സ്വപ്നയേയും മാധ്യമങ്ങളേയും മുന്‍നിര്‍ത്തിയുള്ള സംഘപരിവാരത്തിന്റെ അജണ്ടകള്‍ കേരളത്തില്‍ കൃത്യമായി വിജയിച്ചുവരികയാണ്. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, ആ അജണ്ടകള്‍ക്ക് വേണ്ടി തെരുവില്‍ പണിയെടുക്കുന്നത് യു.ഡി.എഫ് പ്രവര്‍ത്തകരാണ്..
ഞാനൊരു ഹിന്ദു തീവ്രവാദിയാണെന്ന് സ്വയം പ്രഖ്യാപിച്ച ഒരു വക്കീല്‍ പറഞ്ഞുകൊടുക്കുന്ന അസംബന്ധങ്ങള്‍ ഒരു പാവ കണക്കെ സ്വപ്ന വിളിച്ചുപറയുന്നു. സംഘപരിവാരത്തിന് കേരളത്തില്‍ അഡ്രസ് ഉണ്ടാക്കിക്കൊടുക്കാന്‍ 24/7 പണിയെടുക്കുന്ന മാധ്യമങ്ങള്‍ അവ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേരള ജനതയിലേക്ക് എത്തിക്കുന്നു. മെഡിക്കല്‍ കോളേജിലെ രണ്ട് കുട്ടികള്‍ ഒരുമിച്ച് ഡാന്‍സ് കളിച്ചപ്പോള്‍ അതിലൊരാളുടെ മതം ഉയര്‍ത്തിക്കാട്ടി കേരളത്തില്‍ വിദ്വേഷപ്രചാരണത്തിന് നേതൃത്വം കൊടുത്ത ആളാണ് ഈ വക്കീല്‍. അത്രമാത്രം വര്‍ഗീയ വിഷം അയാളുടെ തലക്കകത്തൂടെ ഓടുന്നുണ്ട്. അയാളുടെ ബൈറ്റുകളും സ്വപ്നയുടെ ‘വെളിപ്പെടുത്തലു’കളുമാണ് മാധ്യമങ്ങളുടെ ഇപ്പോഴത്തെ സുവിശേഷങ്ങള്‍, അന്തിച്ചര്‍ച്ചകളുടെ ആക്രാന്ത വിഷയങ്ങള്‍.
സ്വര്‍ണക്കടത്തിന്റെ പിന്നിലുള്ള ഗൂഢസംഘം ഏതാണ്, ആ സ്വര്‍ണം ആരാണ് അയച്ചത്, ആര്‍ക്ക് വേണ്ടിയാണ് അയച്ചത്, ഏത് ജ്വല്ലറി ഗ്രൂപ്പാണ് അതിന് പിന്നിലുള്ളത് തുടങ്ങിയ മര്‍മപ്രധാനമായ ചോദ്യങ്ങളിലേക്കൊന്നും ഒരിക്കല്‍ പോലും ചര്‍ച്ചകള്‍ പോകാതെ, അവയുടെ പിന്നിലുള്ള സംഘപരിവാര്‍ കണക്ഷനുകള്‍ ഒട്ടും വെളിപ്പെടുത്താതെ ഖുര്‍ആനും കാരക്കയും ബിരിയാണിച്ചെമ്പും ചര്‍ച്ചയാക്കുന്ന ഒരു വിവാദ പരിസരമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്.
ആ പരിസരത്തിന് കൊഴുപ്പ് കൂട്ടാനാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഭൂമിയിലും ആകാശത്തും സമരം ചെയ്യുന്നത്. സംഘി വക്കീല്‍ ‘അംബുജാക്ഷന്‍ തിരക്കഥ’ രചിക്കുന്നു, യൂത്ത് കോണ്‍ഗ്രസുകാര്‍ ആ തിരക്കഥയില്‍ അഭിനയിച്ച് തെരുവില്‍ അടി കൊള്ളുന്നു.
ഈ വിഷയത്തില്‍ അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സികള്‍ക്ക് ഈ കള്ളക്കടത്തില്‍ സംഘപരിവാര കണക്ഷനുകള്‍ കൃത്യമായി ബോധ്യം വന്നത് കൊണ്ടാവണം അവര്‍ യു ടേണ്‍ അടിച്ച് തിരിച്ചുപോയത്. ഏതെങ്കിലും തരത്തില്‍ കേരള സര്‍ക്കാരിനേയും ഇവിടത്തെ രാഷ്ട്രീയകക്ഷികളേയും പ്രതിക്കൂട്ടിലാക്കാന്‍ പറ്റുന്ന ഒരു തരിമ്പെങ്കിലും അന്വേഷണത്തിലൂടെ അവര്‍ക്ക് ലഭിച്ചിരുന്നുവെങ്കില്‍ സംഘികള്‍ ദേശീയ തലത്തില്‍ അതൊരു പ്രചാരണ വിഷയമാക്കുമായിരുന്നു. കാരണം കേരളവും കേരളം ഉയര്‍ത്തുന്ന മതനിരപേക്ഷ പാരമ്പര്യവും അവര്‍ക്കൊരു ബാലികേറാ മലയാണ്. അവിടെ കാലുറപ്പിക്കാന്‍ പറ്റുന്ന ഒരവസരവും കേന്ദ്രസര്‍ക്കാറോ അവരെ നയിക്കുന്ന നാഗ്പൂര്‍ സംഘമോ വെറുതേ വിടില്ല.. സാമാന്യ ബുദ്ധികൊണ്ട് മാത്രം മനസ്സിലാക്കാവുന്ന കാര്യമാണ് ഇത്.
