| Sunday, 19th November 2023, 11:15 pm

ആ പാട്ടുകാരെ മാറ്റി നിര്‍ത്തി പാട്ടുപാടി; രാജസ്ഥാനില്‍ ജഗദീഷേട്ടന്‍ വിളയാടുകയായിരുന്നു: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിതീഷ് സഹദേവ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമയാണ് ‘ഫാലിമി’.

ഒത്തിണക്കമില്ലാതെ സദാസമയവും കലഹിക്കുന്ന അഞ്ചംഗ കുടുംബം കാശിയിലേക്ക് പോകുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. ‘ഫാലിമി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷിനെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്.

‘ഞാന്‍ സിനിമ കണ്ട് വളരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ ഷൈന്‍ ചെയ്തിട്ടുള്ള നടനാണ് ജഗദീഷേട്ടന്‍. ഇന്‍ ഹരിഹര്‍ നഗര്‍ ആണെങ്കിലും ഗോഡ് ഫാദര്‍ ആണെങ്കിലും അത്തരം സിനിമകളാണ്.

അത് മാത്രമല്ല, ഒരുപാട് സിനിമകള്‍ ഉണ്ട്. ജഗദീഷേട്ടന്‍ അഴിഞ്ഞാടുന്ന ഒരു കാലഘട്ടമായിരുന്നു അത്. ആ കാലത്താണ് നമുക്ക് സിനിമയോട് താത്പര്യം തോന്നുന്നത്. കുറെ കാലത്തിന് ശേഷം ചേട്ടനെ നമ്മളുടെ സിനിമയില്‍ കാണുമ്പോള്‍ സന്തോഷം തോന്നി.

ഈ സിനിമയിലേക്ക് വരുമ്പോഴാണ് ഞാന്‍ ജഗദീഷേട്ടനെ നേരില്‍ കാണുന്നത്. ചെറുപ്പം മുതല്‍ കണ്ടു വളര്‍ന്ന ആളുടെ കൂടെ അച്ഛനും മകനും ആയി അഭിനയിക്കുമ്പോള്‍ ഭയങ്കര എക്‌സൈറ്റഡായിരുന്നു.

ഇപ്പോള്‍ ഉള്ള ജഗദീഷേട്ടന്‍ വേറെ ഒരു രീതിയിലാണ് അഭിനയിക്കുന്നത്. ഭയങ്കര ലൗഡ് കോമഡികള്‍ അല്ലാത്ത കഥാപാത്രങ്ങളാണ് ചെയ്യുന്നത്. ഒപ്പം ജഗദീഷേട്ടന്‍ വളരെ അപ്‌ഡേറ്റായിട്ടുള്ള ആളാണ്.

വളരെ പ്രൊഫഷണല്‍ ആയിട്ടുള്ള നടനാണ്. കൃത്യം ആറു മണിക്ക് എണീക്കുന്നു, രാത്രി ഒമ്പത് മണിക്ക് ഉറങ്ങുന്നു. എന്നാല്‍ നൈറ്റ് ഷൂട്ട് ഉള്ളപ്പോള്‍ എപ്പോഴാണ് ഷൂട്ട് കഴിയുന്നതെന്ന് വെച്ചാല്‍ അപ്പോള്‍ വരെ വളരെ ആക്റ്റീവ് ആയിരിക്കും.

എപ്പോഴാണെങ്കിലും റെഡിയായി നിന്ന് വളരെ ഓണ്‍ ആയി നില്‍ക്കും. പ്രായത്തിന്റേതായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സിനിമകളെ കുറിച്ചൊക്കെ വളരെ അപ്‌ഡേറ്റഡായ ആളാണ്. പ്രത്യേകിച്ചും ഹിന്ദി സിനിമകള്‍.

പണ്ടത്തെ ഒരു പാട്ട് കേള്‍പ്പിച്ചാല്‍ ഇതേത് പാട്ടാണെന്ന് ചോദിച്ചാല്‍ പാട്ട് ഏതാണെന്നും, ആരാണ് പാടിയതെന്നും മ്യൂസിക് ഡയറക്ടര്‍ ആരാണെന്നും നടന്‍ ആരാണെന്നും കൃത്യമായി പറഞ്ഞു തരും.

എല്ലാ പാട്ടുകളുടെയും വരികളറിയാം. സെറ്റിലൊക്കെ നന്നായി പാടും. രാജസ്ഥാനില്‍ പോയപ്പോഴും പാട്ടുപാടി. അത് പിന്നെ ഹിന്ദി നാടായത് കൊണ്ട് ജഗദീഷേട്ടന്‍ വിളയാടുകയായിരുന്നു. നമ്മള്‍ രാവിലെ ഹോട്ടല്‍ റിസപ്ഷനില്‍ എത്തുമ്പോള്‍ കാണുക എല്ലാവരുമായി പാട്ടുപാടി താളം പിടിക്കുന്ന ചേട്ടനെയാണ്.

അതുപോലെ ഒരു റിസോര്‍ട്ടില്‍ ജയ ജയ ജയ ജയഹേയുടെ സക്‌സെസ് പാര്‍ട്ടി ഉണ്ടായിരുന്നു. അന്ന് അതിന്റെ ഡയറക്ടറും ദര്‍ശനയുമൊക്കെ രാജസ്ഥാനില്‍ വന്നു. അന്ന് അവിടെ വൈകുന്നേരം ഒരു ഗസല്‍ ഉണ്ടായിരുന്നു.

ആ പാട്ടുകാരെ മാറ്റി നിര്‍ത്തി ജഗദീഷേട്ടന്‍ മൈക്ക് എടുത്ത് പാട്ടുപാടി. പാടി കഴിഞ്ഞതും ആ ചേട്ടന്മാര്‍ വീണ്ടും പാടാന്‍ പറഞ്ഞു. ഇനി ഞങ്ങള്‍ കുറച്ചു റസ്റ്റ് എടുക്കട്ടെ ചേട്ടന്‍ പാടെന്ന് പറഞ്ഞു,’ ബേസില്‍ ജോസഫ് പറയുന്നു.


Content Highlight: Basil Joesph Talks About Jagadish Singing In Rajasthan

We use cookies to give you the best possible experience. Learn more