നമ്മള്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ച് വിട്ടു കളഞ്ഞ ഒരു കഥ മറ്റാരെങ്കിലും അഭിനയിച്ച് ഹിറ്റായി മാറിയ സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി രജിഷ വിജയനും സംവിധായകന്‍ ബേസില്‍ ജോസഫും.
വിട്ടുകളഞ്ഞ് ഹിറ്റായ സിനിമകള്‍ ഇല്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അത് വലിയ വിഷമമാണെന്നും രജിഷ പറഞ്ഞപ്പോള്‍ താന്‍ വേണ്ടെന്ന് വെച്ച ഒരു സിനിമ വലിയ പരാജയമായ ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടെന്നായിരുന്നു ബേസിലിന്റെ മറുപടി. ഫിലിം കമ്പാനിയന്‍ സൗത്തിന്റെ എ ഇയര്‍ ഓഫ് ഹോപ്പ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
‘ ചിലര്‍ ഭയങ്കര നന്നായിട്ട് നരേറ്റ് ചെയ്യുമായിരിക്കും. നന്നായിട്ട് കഥ പറയാന്‍ പറ്റുന്ന ആള്‍ക്കാരുണ്ടാകും. അതില്‍ പെട്ടെന്ന് എക്‌സൈറ്റഡ് ആയി ഓക്കെ പറയുന്നതിന് അപ്പുറത്തേക്ക് ആ സ്‌ക്രിപ്റ്റ് വായിക്കുക എന്ന പ്രോസസ് കൂടി വരേണ്ടതുണ്ട്. നമ്മള്‍ വേറൊരു രീതിയില്‍ ആണല്ലോ ആ സ്‌ക്രിപ്റ്റ് വായിക്കുക. വായന എന്നത് വ്യത്യസ്തമായ പ്രോസസാണ്. അതും കൂടി വരുമ്പോള്‍ രണ്ട് ലെവലിലുള്ള തിങ്കിങ് ആവും.
നമുക്ക് ഓഡിയന്‍സ് എന്ന പെര്‍സ്‌പെക്ടീവില്‍ ആലോചിക്കാം. ബേസിക്കായുള്ള കുറച്ച് കാര്യങ്ങള്‍ നമുക്കറിയാം. നമ്മള്‍ കണ്ടുവളര്‍ന്ന സിനിമകളുടെ കാര്യങ്ങള്‍ എല്ലാം. അതുവെച്ചിട്ടെങ്കിലും സ്‌ക്രിപ്റ്റിനെ നമുക്ക് വിലയിരുത്താനാവും. ഒരു മുഴുവന്‍ സ്‌ക്രിപ്റ്റ് വായിച്ച് കഴിയുമ്പോള്‍ ആ സിനിമ ആവശ്യപ്പെടുന്ന എല്ലാ എലമെന്റും ഉള്ള സിനിമയാകുമോ എന്ന് നമുക്ക് പറയാന്‍ പറ്റും.
ബേസിക്ക് സ്‌ക്രിപ്റ്റ് ആണെങ്കില്‍ അത് സാധിക്കും. പിന്നെ കുറേ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ ലേണിങ് ആണ്. നല്ല സ്‌ക്രിപ്റ്റ് വായിച്ച് അത് സക്‌സസ് ഫുള്‍ ആയാല്‍ ആ പ്രോസസ് തന്നെ ഒരു ലേണിങ് ആണ്. കഥ കേട്ടു, സ്‌ക്രിപ്റ്റ് വായിച്ചു, എഡിറ്റ് കണ്ടു. എല്ലാം കണ്ട് സിനിമ ഇറങ്ങി സക്‌സസ് ഫുള്‍ ആയി. ആ മൊത്തം യാത്ര നമുക്കൊരു പഠനമാണ്. പല രീതിയില്‍ ഒരു സ്‌ക്രിപ്റ്റിനെ നമുക്ക് മനസിലാക്കാം.
നമ്മള്‍ നോ പറഞ്ഞ സിനിമ വേറൊരാള്‍ അഭിനയിച്ച് റിലീസാവുമ്പോള്‍ ഉണ്ടായ ക്യൂരിയോസിറ്റി എന്താണെന്നാണെന്നും അത്തരം സിനിമകള്‍ പോയി കാണാറുണ്ടോ എന്നുമുള്ള ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടാകുമെന്നായിരുന്നു താരങ്ങളുടെ മറുപടി. ആ സിനിമ വിജയിക്കുമ്പോള്‍ തീര്‍ച്ചയായും പോയി കാണാന്‍ നോക്കുമെന്നും രജിഷ പറഞ്ഞു.
ഒരു ആശയക്കുഴപ്പത്തില്‍ താന്‍ വേണ്ടെന്ന് വെച്ച സ്‌ക്രിപ്റ്റ് തിയേറ്ററില്‍ പരാജയപ്പെട്ടു പോയതിനെ കുറിച്ച് സംവിധായകന്‍ ബേസിലും സംസാരിച്ചു.
‘ ഞാന്‍ വേണ്ട എന്ന് വെച്ച സിനിമയുണ്ട്. എനിക്കിഷ്ടപ്പെട്ടു. പക്ഷേ പിന്നെ ആലോചിച്ചപ്പോള്‍ ആ സിനിമ ഒരു എഡ്ജാണ്. മോശമായാല്‍ ഭയങ്കര മോശമായിപ്പോകും. ആ ടെന്‍ഷനില്‍ ഞാന്‍ അത് വേണ്ട എന്ന വെച്ചു. തിയേറ്ററില്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ആ സിനിമ വലിയ പരാജയമായി. നമ്മുടെ ഭയം എന്തായിരുന്നോ അതാണ് സംഭവിച്ചത്.
ആ ഫിലിം മേക്കര്‍ ആ രീതിയിലാണ് അതിനെ കണ്‍സീവ് ചെയ്തത്. സ്‌ക്രിപ്റ്റിനെ ആ രീതിയില്‍ കണ്‍സീവ് ചെയ്താല്‍ അത് വര്‍ക്കാവില്ലെന്നും മോശമായി തീരുമെന്നും എനിക്ക് തോന്നിയിരുന്നു. വര്‍ക്കായാല്‍ ഭയങ്കര കള്‍ട്ടാവാനുള്ള സാധ്യതയുമുള്ള ഒരു പോയിന്റിലായിരുന്നു നിന്നിരുന്നത്.
കഥ കേട്ടിട്ട് പോലും ചിലപ്പോള്‍ ഒരു ഫിലിം മേക്കര്‍ കണ്‍സീവ് ചെയ്തിരിക്കുന്നത് വേറെ രീതിയിലാണെങ്കില്‍ അത് നമ്മുടെ കണ്‍ട്രോളില്‍ നില്‍ക്കില്ല. ചിലപ്പോള്‍ കൈയില്‍ നിന്ന് പോകും. അങ്ങനെ ഒരു പോയിന്റിലേക്ക് പോയ സിനിമയായിരുന്നു അത്,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph about a movie he reject and it become a disaster