| Tuesday, 24th December 2024, 3:58 pm

സിനിമ മാത്രം ആലോചിച്ച് ജീവിക്കുന്ന ആ നടൻ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറാണ്: ബേസിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ ഓൾ റൗണ്ടർ നടന്മാരാണ് പൃഥ്വിരാജും ബേസിൽ ജോസഫും. അഭിനേതാക്കളെയും സംവിധായകരായും കയ്യടി നേടിയിട്ടുള്ള ഇരുവരും ഈ വർഷം ഇറങ്ങിയ ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിലും ഒന്നിച്ചിരുന്നു. തിയേറ്ററിൽ വലിയ വിജയമാവാൻ ആ സിനിമയ്ക്ക് സാധിച്ചു. പൃഥ്വിരാജിനെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് ബേസിൽ.

വിമാനം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് താൻ ആദ്യമായി പൃഥ്വിരാജിനെ കാണുന്നതെന്നും പൃഥ്വിരാജിനോട് എങ്ങനെ പോയി സംസാരിക്കുമെന്ന ടെന്‍ഷനൊക്കെയുണ്ടായിരുന്നെന്നും ബേസിൽ പറയുന്നു.

ആദ്യ ദിവസങ്ങളിലൊക്കെ അദ്ദേഹത്തിന്റെ അടുത്തുപോകാതെ മാറിനില്‍ക്കാറായിരുന്നു പതിവെന്നും പിന്നീട് നല്ല അടുപ്പമായെന്നും ബേസിൽ പറഞ്ഞു. സിനിമ മാത്രം ആലോചിച്ച് ജീവിക്കുന്ന ആളാണ് അദ്ദേഹമെന്നും ഒരുപാട് ടിപ്പെല്ലാം അദ്ദേഹത്തോട് ചോദിച്ചിരുന്നെന്നും ബേസിൽ കൂട്ടിച്ചേർത്തു.

‘വിമാനം സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ ആദ്യമായി രാജുവേട്ടനെ കണ്ടത്. അന്ന് ഒരു സെല്‍ഫി എടുത്തു എന്നല്ലാതെ അദ്ദേഹവുമായി എനിക്ക് വേറെ പരിചയമൊന്നുമില്ല. ആദ്യമൊക്കെ അദ്ദേഹത്തോട് സംസാരിക്കാന്‍ ഒരു പേടിയുണ്ടായിരുന്നു. അദ്ദേഹത്തോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു എനിക്ക്.

ഞാന്‍ ഭയങ്കര ഫാനാണ്. സിനിമയിലും ഇന്റര്‍വ്യൂവിലും കാണുന്ന രാജുവേട്ടന്‍ നമ്മുടെ മുന്‍പില്‍ നില്‍ക്കുകയാണ്. ആദ്യമൊന്നും ഒന്നും മിണ്ടിയില്ല. പിന്നെ നമ്മള്‍ ഒരേ വൈബാണെന്ന് മനസിലായി. തമാശയൊക്കെ പറയാന്‍ തുടങ്ങി. ഞാന്‍ കുറേ കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. ടിപ്പ് ചോദിക്കല്‍ തന്നെയായിരുന്നു പരിപാടി(ചിരി). എങ്ങനെയാണ് ഇതൊക്കെ ഒരുമിച്ച് മാനേജ് ചെയ്ത് കൊണ്ടുപോകുന്നത് എന്ന് അറിയണമായിരുന്നു. അതിനെ കുറിച്ചൊക്കെ ചോദിച്ചിരുന്നു.

സിനിമ മാത്രം ആലോചിച്ച് ജീവിക്കുന്ന ആളാണ് അദ്ദേഹം. മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് അദ്ദേഹത്തെ നമ്മള്‍ കാണുന്നത്. സിനിമയെ കുറിച്ച് ഒരുപാട് സ്വപ്നമുള്ള ആളാണ്. അതുകൊണ്ട് തന്നെ ഇതൊക്കെ മാനേജ് ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയാന്‍ ആകാംക്ഷ ഉണ്ടായിരുന്നു.

പഴയ സിനിമകളിലെ തമാശകളും കഥകളും കേട്ടു. ഫിലിമിലും ഡിജിറ്റലിലും വര്‍ക്ക് ചെയ്ത് പരിചയമുള്ള ആളാണ് അദ്ദേഹം. ഒരുപാട് സംവിധായകര്‍ക്കൊപ്പവും നടന്മാര്‍ക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ഹിന്ദിയിലും തെലുങ്കിലുമൊക്കെ അഭിനയിച്ചതന്റെ എക്‌സ്പീരിയന്‍സ് അദ്ദേഹത്തിന് പങ്കുവെക്കാന്‍ കഴിയുമല്ലോ. അത്തരത്തില്‍ ഓരോ ഭാഷയിലെ കാര്യങ്ങളും ഞാന്‍ ചോദിക്കുമായിരുന്നു. പ്രശാന്ത് നീല്‍ എങ്ങനെയാണ്, മറ്റേ പുള്ളി എങ്ങനെയാണ് എന്നൊക്കെയാണ് എന്റെ ചോദ്യങ്ങള്‍ (ചിരി)’, ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph About Actor  Prithviraj

We use cookies to give you the best possible experience. Learn more