അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയടിച്ച് മലയാളി പയ്യന്‍, അതും വിന്‍ഡീസിനോട്; തോറ്റെങ്കിലും തലയുയര്‍ത്തി കുഞ്ഞന്‍മാര്‍
Sports News
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയടിച്ച് മലയാളി പയ്യന്‍, അതും വിന്‍ഡീസിനോട്; തോറ്റെങ്കിലും തലയുയര്‍ത്തി കുഞ്ഞന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th June 2023, 11:03 am

ഐ.സി.സി വേള്‍ഡ് കപ്പിന്റെ സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടി യു.എ.ഇയുടെ മലയാളി താരം ബേസില്‍ ഹമീദ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ് ബേസില്‍ സെഞ്ച്വറി തികച്ചത്.

108 പന്തില്‍ നിന്നും ഒമ്പത് വീതം സിക്‌സറും ബൗണ്ടറിയുമടക്കം പുറത്താകാതെ 122 റണ്‍സാണ് ബേസില്‍ നേടിയത്. 112.96 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്.

50 ഓവര്‍ ഫോര്‍മാറ്റില്‍ യു.എ.ഇക്കായി സെഞ്ച്വറി നേടുന്ന പത്താമത് താരമാണ് ബേസില്‍. ഏകദിന ഫോര്‍മാറ്റില്‍ ഒരു യു.എ.ഇ താരം നേടുന്ന അഞ്ചാമത് ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും ആ സെഞ്ച്വറി നേട്ടത്തോടെ തന്റെ പേരിലാക്കാന്‍ ബേസിലിന് സാധിച്ചു. 2009ല്‍ അംജദ് ജാവേദ് ഡെന്‍മാര്‍ക്കിനെതിരെ നേടിയ 164 റണ്‍സിന്റെ സ്‌കോറാണ് ഇപ്പോഴും ഒന്നാം സ്ഥാനത്തുള്ളത്.

അംജദ് ജാവേദ്

 

ബേസിലിന്റെ തകര്‍പ്പന്‍ പ്രകടനവും യു.എ.ഇയെ തോല്‍വിയില്‍ നിന്നും കരകയറ്റാന്‍ പോന്നതായിരുന്നില്ല.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് റോവ്മന്‍ പവലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്‌കോറിലേക്കുയര്‍ന്നത്. 55 പന്തില്‍ 190.91 എന്ന സ്ട്രൈക്ക് റേറ്റില്‍ എട്ട് വീതം സിക്സറും ബൗണ്ടറിയുമടക്കം 105 റണ്‍സാണ് താരം നേടിയത്. പവലിന് പുറമെ അര്‍ധ സെഞ്ച്വറി തികച്ച നിക്കോളാസ് പൂരനും കീമോ പോളും സ്‌കോറിങ്ങില്‍ കരുത്തായി

പൂരന്‍ 67 പന്തില്‍ നിന്നും 74 റണ്‍സ് നേടിയപ്പോള്‍ കീമോ പോള്‍ 50 പന്തില്‍ നിന്നും 54 റണ്‍സും അടിച്ചെടുത്തു. ഇവരുടെ ഇന്നിങ്‌സിന്റെ കരുത്തില്‍ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് നേടി.

യു.എ.ഇക്കായി എട്ട് ഓവറില്‍ 50 റണ്‍സ് വഴങ്ങി മുഹമ്മദ് ജവാദുല്ലാഹ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പളനിയപ്പന്‍ മെയ്യപ്പന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇവര്‍ക്ക് പുറമെ സഹൂര്‍ ഖാന്‍, അലി നസീര്‍, അയാന്‍ അഫ്‌സല്‍ ഖാന്‍, സഞ്ചിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്കായി ബേസില് പുറമെ വൃത്യ അരവിന്ദും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മറ്റ് താരങ്ങളുടെ പിന്തുണ ലഭിക്കാതെ വന്നതോടെ പരാജയത്തിലേക്ക് വീഴുകയായിരുന്നു.

നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് മാത്രമാണ് യു.എ.ഇക്ക് നേടാന്‍ സാധിച്ചത്. ഇതോടെ 114 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം വിന്‍ഡീസ് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഞായറാഴ്ചയാണ് വിന്‍ഡീസിന്റെ അടുത്ത മത്സരം. യു.എസ്.എആണ് എതിരാളികള്‍. ജൂണ്‍ 19നാണ് യു.എ.ഇ വീണ്ടും കളത്തിലിറങ്ങുന്നത്. മുന്‍ചാമ്പ്യന്‍മാരായ ശ്രീലങ്കയാണ് എതിരാളികള്‍.

 

Content Highlight:  Basil Hameed scored century for UAE