| Tuesday, 28th June 2022, 2:50 pm

കാരണമുണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ, അവര്‍ എല്ലാവരേയും തേടിയെത്തും എന്ന മുന്നറിയിപ്പാണ് സുബൈറിന്റെ അറസ്റ്റ്

ബഷീര്‍ വള്ളിക്കുന്ന്

മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് അടിച്ചമര്‍ത്തലിന്റെ ഇരുണ്ട കാലത്തിലേക്കുള്ള ഇന്ത്യയുടെ പോക്കിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

പ്രതിക് സിന്‍ഹയും സുബൈറും ചേര്‍ന്ന് 2017ല്‍ തുടങ്ങിയ ആള്‍ട്ട് ന്യൂസ് ഇന്ത്യയിലെ സമാന്തര മാധ്യമരംഗത്തെ ഏറ്റവും മികച്ച സംരംഭമായിരുന്നു. വിദ്വേഷവും പകയും വിതക്കുന്ന വ്യാജ വര്‍ത്തകളേയും പ്രചാരണങ്ങളേയും ഒന്നൊഴിയാതെ തുറന്നുകാട്ടി ഫാക്റ്റ് ചെക്കിങ് എന്ന രീതിയെ ഇന്ത്യന്‍ സൈബര്‍ ലോകത്ത് ഒരു തരംഗമാക്കി മാറ്റിയതില്‍ സുബൈറും ആള്‍ട്ട് ന്യൂസും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

വ്യാജ വാര്‍ത്തയുടെ ലക്ഷണം മണത്താല്‍ ആളുകള്‍ ആള്‍ട്ട് ന്യൂസ് ചെക്ക് ചെയ്യുന്ന ഒരു രീതി വളര്‍ന്നുവന്നു. മുഖ്യധാരയിലെ സംഘപരിവാര മാധ്യമങ്ങളും വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളും ഒഴുക്കിവിടുന്ന വിഷപ്രവാഹത്തെ പ്രതിരോധിക്കുന്നതില്‍ ആള്‍ട്ട് ന്യൂസ് മുന്‍നിരയില്‍ നിന്നു.

അവിടെ നിന്ന് തുടങ്ങിയതാണ് സുബൈറിന് എതിരെയുള്ള നീക്കങ്ങള്‍. ഇത് ആദ്യത്തെ കേസല്ല. മുമ്പൊരു പോക്‌സോ കേസ് കൊണ്ടുവന്നിരുന്നു. ഒരു കുട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്തു എന്നതിന്റെ പേരില്‍. ഒരു വ്യാജ വാര്‍ത്ത തുറന്ന് കാട്ടിയപ്പോള്‍ അദ്ദേഹത്തെ തെറിയഭിഷേകം നടത്തിയ ഒരാളുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വീറ്റ് ചെയ്തപ്പോഴായിരുന്നു അത്. അതിലുള്ള കുട്ടിയുടെ ചിത്രം ബ്ലര്‍ ചെയ്ത ശേഷമായിരുന്നു ആ ട്വീറ്റ്. പക്ഷേ ആ കേസില്‍ അദ്ദേഹത്തെ കുടുക്കാന്‍ കഴിഞ്ഞില്ല.

പക്ഷേ അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അവര്‍. പ്രവാചകനെതിരെയുള്ള പരാമര്‍ശങ്ങള്‍ സുബൈര്‍ വാര്‍ത്തയാക്കിയതോടെ ദിനോസറുകളുടെ പക ആളിക്കത്തി. യു.പിയില്‍ ഒരു എഫ്.ഐ.ആര്‍ ഈ മാസം ഇട്ടിരുന്നു. മഹന്ത് ബജ്റംഗ് മുനിക്കെതിരെ പരാമര്‍ശം നടത്തി എന്നതിന്റെ പേരില്‍. നിരന്തരമുള്ള വിദ്വേഷ പ്രസംഗങ്ങളിലൂടെ പ്രസിദ്ധനായ ആളാണ് ഈ മുനി. ഹിന്ദുസേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആ എഫ്.ഐ.ആര്‍.

ഇപ്പോഴിതാ പുതിയ കേസും അറസ്റ്റും. 2018ലെ ഒരു ട്വീറ്റിന്റെ പേരില്‍ ഇപ്പോള്‍ മതവികാരം ഇളകി എന്ന് പറഞ്ഞുകൊണ്ട്. 1983ല്‍ ഇറങ്ങിയ ഹൃഷികേശ് മുഖര്‍ജിയുടെ ഫിലിമില്‍ നിന്നുള്ള ഒരു ഹോട്ടലിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോഴത്തെ കേസിന് ആധാരം എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. സെന്‍സര്‍ബോര്‍ഡ് അപ്രൂവ് ചെയ്ത് ഇന്നും അവൈലബിളായ ഒരു ചിത്രത്തിലെ സ്‌ക്രീന്‍ഷോട്ട് മതവികാരം ഇളക്കി എന്ന്.

‘ഹണിമൂണ്‍ ഹോട്ടല്‍’ എന്ന പേര് ‘ഹനുമാന്‍ ഹോട്ടല്‍’ എന്നായി മാറിയത് നായിക നായകന് അത്ഭുതത്തോടെ കാണിച്ചുകൊടുക്കുന്ന രംഗം ആ സിനിമയിലുണ്ട്. അതിന്റെ സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്തതാണ് കേസത്രേ. അതും മൂന്ന് ഫോളോവേഴ്സും ഒരു പോസ്റ്റും മാത്രമുള്ള ഒരു അനോണിമസ് അക്കൗണ്ട് നല്‍കിയ പരാതിയുടെ പേരില്‍.

കൂടുതല്‍ ഒന്നും പറയാനില്ല. ഇന്ത്യ എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ കൃത്യമായ ചിത്രമാണ് സുബൈറിന്റെ അറസ്റ്റിലൂടെ വ്യക്തമാകുന്നത്. കാരണമുണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ, അവര്‍ എല്ലാവരേയും തേടിയെത്തും എന്ന മുന്നറിയിപ്പ് വളരെ കൃത്യമായി നല്‍കുന്ന വര്‍ത്തമാന ഇന്ത്യയുടെ ചിത്രം. നീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങള്‍ ഉയരണം, പ്രതിഷേധങ്ങള്‍ ഉണ്ടാകണം. ഇപ്പോള്‍ മൗനം കുറ്റകരമാണ്.

Content Highlight: Basheer Vallikkunnu post about the arrest of Alt news co founder Mohammed Zubair

ബഷീര്‍ വള്ളിക്കുന്ന്

We use cookies to give you the best possible experience. Learn more