| Friday, 4th November 2022, 3:49 pm

രാജേഷ് എന്തുകൊണ്ട് ഇങ്ങനെ ആയി

നജീബ് മൂടാടി

രാജേഷ് എന്തുകൊണ്ട് ഇങ്ങനെ ഭയങ്കര ദേഷ്യക്കാരനും മുരടനുമൊക്കെ ആയിപ്പോയി എന്നത് ആലോചിക്കുന്നത് കൗതുകമായിരിക്കും. ആ കഥാപാത്രത്തിന്റെ ഇടപെടലുകളും സ്വഭാവരീതികളുമൊക്കെ വളരെ സൂക്ഷ്മമായും കൃത്യമായും അയാളുടെ വ്യക്തിത്വം എന്താണെന്നും എന്തുകൊണ്ട് അയാള്‍ ഇങ്ങനെ ആയി എന്നും സൂചിപ്പിക്കുന്നുണ്ട്. ബേസില്‍ ജോസഫ് അഭിനയം കൊണ്ട് ആ കഥാപാത്രത്തെ പൂര്‍ണ്ണതയില്‍ എത്തിക്കുകയും ചെയ്തു.

അയാളുടെ അച്ഛനെ കുറിച്ച് അമ്മ തന്നെ പറയുന്നുണ്ട് ഇതിനേക്കാള്‍ ദേഷ്യക്കാരനായിരുന്നു എന്ന്. അതുകൊണ്ട് തന്നെ നല്ലൊരു ദാമ്പത്യമോ കുടുംബ ജീവിതമോ കണ്ടല്ല അയാള്‍ വളര്‍ന്നത്. തന്റെ ഇഷ്ടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും അപ്പുറം വീട്ടിലുള്ളവരുടെ ഇഷ്ടങ്ങളെ മാനിക്കാത്ത, അധികാരം അടിച്ചേല്പിക്കുന്ന, അത് നടന്നില്ലെങ്കില്‍ ദേഷ്യവും അടിയും ബഹളവും കൊണ്ട് അടക്കി നിര്‍ത്തുന്ന രാജേഷിന്റെ പ്രകൃതം അച്ഛനില്‍ നിന്ന് കണ്ടു പഠിച്ചതാവാനെ തരമുള്ളൂ. അമ്മയാണെങ്കില്‍ അതിലൊന്നും ഒരു പരാതിയും പറയാതെ അതൊക്കെയാണ് ദാമ്പത്യജീവിതം എന്ന് കരുതുന്ന, സ്റ്റോക്ക് ഹോം സിന്‍ഡ്രോമായിപ്പോയ സ്ത്രീയും.

പെണ്ണ് കാണാന്‍ വരുമ്പോള്‍ ഉള്ള രാജേഷിന്റെ മുഖഭാവത്തില്‍ തന്നെ അയാളെ വായിക്കാം. അമ്മയും പെങ്ങളുമൊക്കെ തന്റെ ചെലവില്‍ കഴിയുന്ന രണ്ടുപേര്‍ എന്ന അധികാരഭാവവും അവജ്ഞയും ആകെയുള്ള പുച്ഛവും അയാളുടെ മുഖത്തു കാണാം. ഇങ്ങനെ ഒരു ചടങ്ങിന് പോകുമ്പോള്‍ ഉണ്ടാവാറുള്ള അയവുള്ള ഒരു അന്തരീക്ഷമല്ല ആ കാറിനകത്ത്.

ഈ യാത്രയില്‍ അയാളുടെ അനിഷ്ടമുണ്ടാകുമോ എന്ന പരിഭ്രമം അമ്മയുടെയും പെങ്ങളുടെയും മുഖത്തും ശരീരഭാഷയിലും പ്രകടം. പെണ്ണുമായി സംസാരിക്കുമ്പോള്‍ പോലും അയാള്‍ക്ക് കോഴിയുടെ വിലയെ കുറിച്ചും കച്ചവടത്തിലെ തന്റെ സാമാര്‍ഥ്യത്തെ കുറിച്ചും മാത്രമേ പറയാനുള്ളൂ.