സ്വപ്ന തന്നെ പുറത്ത് വിട്ട മൊബൈല്‍ സംഭാഷണങ്ങളില്‍ അവര്‍ കൃത്യമായി പറയുന്നുണ്ട് ‘നീ പറയുന്നത് പോലൊക്കെ ഞാന്‍ പറയാം, അത് പോലെക്കെ ഞാന്‍ ചെയ്യാം, എനിക്കീ കേസില്‍ നിന്ന് രക്ഷപ്പെടണം’ എന്ന്.. അത് ഇപ്പോഴത്തെ അവരുടെ മാനസികാവസ്ഥയുടെ വെളിപ്പെടുത്തലാണ്. അവര്‍ പുറത്തുവിട്ട അവരുടെ തന്നെ സംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്ന ഏക കാര്യം ഏത് ചെകുത്താന്‍ പറയുന്ന ഏത് തിരക്കഥയും ആടാന്‍ തയ്യാറായി നില്ക്കുന്ന ഒരാളാണ് ഞാനെന്ന് പൊതുസമൂഹത്തോട് തുറന്നുപറയുക എന്നത് മാത്രമാണ്.
ആ മാനസികാവസ്ഥയുടെ രാഷ്ട്രീയ സാധ്യതകള്‍ മനസിലാക്കിയിട്ടാണ് ആയിരം വക്കീലന്മാരെ സ്വപ്നക്ക് വേണമെങ്കില്‍ ഞങ്ങള്‍ നല്‍കും എന്ന് കെ. സുരേന്ദ്രനും ബി.ജെ.പിയും പറയുന്നത്. അതിന് വേണ്ടിത്തന്നെയാണ് അതിന് പറ്റിയ ഒരാളെ ഇപ്പോള്‍ വക്കീലായി കൊടുത്തിട്ടുമുള്ളത്. അയാള്‍ അയാളുടെ ദൗത്യം കൃത്യമായി ചെയ്യുന്നുണ്ട്.
നമ്മുടെ മാധ്യമങ്ങളിലെ വികാരകുമാരന്മാര്‍ അതിനനുസരിച്ച് രംഗം കൊഴുപ്പിക്കുന്നുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന രാഷ്ട്രീയക്കളികള്‍ക്കെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യവും ഒന്നിച്ചുള്ള പോരാട്ടവും ആവശ്യമായ ഘട്ടമാണിത്. നിരവധി അന്വേഷണങ്ങള്‍ നടന്നു കഴിഞ്ഞ ഒരു വിഷയത്തില്‍, അവിഹിതമായി ഒന്നും കണ്ടെത്താന്‍ കഴിയാത്ത വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കേസ് കുത്തിപ്പൊക്കി രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നു.
രാവിലെ മുതല്‍ പാതിരാത്രി വരെ. പാര്‍ട്ടിയും പാര്‍ട്ടി പത്രവും എന്നതിനപ്പുറം വ്യക്തിപരമായ തലത്തിലുള്ള ഒരു സാമ്പത്തിക ഇടപാടുകളൂം നടക്കാത്ത ഒരു കേസിലാണിതെന്ന് ഓര്‍ക്കണം. ചോദ്യം ചെയ്യല്‍ പ്രഹസനങ്ങള്‍ മൂന്ന് ദിവസമായി തുടരുന്നു, കാശ് കൊടുത്ത് കൂടെ നിര്‍ത്തിയിട്ടുള്ള ദേശീയ മാധ്യമങ്ങളിലൂടെ നുണക്കഥകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു.
ഈ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച കൊണ്ട് പ്രതിപക്ഷത്തിന്റെ അവശേഷിക്കുന്ന ജീവനും കൂടി ഇല്ലാതാക്കി സമ്പൂര്‍ണമായി ഒരു ഫാസിസ്റ്റ് രാജ്യത്തിലേക്കുള്ള പോക്കിന്റെ അടിത്തറ പണിയുകയാണ് കേന്ദ്രത്തിലെ ദിനോസറുകള്‍.
അതിനെതിരെ ഏറ്റവും ശക്തമായി ശബ്ദിക്കേണ്ട കേരള ഘടകം, കോണ്‍ഗ്രസിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ എം. പിമാരുള്ള ഒരു സംസ്ഥാനത്തെ നേതാക്കള്‍, എന്തിനധികം, രാഹുല്‍ ഗാന്ധിയെപ്പോലും പാര്‍മെന്റിലെത്തിച്ച ഒരു സംസ്ഥാനത്തെ നേതാക്കള്‍, ഇവിടെ സംഘികളുടെ തിരക്കഥകള്‍ വിജയിപ്പിക്കാന്‍ തെരുവില്‍ വെയില് കൊള്ളുകയാണ്.
സംഘികള്‍ ഇന്ത്യയില്‍ ആഴത്തില്‍ വേരുറപ്പിക്കുന്നത് അവരുടെ മാത്രം കഴിവ് കൊണ്ടല്ല, അവരെ എതിര്‍ത്ത് തോല്പിക്കേണ്ട ചരിത്ര ദൗത്യമുള്ളവരുടെ കഴിവ് കേട് കൊണ്ട് കൂടിയാണ്. അവരുടെ തിരക്കഥകളും ആസൂത്രണങ്ങളും തിരിച്ചറിഞ്ഞു പ്രതികരിക്കേണ്ടവര്‍ അവരുടെ കയ്യിലെ മരപ്പാവകളും മരപ്പാഴുകളുമായി മാറുന്നത് കൊണ്ട് കൂടിയാണ്.
CONTENT HIHLIGHTS: Basheer Vallikkunnnu write up about golod smuggling case