കാര്യമായിരുന്നു. അതുവരെ ഇല്ലാതിരുന്ന സ്‌നേഹവും ആരാധനയും സുരേഷേട്ടനോട് പലര്‍ക്കും തോന്നി.

പഴയ സിനിമയിലൊക്കെ താന്‍ ഓരോരുത്തരെയെും കണ്‍വിന്‍സ് ചെയ്തിട്ടുണ്ടായിരുന്നെന്ന് സുരേഷേട്ടന്‍ തന്നെ കണ്ടുപിടിക്കാന്‍ തുടങ്ങി. പുള്ളി ആദ്യം ചെയ്ത ഒരു തമിഴ് പടമുണ്ടല്ലോ, മന്ത്രവാദിയായി വേഷമിട്ടത്. അതില്‍ സ്വന്തം ഗുരുവിനെ തന്നെ കണ്‍വിന്‍സ് ചെയ്ത് കൊല്ലുന്നുണ്ട്. അന്നേ തുടങ്ങിയതാണെന്നുള്ള മൂഡില്‍ പുള്ളി എത്തി. ‘പണ്ടേ ഞാന്‍ ഇങ്ങനെയായിരുന്നല്ലേ’ എന്ന് സുരേഷേട്ടന് തോന്നിത്തുടങ്ങി,’ ബേസില്‍ ജോസഫ് പറഞ്ഞു.

Content Highlight: Basil Joseph about Convincing Star trolls and Suresh Krishna

We use cookies to give you the best possible experience. Learn more