മറ്റുള്ളവര്‍ക്ക് ദോഷകരമായി ബാധിച്ചാലും തനിക്ക് ഗുണകരമാകുന്ന, അതിലൂടെ കൂടുതല്‍ പണമുണ്ടാക്കുന്നതില്‍ ആണ് അയാളുടെ സംതൃപ്തി. അതിനപ്പുറം സന്തോഷമുള്ള വര്‍ത്തമാനമൊന്നും അയാള്‍ക്ക് കെട്ടാന്‍ പോവുന്ന പെണ്ണിനോടും പറയാനുണ്ടാവില്ലല്ലോ.
‘രാജ്ഭവന്‍’ എന്ന വീട്ടുപേരില്‍ തന്നെ അയാളുടെ ആധിപത്യസൂചനയുണ്ട്.

ചെറിയ പ്രായത്തില്‍ തന്നെ സ്വന്തമായി ബിസിനസ്സ് നടത്തി വിജയിപ്പിച്ചതിന്റെ ആത്മവിശ്വാസം ഉള്ള ആളാണ് രാജേഷ്. ആരോടും വലിയ അടുപ്പം കാണിക്കാതിരിക്കുക. സഹാനുഭൂതി ഇല്ലാതിരിക്കുക എന്നതൊക്കെ അയാളുടെ വിജയത്തിന്റെ രഹസ്യമായി അയാള്‍ കരുതുന്നുണ്ടാവാം. അതുകൊണ്ടാണ് തകര്‍ച്ച നേരിടുന്ന മറ്റൊരു ബിസിനസ്സുകാരനെ സഹായിക്കാം എന്ന് അയാള്‍ക്ക് തോന്നാത്തത്. ആ അവസ്ഥയില്‍ അയാളുടെ വണ്ടി ചുളുവിലക്ക് കിട്ടിയാലോ എന്ന് രാജേഷിന്റെ കുശാഗ്ര ബുദ്ധി ചിന്തിക്കുന്നുമുണ്ട്.

കല്യാണദിവസം നിലവിളക്ക് വെച്ച ടീപ്പോയിയുടെ പൊട്ടിയ ചില്ലടക്കം പൊട്ടിയതും തകര്‍ന്നതുമായ വീട്ടുപകരണങ്ങള്‍ അയാളുടെ ദേഷ്യം വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ്. ഇടിയപ്പവും കടലയും എന്ന ശീലത്തില്‍ നിന്ന് ഒരു രുചിമാറ്റം പോലും ആഗ്രഹിക്കാത്ത, ശീലങ്ങളൊക്കെ പഴയ പോലെ തുടരണം എന്ന് ശഠിക്കുന്ന മനോഭാവം അയാളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള, അയാള്‍ ശീലിച്ച മാതൃകകളെ കുറിച്ചുള്ള സൂചനയായി കാണാം.

ഭാര്യയെ തല്ലുന്നത്-അതും മുഖമടക്കി- നിയന്ത്രിക്കാനാവാതെ പെട്ടെന്നാണ്. താന്‍ ഊതിവീര്‍പ്പിച്ചു കൊണ്ടുനടക്കുന്ന അധികാര അഹന്തക്ക് മേല്‍ പോറലേല്‍ക്കുന്നു എന്ന തോന്നല്‍ ഉണരുമ്പോള്‍ റിഫ്‌ളക്‌സ് ആക്ഷന്‍ പോലെ അബോധമായി അയാള്‍ അടിച്ചു പോവുകയാണ്. സോറി പറയുന്നത് കുറ്റബോധം കൊണ്ടാവാം. പുറത്തു നിന്ന് സിനിമ കാണുന്നതോടെ ഭക്ഷണം കഴിക്കുന്നത്തോടെ അതൊക്കെ മറക്കും എന്നതാണ് അയാളുടെ കാഴ്ചപ്പാട്. അവിടെ പോലും അവളുടെ ഇഷ്ടത്തിന് പ്രസക്തിയില്ലെങ്കിലും.

വീട്ടില്‍ ഉള്ളവരുടെ മാത്രമല്ല മറ്റുള്ളവരുടെ കാര്യത്തിലും അവരുടെ മാനുഷികാവശ്യങ്ങള്‍ പോലും അയാളുടെ പരിഗണനയില്‍ ഉള്ളതല്ല. അതുകൊണ്ടാണല്ലോ തന്റെ ഉറക്കം നഷ്ടപ്പെട്ടത് കൊണ്ട്, പാതിരാത്രിയില്‍ തന്നെ കോഴികൊണ്ടുപോകാന്‍ ഒരുങ്ങാന്‍ അയാള്‍ ജോലിക്കാരെ വിളിച്ചു പറയുന്നത്.

