ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്ന വാര്‍ത്ത കാണുമ്പോള്‍ ദുഃഖവും കടുത്ത നിരാശയും തോന്നുന്നുണ്ട്.
ജനാധിപത്യത്തില്‍ ജനങ്ങളാണ് വിധികര്‍ത്താക്കള്‍. പക്ഷേ ജനങ്ങളുടെ വിധിയെ പണം കൊണ്ടും അധികാരം കൊണ്ടും വിലക്കെടുക്കുകയാണ്. എത്രയെത്ര സംസ്ഥാനങ്ങളില്‍ നാം ഈ കാഴ്ച കാണുന്നു.
ജനങ്ങള്‍ മാന്‍ഡേറ്റ് നല്കിയ ഒരു ആശയത്തിന്റെ നേരെ എതിര്‍ചേരിയിലേക്ക്, അവര്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍, പണത്തിനും അധികാരത്തിനും വേണ്ടി കൂറ് മാറുമ്പോള്‍ സംഭവിക്കുന്നത് ഒരു ആശയത്തിന്റേയും രാഷ്ട്രീയ ബോധ്യത്തിന്റേയും അടിസ്ഥാനത്തില്‍ വോട്ട് ചെയ്ത സാധാരണ മനുഷ്യന്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോവുന്നു എന്നതാണ്.
ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പരിഹസിക്കാനോ ചിരിക്കാനോ തോന്നുന്നില്ല. ജനാധിപത്യവ്യവസ്ഥ ഇവ്വിധം അടിമേല്‍ മറിക്കപ്പെടുന്നത് കാണുമ്പോഴുള്ള ഒരു മരവിപ്പ് മാത്രമേയുള്ളൂ..
രണ്ട് പരിഹാരങ്ങളേയുള്ളൂ..
ഒന്ന്,
താഴേത്തട്ടില്‍ നിന്ന് പാര്‍ട്ടിക്ക് വേണ്ടി കൊടി പിടിച്ചും ചുവരെഴുതിയും മുദ്രാവാക്യം വിളിച്ചും വളര്‍ന്നുവരുന്ന ജനകീയ പ്രവര്‍ത്തകരെ അവഗണിച്ച് മുകളില്‍ നിന്ന് മറ്റ് പരിഗണനകളാല്‍ സ്ഥാനാര്‍ത്ഥികളെ കെട്ടിയെടുക്കാതിരിക്കുക. അന്നന്ന് കാണുന്നവനെ അപ്പനെന്ന് വിളിക്കുന്ന അവസരവാദികള്‍ക്ക് പാര്‍ട്ടി ടിക്കറ്റുകള്‍ നല്‍കാതിരിക്കുക.
രണ്ട് ,
വോട്ട് ചെയ്ത ജനങ്ങളെ ഇത്ര പരസ്യമായി വഞ്ചിച്ച് തിരിച്ചു വരുമ്പോള്‍, വോട്ട് ചെയ്ത അതേ ജനങ്ങള്‍ വഞ്ചകനെ തെരുവില്‍ പ്രതിരോധിക്കുന്ന അവസ്ഥ ജനിക്കുക.
ജനാധിപത്യ വ്യവസ്ഥയുടെ ലജ്ജാകരമായ വില്‍പനകള്‍ അവസാനിക്കുവാന്‍ മറ്റ് കുറുക്കുവഴികളില്ല.
CONTENT HIGHLIGHTS: Basheer Vallikkunnu writer up about Two solutions to prevent Congress representatives from going to BJP