| Sunday, 24th September 2023, 5:50 pm

ബി.ജെ.പിയില്‍ സുരക്ഷിതമാക്കിയ മകന്റെ ഭാവിയും എണ്‍പത്തി രണ്ടാം വയസിലെ സി.ഡബ്ല്യു.സി സ്ഥാനവും

ബഷീര്‍ വള്ളിക്കുന്ന്

ജീവിത കാലം മുഴുവന്‍ സര്‍ക്കാര്‍ ചെലവില്‍.. ബംഗ്‌ളാവ്, കാറ്, പരിചാരകര്‍, കുക്ക്, ശമ്പളം. ഒന്നുകില്‍ സര്‍ക്കാര്‍ വക, അല്ലെങ്കില്‍ പാര്‍ട്ടി വക.
അത് മുഴുവന്‍ ആവോളം ആസ്വദിച്ചു. ഇനിയൊന്നും കിട്ടാന്‍ ബാക്കിയില്ലെന്ന് വന്നപ്പോള്‍ ഭാര്യ വക ഒരു തുണ്ട് കടലാസ്.. പാര്‍ട്ടിയെ ചതിച്ച് മകനെ മോദിയുടെ പാളയത്തിലേക്ക്. അവന്റെ ഭാവിയും ഇതുപോലെ ശോഭനമാക്കണം. സര്‍ക്കാര്‍ ചെലവില്‍ മരിക്കുവോളം അവനും കഴിയണം. സ്റ്റേറ്റ് കാറില്‍ കറങ്ങണം.

കോണ്‍ഗ്രസില്‍ നിന്നാല്‍ ഇനിയതിന് കഴിയില്ല. അവരുടെ കഥ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഉള്ളിലെ ധാരണ. പതിറ്റാണ്ടുകള്‍ പാര്‍ട്ടി വിശ്വസിച്ചു ഏല്‍പിച്ച സ്ഥാനമാനങ്ങളുടെ ഭാരമെല്ലാം ഒരൊറ്റ മിനുട്ട് കൊണ്ട് കൃപാസനം മാറ്റിയെഴുതി.

ബി.ജെ.പിയോടുള്ള വിദ്വേഷവും വെറുപ്പുമെല്ലാം സ്‌നേഹവും ആദരവുമായി മാറി. ചതിയുടെ പേരുദോഷമെല്ലാം കൃപാസനത്തിന് ഡെഡിക്കേറ്റ് ചെയ്തു. തനിക്കും ഭാര്യക്കും ഒരു പങ്കുമില്ല, എല്ലാ പണിയും പറ്റിച്ചത് പള്ളിയും കൃപാസനവുമാണ്.

ഇന്ത്യയുടെ പ്രസിഡന്റായി മരിക്കണം എന്നൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു, അത് മാത്രം നടന്നില്ല. അതിന് വേണ്ട പി.ആര്‍ വര്‍ക്കുകള്‍ കാലങ്ങളായി നടത്തിയിരുന്നു, മോദിയേയും ആര്‍.എസ്.എസിനെയും പരമാവധി സുഖിപ്പിക്കാന്‍ നോക്കി. അവരെ എതിര്‍ക്കാതിരിക്കാനും കടുത്ത വാക്കുകള്‍ പറയാതിരിക്കാനും എപ്പോഴും ശ്രദ്ധിച്ചു.

പാര്‍ലിമെന്റില്‍ ശബ്ദം പുറത്ത് വരുത്താതെ പതുങ്ങിയിരുന്നു. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് കരസ്ഥാമാക്കുന്നു എന്ന് വീണ്ടും വീണ്ടും പ്രസ്താവന നടത്തി നാഗ്പൂരിലെ ഗുഡ് ബുക്കില്‍ സ്ഥാനം പിടിച്ചു. ഏതാണ്ടൊക്കെ ചാന്‍സ് ഒത്തുവന്നതാണ്. പക്ഷേ അവസാന ലാപ്പില്‍ ചില കണക്കുകൂട്ടലുകള്‍ പിഴച്ചു. എന്നാലും മോഹം പൂര്‍ണമായി വിട്ടിട്ടില്ല, മകന്‍ വഴി ഒരു പാലം പണിയാനുള്ള സൂത്രമൊക്കെ കയ്യിലുണ്ട്.

മുമ്പും ഈ പ്രൊഫൈലില്‍ എഴുതിയിട്ടുണ്ട്, കേരളത്തില്‍ പി.ആര്‍ സ്‌കൂള്‍ സ്ഥാപിച്ച ആളാണെന്ന്. ദിവസവും അംബാസഡര്‍ കാറില്‍ വന്നിറങ്ങുന്ന ആള്‍ മനോരമയുടെ ഫോട്ടോ ഷൂട്ടുള്ള ദിവസം ഓട്ടോറിക്ഷയില്‍ വന്നിറങ്ങും. അന്ന് ധരിക്കുന്ന ഖദര്‍ ഷര്‍ട്ടിന്റെ കീശ കീറിയിരിക്കും. അത് മതി.. ബാക്കി മനോരമ നോക്കിക്കോളും. ഇതുപോലൊരു നിര്‍ഗുണ പരബ്രഹ്മത്തെ മഹാത്യാഗിയും ഇതിഹാസവുമാക്കി മാറ്റാന്‍ മനോരമക്ക് പുഷ്പം പോലെ കഴിയും. ജീവിതം മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി ഉഴിഞ്ഞു വെച്ച കരുണാകരനെപ്പോലൊരു ഉജ്വല നേതാവിനെ താഴെയിറക്കാന്‍ ഈ പി.ആര്‍ വര്‍ക്കുകള്‍ ധാരാളം മതി.

