| Saturday, 18th November 2023, 6:10 pm

ആ രംഗം കുറച്ച് നേരം കൂടി വേണമായിരുന്നുവെന്ന് ബേസില്‍; അങ്ങനെയാണെങ്കില്‍ പടം ആദ്യമേ തീരുമെന്ന് നഹാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ മലയാള സിനിമയില്‍ വലിയ വിജയമായ ചിത്രമാണ് ആര്‍.ഡി.എക്‌സ്. ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍.ഡി.എക്‌സ്.

ചിത്രം കണ്ടതിനെ പറ്റി സംസാരിക്കുകയാണ് ബേസില്‍. ബാബു ആന്റണിയുടെ രംഗം കുറച്ച് നേരം കൂടി വേണമെന്ന് തനിക്ക് തോന്നിയെന്ന് ബേസില്‍ പറഞ്ഞു. അദ്ദേഹം വന്നപ്പോള്‍ വലിയ ആവേശമായിരുന്നുവെന്നും ബേസില്‍ പറഞ്ഞു. നഹാസ് കൂടി പങ്കെടുത്ത ഫിലിം കംപാനിയന്റെ മലയാളം സിനിമ ആഡയില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.

‘ബാബു ആന്റണിയുടെ സീന്‍ കുറച്ച് നേരം കൂടി ഉണ്ടായിരുന്നുവെങ്കിലെന്ന് തോന്നി. സിനിമ കണ്ട ഓഡിയന്‍സിന്റെ എക്‌സൈറ്റ്‌മെന്റില്‍ തോന്നിയതാണ്. ഇച്ചിരി നേരം കൂടി ഉണ്ടായിരുന്നെങ്കിലെന്നൊരു തോന്നല്‍. ആ ഒരു നിമിഷം നമ്മള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. നഞ്ചക്ക് വന്ന് പുള്ളീടെ കയ്യിലേക്ക് വീണപ്പോള്‍ ആ മോനേ അടി എന്നൊരു ഫീലായിരുന്നു,’ ബേസില്‍ പറഞ്ഞു.

ആളിറങ്ങി അടിക്കുമെന്നുണ്ടായിരുന്നെങ്കില്‍ ഈ പടം നേരത്തെ തീര്‍ന്നേനെയെന്നായിരുന്നു ഇതിനോടുള്ള നഹാസിന്റെ പ്രതികരണം.

ചിത്രം കണ്ടതിന് ശേഷം നഹാസിനെ വിളിച്ചതിനെ പറ്റിയും ബേസില്‍ സംസാരിച്ചു. ‘ഫുള്‍പാക്ക്ഡ് തിയേറ്ററിലിരുന്നാണ് ഞാന്‍ ആര്‍.ഡി.എക്സ് കണ്ടത്. നഹാസിനോട് പറഞ്ഞിട്ടുമല്ല കാണാന്‍ പോയത്. പുറത്തിറങ്ങിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ വന്നവരോടൊക്കെ പടം എങ്ങനെയുണ്ടെന്ന് ഞാന്‍ ചോദിച്ചു. സൂപ്പറാണെന്ന് അവര്‍ പറഞ്ഞപ്പോള്‍ എനിക്കൊപ്പം വര്‍ക്ക് ചെയ്ത ആളാണെന്ന് ഞാന്‍ പറഞ്ഞു.

എന്റെ കൂട്ടുകാരനാണ്, അല്ലെങ്കില്‍ എന്റെ മോനാണ് അത് ചെയ്തത് എന്ന് പറയുന്നത് പോലെ ഒരു ഫീലാണ്. അപ്പോള്‍ തന്നെ അവനെ വിളിച്ച് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ സര്‍പ്രൈസായി ഒരു കേക്ക് വാങ്ങി വെച്ചു. അവന്‍ വന്നപ്പോള്‍ അത് മുറിച്ച് അങ്ങ് സെലിബ്രേറ്റ് ചെയ്തു. എനിക്ക് ഭയങ്കര സന്തോഷമായി. അത് നമ്മുടെ കൂടെ നേട്ടമാണല്ലോ.

എല്ലാവരും അങ്ങനെ എത്തണമെന്നുണ്ട്. എന്റെ കൂടെ വര്‍ക്ക് ചെയ്ത രണ്ടുമൂന്ന് പേര് കൂടി സിനിമകളുമായി വരുന്നുണ്ട്. ഇനി അവരുടെ സീസണായിരിക്കും. എന്റെ താഴെയുള്ളവര്‍ ഇന്‍ഡിപെന്‍ഡന്റ് ആവാനുള്ള സീസണാണ്,’ ബേസില്‍ പറഞ്ഞു.

Content Highlight: Basil joiseph says that sabu antony’s scene should have been longer

We use cookies to give you the best possible experience. Learn more