ബിക്കിനിയുടെ നിറം നോക്കുന്ന രാഷ്ട്രീയ കാലത്ത് ഷാരൂഖ് കാണിച്ച ധൈര്യമാണ് ജവാന്‍
ഷാരൂഖിനെ അഭിനന്ദിച്ചേ തീരൂ… ഈ കാലത്ത് ഇതുപോലൊരു പടം എടുക്കാനുള്ള ധൈര്യം കാണിച്ചതിന്.
അടി, ഇടി, പാട്ട് നിറഞ്ഞുനില്‍ക്കുന്ന ഒരു പക്കാ എന്റര്‍ടൈനര്‍ എന്നതല്ല, തൊട്ടാല്‍ പൊള്ളുന്ന ചില വിഷയങ്ങള്‍ അതീവ ധൈര്യപൂര്‍വം അവതരിപ്പിച്ചു എന്നതാണ് ജവാനെ വേറിട്ട് നിര്‍ത്തുന്നത്. ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത് ഡോ. കഫീല്‍ ഖാനിലൂടെ വിവാദമായ ഓക്‌സിജന്‍ ഷോര്‍ട്ടേജിന്റെ വിഷയമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഖം തിരിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ വേണ്ടി മുന്നിട്ടിറങ്ങിയ ഒരു ഡോക്ടറെ ജയിലഴിക്കുള്ളിലാക്കിയ സംഭവം അതിന്റെ മുഴുവന്‍ വൈകാരികതയും ചോര്‍ന്ന് പോകാതെ ജവാന്‍ അവതരിപ്പിച്ചു.
സര്‍ക്കാര്‍ ആശുപത്രിയുടെ ദുരവസ്ഥ. ഓക്‌സിജന്‍ സപ്ലൈക്ക് വേണ്ടി അധികൃതരെ നിരന്തരം സമീപിക്കുന്ന ഡോക്ടര്‍. കുട്ടികളുടെ മരണം മുന്നില്‍ കാണുമ്പോള്‍ സ്വന്തം നിലയില്‍ ഓക്‌സിജന്‍ എത്തിക്കുവാനുള്ള ഡോക്ടറുടെ ശ്രമം. അവസാനം കുട്ടികളുടെ മരണത്തിന്റെ സകല ഉത്തരവാദിത്വങ്ങളും ഡോക്ടറില്‍ ചുമത്തി കള്ളക്കേസിലൂടെ ജയിലിലടക്കുന്നത്. കഫീല്‍ ഖാന്‍ സ്‌ക്രീനില്‍ നേരിട്ട് വന്നില്ല എന്നേയുള്ളൂ, പക്ഷേ ആ സംഭവ പരമ്പരകളിലെ ഓരോ ദൃശ്യങ്ങളും ഒട്ടും മയപ്പെടുത്താതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
കര്‍ഷക ആത്മഹത്യ, ആയുധ ഇടപാടുകളിലെ അഴിമതി, ഇ.വി.എം, ചങ്ങാത്ത മുതലാളിത്തം എന്നിങ്ങനെ വര്‍ത്തമാന ഇന്ത്യയുടെ ജീവത്പ്രശ്‌നങ്ങളുടെ രാഷ്ട്രീയവും സിനിമ കൃത്യമായി പറയുന്നുണ്ട്. നയന്‍താര, ദീപിക, പ്രിയാമണി തുടങ്ങി ജവാന്റെ പോരാട്ടങ്ങളില്‍, നായകന്റെ നിഴലിലല്ലാതെ, നായകനോടൊപ്പം കട്ടക്ക് കട്ടക്ക് നിന്ന പെണ്‍കരുത്തിന്റെ ആഘോഷവുമുണ്ട്.
‘ദേശദ്രോഹി’ വിളിയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഇത്ര പച്ചയായി പറയുന്ന മറ്റൊരു ചിത്രവും സമീപകാലത്ത് ഇറങ്ങിയിട്ടില്ല. ഈ രാജ്യത്തെ രക്ഷിക്കാന്‍ നിങ്ങളുടെ കൈവിരലുകളിലുള്ള വോട്ടവകാശം ബുദ്ധിപൂര്‍വം വിനിയോഗിച്ചാല്‍ മാത്രമേ സാധിക്കൂ എന്ന സന്ദേശം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
ഒരു ഷാരൂഖ് സിനിമയുടെ എല്ലാ എന്റെര്‍റ്റൈന്മെന്റുകളും നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഇത്രയൊക്കെ രാഷ്ട്രീയം ഈ സിനിമ പറയുന്നത്.
പാട്ട് സീനിലെ ബിക്കിനിയുടെ നിറം നോക്കി തിയേറ്റര്‍ തീ ഇടുന്ന ഒരു കാലത്ത് ഇതുപോലൊരു സിനിമയെടുക്കാന്‍ അപാര ധൈര്യം വേണം.
ഷാരൂഖ് ആ ധൈര്യം കാണിച്ചിരിക്കുന്നു. എ റിയല്‍ കിങ് ഖാന്‍.
Content Highlight: Basheer Vallikkunnu Write up about Jawan, Shah Rukh Khan