| Wednesday, 3rd January 2024, 2:24 pm

അയോധ്യയിലെ ചാഞ്ചാട്ടം കോണ്‍ഗ്രസിന്റെ അന്ത്യത്തിലേക്കുള്ള ചുവടുവെപ്പ്

ബഷീര്‍ വള്ളിക്കുന്ന്

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ്സ് പങ്കെടുക്കുമോ ഇല്ലയോ എന്നത് വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ക്ഷണം ലഭിച്ചിട്ടുണ്ട്, പങ്കെടുക്കണമോ വേണ്ടയോ എന്നതില്‍ അവര്‍ തീരുമാനത്തില്‍ എത്തിയിട്ടില്ല എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. കൃത്യമായ ഒരു തീരുമാനമെടുക്കാന്‍ ആശങ്കിച്ചു നില്‍ക്കേണ്ട ഒന്നാണോ ഈ വിഷയം?.

ഇന്ത്യയുടെ മതേതര ചട്ടക്കൂടിനെ തകര്‍ക്കുകയും ഇന്ന് കാണുന്ന രൂപത്തിലേക്ക് ധ്രുവീകരണ രാഷ്ട്രീയത്തെ കൊണ്ട് പോവുകയും ചെയ്തത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഒന്നാണ് ബാബരി മസ്ജിദ് വിഷയം. അത് തകര്‍ത്ത് കൊണ്ട് തുടങ്ങിയ ജൈത്രയാത്രയാണ് ബി ജെ പിയുടെത്.

അന്ന് തകര്‍ന്നത് മസ്ജിദായിരുന്നില്ല, ഇന്ത്യയുടെ മതേതര പൈതൃകമായിരുന്നു. നാം തലയുയര്‍ത്തിപ്പിടിച്ച നമ്മുടെ പാരമ്പര്യമായിരുന്നു.

നരസിംഹ റാവുവെന്ന പ്രാധാനമന്ത്രി ഒരു നോക്കുകുത്തിയായി നിന്ന് ഒരു പാര്‍ട്ടിയുടേയും ആ പാര്‍ട്ടി നയിച്ച ആള്‍ക്കൂട്ടത്തിന്റെയും ഭ്രമാത്മക ആസുരതക്ക് ഭരണകൂടത്തിന്റെ മൗനാനുവാദം നല്‍കിയ ദിനം. ആ പള്ളി തകര്‍ത്തിടത്ത് ഉയരുന്ന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ്സ് പങ്കെടുക്കുമ്പോള്‍ ഗാന്ധിയുടേയും നെഹ്റുവിന്റെയും പാരമ്പര്യത്തില്‍ നിന്ന് നരസിംഹ റാവുവെന്ന പാതി സംഘിയുടെ പാരമ്പര്യത്തിലേക്ക് പരിപൂര്‍ണ്ണമായി കോണ്‍ഗ്രസ്സ് ലയിക്കപ്പെടും. അതാ പാര്‍ട്ടിയുടെ ജീവന്‍ തന്നെ ഇല്ലാതാക്കും.

ആ ചടങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ ബി.ജെ.പി അത് പ്രചാരണായുധമാക്കുമെന്നാണ് കോണ്‍ഗ്രസ്സ് ഭയപ്പെടുന്നതത്രെ. പങ്കെടുത്താല്‍ അവര്‍ അത് അതിനേക്കാള്‍ വലിയ പ്രചാരണായുധമാക്കുമെന്നതാണ് സത്യം. ബിജെപി മുന്നോട്ട് വെച്ച ഹിന്ദുത്വയിലേക്ക് കോണ്‍ഗ്രസ്സും എത്തിച്ചേര്‍ന്നു എന്ന വീരവാദവും പരിഹാസവുമായിരിക്കും നേരിടാന്‍ പോകുന്നത്. ഒരു മറുവാക്കില്ലാത്ത വിധം, ഒരു മറുശബ്ദം ഉയരാത്ത വിധം രാജ്യം അതിന് കീഴടങ്ങിയെന്ന പ്രതീതിയാണുണ്ടാവുക. സമ്പൂര്‍ണ്ണ വിജയായിയായി മോദി അതിന്റെ മുഴുവന്‍ ഫലവും കൊയ്‌തെടുക്കും. കോണ്‍ഗ്രസ്സ് ഇപ്പോഴുള്ളതിനേക്കാള്‍ ദുര്‍ബലമാകും.

ആ ചടങ്ങ് കോണ്‍ഗ്രസ്സ് ബഹിഷ്‌കരിച്ചാല്‍ രാജ്യത്തെ ഹൈന്ദവ ജനത കോണ്‍ഗ്രസ്സിനെതിരെ തിരിയുമെന്ന് കരുതുന്നത് ആ മതസമൂഹത്തെ അങ്ങേയറ്റം അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നതിന് തുല്യമാണ്. ഒരു പള്ളി തകര്‍ത്ത് അവിടെ അമ്പലം പണിതാല്‍ ഇന്ത്യയിലെ മുഴുവന്‍ ഹൈന്ദവ വിശ്വാസികളും അതില്‍ ആനന്ദം കൊള്ളുമെന്ന് കരുതുന്നത് ആ സമൂഹത്തിന്റെ മതേതര പാരമ്പര്യത്തേയും അവര്‍ പതിറ്റാണ്ടുകളായി ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വര സംസ്‌കൃതിയേയും ഇകഴ്ത്തലാണ്, അങ്ങേയറ്റം അവമതിക്കലാണ്.

കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി അധികാരത്തിലെത്തിയത് നാല്പത് ശതമാനത്തില്‍ താഴെ മാത്രം വോട്ട് വാങ്ങിയാണ്. രണ്ടായിരത്തി പതിനാലില്‍ 31 ശതമാനം, രണ്ടായിരത്തി പത്തൊമ്പതില്‍ 37 ശതമാനം. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനത അവര്‍ക്കെതിരായാണ് വോട്ട് ചെയ്തത്. പക്ഷേ പ്രതിപക്ഷ നിര പരസ്പരം പൊരുതി അവര്‍ക്കവസരം താലത്തില്‍ വെച്ച് നല്‍കി. അത് തന്നെയാണ് ഇനിയും ആവര്‍ത്തിക്കാന്‍ പോകുന്നത്.

ഇന്ത്യന്‍ ജനത തീവ്ര ഹിന്ദുത്വയിലേക്ക് പോയതല്ല പ്രശ്‌നം, അത്തരം ആശയധാരയിലേക്ക് രാജ്യത്തെ ജനങ്ങളെ ബ്രെയിന്‍ വാഷ് ചെയ്ത് കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍, ഒരുമിച്ച് നിന്ന് അതിനെ സധൈര്യം നേരിടേണ്ടതിന് പകരം, ഒരു ബഹുസ്വര സംസ്‌കാരത്തിന്റെ പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടി അതിനെ കൗണ്ടര്‍ ചെയ്യേണ്ടതിന് പകരം ഭയപ്പെട്ട് നിലപാടുകളില്‍ നിന്ന് പിന്തിരിഞ്ഞു ഓടുന്നതാണ് പ്രശ്‌നം.

കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിലെ കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസ്സിന്റെ ഒരു ഗോള്‍ഡന്‍ വിജയമായിരുന്നു, സംഘപരിവാരത്തോടും അവരുടെ ഐഡിയോജിയോളും നേര്‍ക്കുനേര്‍ പൊരുതിയാണ് കോണ്‍ഗ്രസ്സ് അവിടെ ജയിച്ചത്. അവിടെയുള്ള ഹൈന്ദവ സമൂഹം മുഴുവന്‍ സംഘപരിവാരത്തിന്റെ പാളയത്തിലാണെന്ന് ഭയപ്പെട്ട് നിലപാടുകളില്‍ അഴകൊഴമ്പന്‍ സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ ബി.ജെ.പി അവിടെ ജയിച്ചു കയറുമായിരുന്നു.

ഒരേ ആശയത്തിന്റെ അടിത്തറയില്‍ എ ടീമും ബി ടീമും ഉണ്ടാകുമ്പോള്‍ ബി ടീമിനെ തെരഞ്ഞെടുക്കാന്‍ മാത്രം വിഡ്ഢികളാകില്ല ഒരു ജനതയും.

കോണ്‍ഗ്രസ്സ് മതേതര രാഷ്ട്രീയം ഉറക്കെ പറഞ്ഞു പൊരുതിയപ്പോള്‍ അതിന്റെ റിസള്‍ട്ട് ഉണ്ടായി. അതേസമയം രാജസ്ഥാനിലും മധ്യപ്രദേശിലും ഞങ്ങളാണ് രാമക്ഷേത്ര നിര്‍മ്മാണം സാധ്യമാക്കിയത് എന്ന ലൈനില്‍ ബി.ജെ.പിയുടെ ബി ടീം ആകാന്‍ ശ്രമിച്ചപ്പോള്‍ ജനങ്ങള്‍ പുറംകാല് കൊണ്ട് അടിച്ചോടിച്ചു.

ഏത് പക്ഷത്ത് നില്‍ക്കണമെന്നത് ക്രിസ്റ്റല്‍ ക്ലിയറായ ഒരു വിഷയത്തില്‍ പോലും തീരുമാനമെടുക്കാന്‍ കഴിയാതെ ആ പാര്‍ട്ടി ചാഞ്ചാടുന്നത് കാണുമ്പോള്‍ വിഷമമുണ്ട്, ഹൃദയ വേദനയുണ്ട്, കാരണം നിലപാടുകളിലും സമീപനങ്ങളിലും ഉറച്ച് നിന്ന് പൊരുതിയാല്‍ ബി.ജെ.പിക്ക് ബദലാകാന്‍ കെല്പുള്ള ഒരേയൊരു പ്രതിപക്ഷ പാര്‍ട്ടിയാണത്. അവരാണ് ക്ഷണം ലഭിച്ചിട്ടിട്ടുണ്ട്, പോകണമോ വേണ്ടയോ എന്നത് തീരുമാനിച്ചിട്ടില്ല എന്ന് പറയുന്നത്.

ഒരു കാര്യം മാത്രം പറയുന്നു, കോണ്‍ഗ്രസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടത് സംഘപരിവാരത്തിന്റെ മുദ്രാവാക്യമല്ല, നരസിംഹറാവുവിന്റെ ലെഗസിയല്ല. ഗാന്ധിയുടേയും നെഹ്രുവിന്റേയും അബുല്‍ കലാം ആസാദിന്റെയും ലെഗസിയാണ്. ഇന്ത്യയെ ഇന്ത്യയാക്കിയ ആ ലെഗസിയില്‍ നിന്ന്, ആ നിലപാടില്‍ നിന്ന് പിറകോട്ട് പോകുന്ന ഓരോ സ്റ്റെപ്പും ആ പാര്‍ട്ടിയുടെ അന്ത്യത്തിലേക്കുള്ളതാണ്.

content highlights:Basheer vallikkunnu writes about the Congress stand on the Ayodhya issue

ബഷീര്‍ വള്ളിക്കുന്ന്

We use cookies to give you the best possible experience. Learn more