| Saturday, 3rd June 2023, 3:43 pm

തള്ള് ഡ്രാമയ്ക്കപ്പുറം ഒരു അജണ്ടയില്ലല്ലോ, സുരക്ഷയെ കുറിച്ചൊക്കെ നോക്കാന്‍ ആര്‍ക്കെവിടെ സമയം

ബഷീര്‍ വള്ളിക്കുന്ന്

മൂന്ന് വണ്ടികള്‍ കൂട്ടിമുട്ടുക എന്നത് അത്യധികം ആശ്ചര്യകരമായ കാര്യമാണ്. കമ്മ്യൂണിക്കേഷന്‍ ടെക്ക്‌നോളജി ഇത്രയധികം പുരോഗമിച്ച ഒരു കാലത്താണ് നാം ജീവിക്കുന്നത്.

ഒരു ട്രെയിന്‍ പാളം തെറ്റിയാല്‍ ആ നിമിഷം അതറിയാന്‍ സാധിക്കും.

ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആ വിവരം ആ വഴി കടന്നുപോകുന്ന ട്രെയിനുകളില്‍ അറിയിക്കാന്‍ പറ്റും. മറ്റൊരു സാങ്കേതിക സംവിധാനവും വര്‍ക്ക് ചെയ്തില്ലെങ്കില്‍ പോലും ഏറ്റവും ചുരുങ്ങിയത് ഒരു മൊബൈല്‍ കോളിലൂടെയെങ്കിലും ലോക്കോ പൈലറ്റിനെ വിവരം അറിയിക്കാന്‍ പറ്റും. അങ്ങിനെ അറിയിച്ചിരുന്നുവെങ്കില്‍ ഈ മഹാദുരന്തം ഒഴിവാകുമായിരുന്നു.

സുരക്ഷാ സംവിധാനത്തിലെ പ്രാഥമികമായ കാര്യം പോലും നടന്നില്ല എന്നാണ് ഇപ്പോള്‍ പറയാവുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതിനനുസരിച്ച് സുരക്ഷാ വീഴ്ചയുടെ കൂടുതല്‍ തലങ്ങള്‍ അറിയാന്‍ പറ്റും.

തീവണ്ടികള്‍ കൂട്ടി മുട്ടുന്നത് തടയാനുള്ള Train Collision Avoidance System (TCAS)’ system ഇന്ത്യയില്‍ റയില്‍വേ ട്രാക്കുകളുടെ രണ്ട് ശതമാനം ഭാഗത്തേ ഉള്ളുവെന്ന് ഒരിടത്ത് വായിച്ചു. മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് തുടങ്ങി വെച്ച ആ സംവിധാനം ഒരു പുരോഗതിയുമില്ലാതെ അതേ അവസ്ഥയില്‍ നില്ക്കുകയാണത്രെ ഇപ്പോഴും.

ഇതൊക്കെ നോക്കാന്‍ ആര്‍ക്കെവിടെ സമയം?. സ്പീഡ് ട്രെയിനുകള്‍ വാങ്ങി വന്ദേ ഭാരത് എന്ന് പേരിട്ട് അതാഘോഷമാക്കി പച്ചക്കൊടി പാറിച്ച് മാധ്യമ ഫാന്‍സിനെക്കൊണ്ട് തള്ള് ഡ്രാമ നടത്തുക എന്നതിലപ്പുറമുളള ഒരു അജണ്ടയും ഇല്ലല്ലോ.

സ്പീഡ് ട്രെയിനുകള്‍ക്ക് കടന്ന് പോകാനുളള പുതിയ ട്രാക്കുകളെക്കുറിച്ച് ഏതെങ്കിലും സംസ്ഥാനം ആലോചിച്ചാല്‍, അത് മുടക്കാനുള്ള രാഷ്ട്രീയ കുരുട്ട് ബുദ്ധി മാത്രമാണ് തലക്കകത്തുള്ളത്.

ഇപ്പോള്‍ രാജാവ് അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടത്രെ. ഇനി ഡ്രാമകളുടെ വരവാണ്. കണ്ണീര് വീഴ്ത്തും, മൂക്ക് പിഴിയും. ടവ്വലെടുത്ത് തുടക്കും. പരമാവധി ഡ്രാമ കാണിച്ച് നാല് ഡയലോഗടിച്ച് മടങ്ങും. അതോടെ രാജാവിന്റെ മനുഷ്യ സ്‌നേഹവും കരുണയും വാഴ്ത്തിപ്പാടി അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് നൈസായിട്ട് ഒഴിവാക്കിക്കൊടുക്കും മുട്ടിലിഴയുന്ന ഫോര്‍ത്ത് എസ്റ്റേറ്റ്.

വിദ്വേഷ രാഷ്ട്രീയത്തിന് കീഴടങ്ങിയ ഒരു ജനതയെന്ന നിലക്ക് ഇതൊക്കെത്തന്നെയാണ് നമ്മള്‍ അര്‍ഹിക്കുന്നത്.  ഇതിലപ്പുറമൊന്നും അര്‍ഹിക്കുന്നില്ല.

content highlights: Basheer Vallikkunnu writes about the train accident in Odisha

ബഷീര്‍ വള്ളിക്കുന്ന്

Latest Stories

We use cookies to give you the best possible experience. Learn more