പൃഥ്വിരാജ്, ബേസില്‍, അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളിലെത്തുന്ന ഗുരുവായൂരമ്പല നടയില്‍ റിലീസിനൊരുങ്ങുകയാണ്. ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.
ബേസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ വിപിന്‍ദാസ് ആണ് ഗുരുവായൂരമ്പല നടയില്‍ സംവിധാനം ചെയ്യുന്നത്.
പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ചിത്രത്തെ കുറിച്ചും സംവിധായകന്‍ വിനീത് ശ്രീനിവാസനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍. താന്‍ വലിയ സമ്മര്‍ദ്ദത്തില്‍ ഇരിക്കുന്ന ഒരു സമയത്ത് വിനീത് വിളിച്ച് തന്നോട് പറഞ്ഞ ചില നല്ല വാക്കുകളെ കുറിച്ചാണ് ബേസില്‍ സംസാരിക്കുന്നത്.
‘ ഒരു ദിവസം എന്തൊക്കെയോ പ്രശ്‌നങ്ങള്‍ക്കിടയില്‍ ഞാന്‍ ആകെ പ്രാന്തായി നില്‍ക്കുകയാണ്. ആ സമയത്ത് വിനീതേട്ടന്‍ എന്നെ ഫോണില്‍ വിളിച്ചു. എടാ നീ ഓക്കെയാണോ എന്നായിരുന്നു പുള്ളി ആദ്യം ചോദിച്ചത്. സാധാരണ വരുന്ന കോളുകളില്‍ ഡേറ്റുണ്ടോ, ഇല്ലേ എന്നൊക്കെയുള്ള കാര്യങ്ങളാണല്ലോ ചോദിക്കുക.
അപ്പോള്‍ ആദ്യമായിട്ട് ഒരാള്‍ വിളിച്ചിട്ട്, എടാ ഓക്കെ അല്ല എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഭയങ്കര സര്‍പ്രപൈസിങ് ആയി. ഈ കാര്യം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അന്ന് അദ്ദേഹം പറഞ്ഞത് എല്ലാവര്‍ക്കും പൃഥ്വിരാജ് ആവാന്‍ പറ്റില്ലല്ലോ അതുകൊണ്ടാണ് ഞാന്‍ അവന്റെ അടുത്ത് ഓക്കെ ആണോ എന്ന് ചോദിച്ചത് എന്നായിരുന്നു,’ ബേസില്‍ പറഞ്ഞു.
പൃഥ്വിരാജിനോട് എങ്ങനെ പോയി സംസാരിക്കുമെന്ന ടെന്‍ഷനൊക്കെയുണ്ടായിരുന്നെന്നും ആദ്യ ദിവസങ്ങളിലൊക്കെ അദ്ദേഹത്തിന്റെ അടുത്തുപോകാതെ മാറിനില്‍ക്കാറായിരുന്നു പതിവെന്നും ബേസില്‍ പറഞ്ഞു.
‘വിമാനം സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ ആദ്യമായി രാജുവേട്ടനെ കണ്ടത്. അന്ന് ഒരു സെല്‍ഫി എടുത്തു എന്നല്ലാതെ അദ്ദേഹവുമായി എനിക്ക് വേറെ പരിചയമൊന്നുമില്ല. ആദ്യമൊക്കെ അദ്ദേഹത്തോട് സംസാരിക്കാന്‍ ഒരു പേടിയുണ്ടായിരുന്നു. അദ്ദേഹത്തോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു എനിക്ക്.
ഞാന്‍ ഭയങ്കര ഫാനാണ്. സിനിമയിലും ഇന്റര്‍വ്യൂവിലും കാണുന്ന രാജുവേട്ടന്‍ നമ്മുടെ മുന്‍പില്‍ നില്‍ക്കുകയാണ്. ആദ്യമൊന്നും ഒന്നും മിണ്ടിയില്ല. പിന്നെ നമ്മള്‍ ഒരേ വൈബാണെന്ന് മനസിലായി. തമാശയൊക്കെ പറയാന്‍ തുടങ്ങി.
ഞാന്‍ കുറേ കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. ടിപ്പ് ചോദിക്കല്‍ തന്നെയായിരുന്നു പരിപാടി(ചിരി). എങ്ങനെയാണ് ഇതൊക്കെ ഒരുമിച്ച് മാനേജ് ചെയ്ത് കൊണ്ടുപോകുന്നത് എന്ന് അറിയണമായിരുന്നു. അതിനെ കുറിച്ചൊക്കെ ചോദിച്ചിരുന്നു.
സിനിമ മാത്രം ആലോചിച്ച് ജീവിക്കുന്ന ആളാണ് അദ്ദേഹം. മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് അദ്ദേഹത്തെ നമ്മള്‍ കാണുന്നത്. സിനിമയെ കുറിച്ച് ഒരുപാട് സ്വപ്നമുള്ള ആളാണ്. അതുകൊണ്ട് തന്നെ ഇതൊക്കെ മാനേജ് ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയാന്‍ ആകാംക്ഷ ഉണ്ടായിരുന്നു.
പഴയ സിനിമകളിലെ തമാശകളും കഥകളും കേട്ടു. ഫിലിമിലും ഡിജിറ്റലിലും വര്‍ക്ക് ചെയ്ത് പരിചയമുള്ള ആളാണ് അദ്ദേഹം. ഒരുപാട് സംവിധായകര്‍ക്കൊപ്പവും നടന്മാര്‍ക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ഹിന്ദിയിലും തെലുങ്കിലുമൊക്കെ അഭിനയിച്ചതന്റെ എക്‌സ്പീരിയന്‍സ് അദ്ദേഹത്തിന് പങ്കുവെക്കാന്‍ കഴിയുമല്ലോ. അത്തരത്തില്‍ ഓരോ ഭാഷയിലെ കാര്യങ്ങളും ഞാന്‍ ചോദിക്കുമായിരുന്നു. പ്രശാന്ത് നീല്‍ എങ്ങനെയാണ്, മറ്റേ പുള്ളി എങ്ങനെയാണ് എന്നൊക്കെയാണ് എന്റെ ചോദ്യങ്ങള്‍ (ചിരി)’, ബേസില്‍ പറഞ്ഞു.
Content Highlight: Basil about Prithviraj and Vineeth Sreenivasan