| Wednesday, 14th August 2024, 12:23 pm

ആ സീന്‍ എടുത്തുകഴിഞ്ഞപ്പോഴേക്കും ഇനി ജീവിതത്തില്‍ പൊറോട്ടയും ബീഫും കഴിക്കില്ലെന്ന് ആ നടന്‍ പറഞ്ഞു: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ബേസില്‍ ജോസഫ്. 2015ല്‍ റിലീസായ കുഞ്ഞിരാമായണത്തിലൂടെയാണ് ബേസില്‍ സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ടൊവിനോയെ നായകനാക്കി ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളും ബേസില്‍ സംവിധാനം ചെയ്തു. സംവിധാനത്തോടൊപ്പം അഭിനയവും തനിക്ക് വഴങ്ങുമെന്ന് ബേസില്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നുണക്കുഴിയില്‍ ബേസിലാണ് നായകന്‍. ഒരിടവേളക്ക് ശേഷം കോമഡി ഴോണറില്‍ ജീത്തു ഒരുക്കുന്ന ചിത്രമാണ് നുണക്കുഴി. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബേസില്‍. സിനിമയില്‍ ബൈജു സന്തോഷ് അവതരിപ്പിക്കുന്ന കഥാപാത്രം പൊറോട്ടയും ബീഫും കഴിക്കുന്ന സീന്‍ ഉണ്ടായിരുന്നുവെന്നും നാല് ദിവസം ആ സീന്‍ ഷൂട്ട് ചെയ്തുവെന്നും ബേസില്‍ പറഞ്ഞു.

പല ആംഗിളില്‍ നിന്ന് എടുക്കേണ്ട സീനായതുകൊണ്ട് നാല് ദിവസം അടുപ്പിച്ച് രാത്രി പൊറോട്ട കഴിക്കേണ്ടി വന്നെന്ന് ബേസില്‍ കൂട്ടിച്ചേര്‍ത്തു. സീന്‍ എടുത്തു കഴിഞ്ഞപ്പോഴേക്ക് ഇനി ജീവിതത്തില്‍ പൊറോട്ടയും ബീഫും കഴിക്കില്ല എന്ന് ബൈജു പറഞ്ഞുവെന്നും ബേസില്‍ പറഞ്ഞു. നാല് ദിവസം കൊണ്ട് 15 പൊറോട്ടക്കടുത്ത് ബൈജു കഴിച്ചുവെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമയിലെ ഒരു സീനെന്ന് പറയുന്നത് ബൈജു ചേട്ടന്‍ പൊറോട്ടയും ബീഫും കഴിക്കുന്നതാണ്. സീനിന് മുമ്പ് പുള്ളി നല്ല ഉഷാറിലായിരുന്നു. പക്ഷേ ആ സീന്‍ നാല് ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നു. പല ആംഗിളില്‍ നിന്ന് എടുക്കുന്ന സീനാണ്. സിനിമയില്‍ 15 മിനിറ്റോളം വരുന്ന സീനാണ്. നാല് ദിവസവും രാത്രി പൊറോട്ട തന്നെയായിരുന്നു പുള്ളിയുടെ ഫുഡ്.

നാല് ദിവസം കൊണ്ട് 15 പൊറോട്ട എങ്ങാണ്ട് ബൈജു ചേട്ടന്‍ കഴിച്ചെന്നാണ് തോന്നുന്നത്. ആ സീന്‍ എടുത്ത് കഴിഞ്ഞപ്പോഴേക്ക് പുള്ളിക്ക് മടുത്തു. ഇനി ജീവിതത്തില്‍ പൊറോട്ടയും ബീഫും കഴിക്കില്ലെന്ന് ബൈജു ചേട്ടന്‍ പറഞ്ഞു. അത്രമാത്രം പുള്ളിക്ക് പൊറോട്ട വെറുത്തു. എത്രയാണെന്ന് വെച്ചിട്ടാ കഴിക്കുന്നത്,’ ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph about Baiju Santhosh’s scene in Nunakkuzhi

We use cookies to give you the best possible experience. Learn more