ഖാര്‍ത്തൂം: മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ ഇന്നലെ സൈന്യം അധികാരത്തില്‍ നിന്ന് നീക്കിയത്. എന്നാല്‍ ബഷീറിനെ പുറത്താക്കിയിട്ടും വിപ്ലവം അന്തിമ വിജയം കണ്ടു എന്ന് സുഡാനിലെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. ബഷീറിനെ പുറത്താക്കി രണ്ടു വര്‍ഷം രാജ്യത്തെ ഭരണം ഏറ്റെടുത്ത സൈന്യത്തിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സുഡാനിലെ ജനങ്ങള്‍.
സൈന്യവും ബഷീര്‍ ഭരണകൂടത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി ജനങ്ങള്‍ സൈനിക കാര്യാലയത്തിനു മുന്നില്‍ പ്രതിഷേധം തുടരുകയാണെന്ന് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു.
ബഷീറിനെ പുറത്താക്കിയതിന് പിന്നാലെ സൈന്യം രാജ്യത്ത് മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അടുത്ത രണ്ട് വര്‍ഷം രാജ്യം സൈന്യത്തിന് കീഴിലായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സുഡാന്‍ ഭരണഘടന നിര്‍ജീവമാവുകയും, അതിര്‍ത്തികള്‍ അടച്ചൂ പൂട്ടുകയും ചെയ്തു.
മോഷ്ടാവിന് പകരം മറ്റൊരു മോഷ്ടാവ് എന്നാണ് സൈനിക നടപടിക്കെതിരെ സുഡാനിലെ ജനങ്ങള്‍ പ്രതികരിച്ചത്. സൈന്യത്തിന്റെ നടപടി കൊണ്ട് കാര്യങ്ങള്‍ പഴയ രീതിയില്‍ തന്നെ ചെന്നവസാനിക്കുമെന്നും, സൈന്യം മുഖം മാറ്റുക മാത്രമാണ് നിലപാടുകള്‍ മാറ്റുന്നില്ലെന്നും സുഡാനീസ് പ്രഫഷനല്‍ അസോസിയേഷന്‍ വക്താവ് സാറാ അബ്ദെഗലീല്‍ പറഞ്ഞതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റു വാറന്റ് പ്രകാരമാണ് ബഷീറിനെ സൈന്യം അറസ്റ്റു ചെയ്തത്. യുദ്ധ കുറ്റങ്ങളും, സുഡാനില്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുമാണ് ബഷീറിനെതിരെ ചുമത്തിയ കുറ്റങ്ങള്‍. ബഷീറിനെ അറസ്റ്റു ചെയ്തു നീക്കിയ വിവരം സുഡാന്‍ പ്രതിരോധ മന്ത്രി അവാദ് ഇബ്ന്‍ ഔഫ് ആണ് ജനങ്ങളെ അറിയിച്ചത്.
ബഷീറിന് കീഴില്‍ മോശം ഭരണവും, അഴിമതിയും, നീതിയുടെ അസാന്നിധ്യവും രാജ്യത്ത് അനുഭവപ്പെട്ടതായി അദ്ദേഹം അറിയിച്ചു. പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന ആക്രമണങ്ങള്‍ക്കും, കൊലകള്‍ക്കും അവാദ് ജനങ്ങളോട് മാപ്പു ചോദിക്കുകയും ചെയ്തു. ബഷീറിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയെന്നറിയിച്ച് പ്രതിരോധ മന്ത്രി പക്ഷെ സ്ഥലം വ്യക്തമാക്കാന്‍ തയ്യാറായില്ല.
ബഷീറിന്റെ അടുത്ത അനുയായി കൂടിയാണ് അവാദ്. മുന്‍ സൈനികന്‍ കൂടിയായ ബഷീര്‍ 1983ലാണ് പട്ടാള അട്ടിമറിയിലൂടെ സുഡാനിലെ ഭരണം പിടിച്ചടക്കുന്നത്.