സ്ഥാനമാനങ്ങളില്‍ കടിച്ചുതൂങ്ങരുതെന്നും പുതുതലമുറക്ക് അവസരം കൊടുക്കണം എന്നും മക്കള്‍ രാഷ്ട്രീയം പാടില്ലെന്നുമായിരുന്നു അന്നത്തെ വേദാന്തങ്ങള്‍. ഇപ്പോള്‍ എണ്‍പത്തിരണ്ടാം വയസിലും പുതുതലമുറക്ക് അവസരം കൊടുക്കാതെ പാര്‍ട്ടിയുടെ തലപ്പത്തുണ്ട്. വര്‍ക്കിങ് കമ്മറ്റിയിലേക്ക് വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ടപ്പോള്‍ നിരാശയൊക്കെ വിട്ട് പുള്ളി വീണ്ടും ഉഷാറായി എന്നാണ് ഭാര്യയുടെ കൃപാസന പ്രഭാഷണത്തില്‍ ഉള്ളത്. ഹോ.. എന്തൊരു ആദര്‍ശ ധീരത, എന്തൊരു യുവപ്രസാദം.
കൃപാസന പ്രഭാഷണത്തില്‍ പറയുന്ന മറ്റൊരു കാര്യം മകന് പാര്‍ട്ടിയില്‍ അവസരങ്ങള്‍ കിട്ടിയില്ല എന്നാണ്.

രാഹുല്‍ ഗാന്ധി ജോഡോ യാത്ര നടത്തുമ്പോള്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ തലവനായിരുന്നു. പക്ഷേ ഒരിക്കല്‍ പോലും ആ യാത്രയെക്കുറിച്ച് ഒരക്ഷരം എഴുതിയില്ല, പ്രചാരണം നടത്തിയില്ല. അമ്മാതിരി ഉത്തരവാദിത്വ ബോധമായിരുന്നു മകന്.. എന്നാലും പിടിച്ചു മന്ത്രിയാക്കണമായിരുന്നു, അത് പാര്‍ട്ടി ചെയ്തില്ല. നന്ദിയില്ലാത്ത പാര്‍ട്ടി.

പി.എം.ഒ ഓഫീസില്‍ നിന്ന് വിളി വരുന്നത് പെട്ടെന്നല്ല, നേരത്തെ പറഞ്ഞ പി.ആറിന്റെ ബാക്കിപത്രമാണത്. ഇപ്പോള്‍ മകന്‍ ബി.ജെ.പിയുടെ ദേശീയ നേതാവ്.. അച്ഛന്‍ കോണ്‍ഗ്രസിന്റെ ദേശീയ സമിതിയില്‍. ഒരു തുണ്ട് കടലാസില്‍ അങ്ങോട്ടും ഇങ്ങോട്ടും ആശയവിനിമയം നടത്താം. കോണ്‍ഗ്രസിന്റെ എല്ലാ തീരുമാനങ്ങളും ചര്‍ച്ചയും കൃപാസനം മാതാവ് വഴി അമിത് ഷാക്ക് ആ സെക്കന്റില്‍ കിട്ടാനുള്ള വകുപ്പുണ്ട്.

മകനെ ബി.ജെ.പി.യില്‍ ചേര്‍ത്ത് ബാക്കി ജീവിതം കൂടി സുരക്ഷിതമാക്കിയതിന് പാര്‍ട്ടിയുടെ പ്രത്യേക പാരിതോഷികമാണ് എണ്‍പത്തി രണ്ടാം വയസിലെ വര്‍ക്കിങ് കമ്മിറ്റി സ്ഥാനം. ബെഷ്ട് തീരുമാനം, ബെഷ്ട് സെറ്റപ്പ്.

രാഷ്ട്രീയ നേതാവായി ജനിക്കുന്നെങ്കില്‍ ഇതുപോലെ ജനിക്കണം മക്കളേ.. നിങ്ങള്‍ സാധാരണ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും ചുമരെഴുതിയും കാലം കഴിക്കുന്നത് ഇതുപോലുള്ള വഞ്ചകരെ തീറ്റിപ്പോറ്റാനാണ്. പാര്‍ട്ടിയേയും ജനങ്ങളേയും ഒരുപോലെ വഞ്ചിച്ചാലും അവരുടെ ഇതിഹാസ ഇമേജ് കോട്ടം തട്ടാതെ നിലനിര്‍ത്താനാണ്. അതിന് കൃപാസനത്തിന്റെ പിന്തുണയുണ്ടാകും, മനോരമയുടേയും മാപ്രകളുടേയും ‘കൃപ’യും ഉണ്ടാകും.

Content Highlight: Basheer Vallikkunnu write up about Anil k Antony and AK Antony

ബഷീര്‍ വള്ളിക്കുന്ന്

We use cookies to give you the best possible experience. Learn more