ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡിന്റെ പേര് മാറ്റിയിരിക്കുകയാണ്. പേര് മാറ്റങ്ങളുടെ പരമ്പരയില്‍ മറ്റൊന്ന് കൂടി.
രാജ്യത്തുടനീളമുള്ള ജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പെരുമാറ്റമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ഇപ്പോഴത്തെ പ്രധാന വിഷയം ഖേല്‍ രത്‌നയുടെ പേര് മാറ്റമാണല്ലോ.
പ്രശസ്ത ഹോക്കിതാരം ധ്യാന്‍ ചന്ദിന്റെ പേരിലേക്കാണ് ഖേല്‍ രത്‌ന പുരസ്‌കാരം മാറ്റിയിരിക്കുന്നത്. ധ്യാന്‍ ചന്ദ് ആദരവ് അര്‍ഹിക്കുന്ന ഒരു ഇതിഹാസ താരമാണ് എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ പേരില്‍ അവാര്‍ഡുകളോ പുരസ്‌കാരങ്ങളോ ഉണ്ടാവുന്നത് നല്ലത് തന്നെ. എന്നാല്‍ രാജീവ് ഗാന്ധിയുടെ പേരിലുള്ള ഒരു പുരസ്‌കാരം എടുത്ത് കളയുന്നതില്‍ കൃത്യമായ ഫാസിസ്റ്റ് രാഷ്ട്രീയമുണ്ട്.
നെഹ്റു കുടുംബത്തിന്റെ ഒരു സ്മരണയും ഇന്ത്യയില്‍ ബാക്കിയാക്കരുതെന്ന രാഷ്ട്രീയമാണ് സംഘപരിവാരം നടത്തുന്നത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസ്സിന് ഗോള്‍വാള്‍ക്കാരുടെ പേര് നല്‍കിയിരുന്നു. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര്(JNU) സ്വാമി വിവേകാനന്ദ യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന് സംഘപരിവാരം ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
അതുപോലെ നിരവധി സ്ഥാപനങ്ങളുടെ, നഗരങ്ങളുടെ, എയര്‍പോര്‍ട്ടുകളുടെ പേരുകളൊക്കെ ഒന്നിന് പിറകെ ഒന്നായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ‘രാജ്യത്തുടനീളമുള്ള ജനങ്ങളുടെ അഭ്യര്‍ത്ഥന’ എന്ന് താടിക്കാരന്‍ പറയുന്നത് സംഘപരിവാരങ്ങളുടെ അഭ്യര്‍ത്ഥനയാണ്.
ഇന്ത്യയുടെ മതേതര സാംസ്‌കാരിക അസ്ഥിവാരം പടുത്തുയര്‍ത്തിയ നേതാവാണ് നെഹ്റു. രാജ്യത്തെ ശാസ്ത്ര സാങ്കേതിക ഐ.ടി. വികസനത്തിന് വലിയ സംഭാവനകള്‍ അര്‍പ്പിച്ച നേതാവാണ് രാജീവ് ഗാന്ധി. തീവ്രവാദി ചാവേറുകളുടെ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ നേതാവ്. അവരുടെയൊക്കെ സ്മരണകളേയും ചരിത്രത്തേയും ഇല്ലാതാക്കി ഒരു സംഘപരിവാര ചരിത്ര പുനര്‍നിര്‍മ്മിതിയുടെ പാതയിലേക്കാണ് രാജ്യത്തെ ഈ വിവരദോഷികള്‍ കൊണ്ട് പോകുന്നത്. വെറുമൊരു പേര് മാറ്റത്തിനപ്പുറമുള്ള രാഷ്ട്രീയം അതിന് പിന്നിലുണ്ട്.
സംഘപരിവാരം ഭൂമിക്കടിയിലേക്ക് ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ ചരിത്രത്തേയും ആ ചരിത്രത്തിന്റെ ഭാഗമായ നേതാക്കളേയും വീണ്ടും വീണ്ടും ഓര്‍ക്കുകയെന്നതും തലമുറകളില്‍ അവ നിലനിര്‍ത്തുകയെന്നതും സംഘപരിവാര രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ്. ആ നേതാക്കളോട് രാഷ്ട്രീയ വിയോജിപ്പുകള്‍ ഉള്ളവരുണ്ടാകാം. ആ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ആ ചരിത്രത്തെ തമസ്‌കരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Basheer Vallikkunnu writes on Renaming Khel Ratna award