മലയാള സിനിമയില്‍ ഹാസ്യ വേഷങ്ങള്‍ കൊണ്ട് ഏവര്‍ക്കും പ്രിയപ്പെട്ട നടനാണ് ജഗദീഷ്. മലയാളികള്‍ക്ക് ഓര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ജഗദീഷിന്റേതായുണ്ട്.
എന്നാല്‍ ഇപ്പോള്‍ താരം തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ മുമ്പത്തേതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഏറ്റവും പുതുതായി ജഗദീഷ് അഭിനയിച്ച സിനിമയാണ് ‘ഫാലിമി’. ഈ സിനിമയിലും താരം വ്യത്യസ്തമായ കഥാപാത്രമാണ് ചെയ്തത്.
നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഈ സിനിമയില്‍ ജഗദീഷിനൊപ്പം ബേസില്‍ ജോസഫ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.
ഒത്തിണക്കമില്ലാതെ സദാസമയവും കലഹിക്കുന്ന അഞ്ചംഗ കുടുംബം കാശിയിലേക്ക് പോകുന്ന കഥ പറയുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫിന്റെ അച്ഛന്റെ കഥാപാത്രത്തെയാണ് ജഗദീഷ് ചെയ്യുന്നത്. ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായാണ് മഞ്ജുവും ജഗദീഷും അഭിനയിക്കുന്നത്.
ഇപ്പോള്‍ ജഗദീഷിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് ബേസില്‍. ‘ഫാലിമി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ സിനിമ കണ്ട് വളരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ ഷൈന്‍ ചെയ്തിട്ടുള്ള നടനാണ് ജഗദീഷേട്ടന്‍. ഇന്‍ ഹരിഹര്‍ നഗര്‍ ആണെങ്കിലും ഗോഡ് ഫാദര്‍ ആണെങ്കിലും അത്തരം സിനിമകളാണ്.
അത് മാത്രമല്ല, ഒരുപാട് സിനിമകള്‍ ഉണ്ട്. ജഗദീഷേട്ടന്‍ അഴിഞ്ഞാടുന്ന ഒരു കാലഘട്ടമായിരുന്നു അത്. ആ കാലത്താണ് നമുക്ക് സിനിമയോട് താത്പര്യം തോന്നുന്നത്. കുറെ കാലത്തിന് ശേഷം ചേട്ടനെ നമ്മളുടെ സിനിമയില്‍ കാണുമ്പോള്‍ സന്തോഷം തോന്നി.
ഈ സിനിമയിലേക്ക് വരുമ്പോഴാണ് ഞാന്‍ ജഗദീഷേട്ടനെ നേരില്‍ കാണുന്നത്. ചെറുപ്പം മുതല്‍ കണ്ടു വളര്‍ന്ന ആളുടെ കൂടെ അച്ഛനും മകനും ആയി അഭിനയിക്കുമ്പോള്‍ ഭയങ്കര എക്‌സൈറ്റഡായിരുന്നു.
ഇപ്പോള്‍ ഉള്ള ജഗദീഷേട്ടന്‍ വേറെ ഒരു രീതിയിലാണ് അഭിനയിക്കുന്നത്. ഭയങ്കര ലൗഡ് കോമഡികള്‍ അല്ലാത്ത കഥാപാത്രങ്ങളാണ് ചെയ്യുന്നത്,’ ബേസില്‍ ജോസഫ് പറയുന്നു.
Content Highlight: Basil Joesph Talks About Jagadish