തന്റെ വരുതിക്ക് പുറത്ത് ഇയാള്‍ ഈ ശൗര്യമൊന്നും കാണിക്കുന്നില്ല എന്നതാണ് രസം. മൊബൈല്‍ ഫോണ്‍ റിപ്പയര്‍കാരന്‍ തന്റെ വീഡിയോ വൈറല്‍ ആക്കി അപമാനിതനാക്കിയിട്ടും അയാള്‍ അവിടെ പോയി ചോദിക്കുന്നു പോലുമില്ല.

അവസാനം വരെ അയാളുടെ കുഴപ്പങ്ങള്‍ എന്താണ് എന്നയാള്‍ മനസ്സിലാക്കുന്നില്ല എന്ന് മാത്രമല്ല, തന്റെ ധാരണകളൊക്കെയാണ് ശരി എന്നതില്‍ തന്നെയാണ് അയാള്‍ ഉള്ളത് എന്നും കോടതി രംഗങ്ങളില്‍ നിന്ന് വ്യക്തമാണ്.

എന്നാല്‍ ജയ പിണങ്ങിപ്പോകുന്നതോടെ അയാള്‍ തകര്‍ന്നു പോവുന്നുണ്ട്. കൂടെയില്ലാതെ പറ്റുന്നില്ല എന്നും അയാള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷെ വെളിച്ചമെത്താനുള്ള ഒരു വഴിയും ഇല്ലാത്തതാണ് അയാളുടെ ചുറ്റുപാട്. സുഹൃത്തുക്കള്‍ പോയിട്ട് വല്യച്ഛന്റെ മകന്‍ അല്ലാതെ അടുപ്പമുള്ള ഒരാളും അയാളുടെ ജീവിതത്തില്‍ ഇല്ല. അയാളുടെ രാഷ്ട്രീയവും നിലപാടുകളുമൊക്കെ രാജേഷിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും, രാജേഷിന് അയാളെ വലിയ മതിപ്പില്ലതാനും.

അധികാരത്തിന്റെ ധാര്‍ഷ്ട്യം ലഹരി പോലെ ആസ്വദിക്കുന്ന രാജേഷുമാര്‍ നമ്മുടെ സമൂഹത്തില്‍ അല്ലെങ്കില്‍ നമ്മില്‍ തന്നെ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. വീടിനകത്ത് തങ്ങളുടെ ചെലവില്‍ കഴിയുന്ന അമ്മയുടെ, പെങ്ങളുടെ, ഭാര്യയുടെ മേല്‍ അത് നിരന്തരം പ്രയോഗിച്ചു കൊണ്ടിരിക്കുന്നു.

പുഞ്ചിരി കൊണ്ടോ സ്‌നേഹസല്ലാപം കൊണ്ടോ അടുപ്പം ഉണ്ടായിപ്പോയാല്‍ വിധേയത്വം ഇല്ലാതായിപ്പോകുമെന്ന് ഭയന്ന് കടുത്ത മുഖത്തോടെ രൂക്ഷമായ നോട്ടങ്ങളോടെ ആരെയും അടുപ്പിക്കാതെ തങ്ങളുടെ സങ്കല്‍പ ലോകത്തെ പ്രജാപതിമാരായി വാഴുന്നു. ഇത്തരം സിനിമകളിലൂടെയെങ്കിലും തിരിച്ചറിവുണ്ടാകട്ടെ.

‘ജയജയജയ ജയഹേ’ കുട്ടിക്കാല സ്‌കൂള്‍ ഓര്‍മ്മകളില്‍ സ്വാതന്ത്ര്യത്തിലേക്ക് തുറന്നുവിടാനുള്ള
മണിമുഴക്കത്തിനു മുമ്പുള്ള പ്രഖ്യാപനം കൂടിയാണല്ലോ.

നജീബ് മൂടാടി

We use cookies to give you the best possible experience. Learn more