| Wednesday, 21st April 2021, 11:08 pm

പ്രധാനമന്ത്രിയുടെ മൈതാന പ്രസംഗവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും

ബഷീര്‍ വള്ളിക്കുന്ന്

കോവിഡ് ഭേദമായി വീണ്ടും മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ സന്തോഷം.

ഇന്നലെ പ്രധാനമന്ത്രി നടത്തിയ മൈതാന പ്രസംഗവും ഇന്ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനവും ഒന്ന് താരതമ്യം ചെയ്തു നോക്കുക. ഒന്ന് പിടിപ്പുകേടിന്റെയും കാര്യക്ഷമതയില്ലായ്മയുടെയും ഒന്നാന്തരം ഉദാഹരണം. മറ്റൊന്ന് ക്രൈസിസ് മാനേജ്‌മെന്റ് എങ്ങിനെയാണെന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണം.

പ്രധാനമന്ത്രി ഒരു മൈതാനപ്രസംഗം നടത്തി സ്ഥലം വിട്ടു. ഇതുവരെ എന്ത് ചെയ്തു ഇനിയെന്ത് ചെയ്യണം, എന്തൊക്കെ പദ്ധതികള്‍.. ഒരക്ഷരം പറഞ്ഞില്ല. വാക്‌സിന്‍ ക്ഷാമമുണ്ട്, ഓക്‌സിജന്‍ ക്ഷാമമുണ്ട്, എല്ലാവരും അവരവര്‍ ഉള്ള സ്ഥലത്ത് കഴിയുക, എല്ലാവര്‍ക്കും നല്ലത് വരും, ഇന്ത്യ പുരോഗമിക്കുകയാണ്. ധന്യവാദ്..
അത്രതന്നെ..

എന്നാല്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നോക്കൂ.. ഇത് വരെ എത്ര രോഗികള്‍, എത്ര പേര്‍ക്ക് വാക്‌സിനേഷന്‍ ചെയ്തു, ഇനിയെത്ര പേര്‍ക്ക് ചെയ്യണം, അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ എന്തൊക്കെ, ഇപ്പോള്‍ എത്ര ബെഡുകളും ശരൗ കളും ഉണ്ട്, അതിലെത്ര ബെഡുകള്‍ ഉപയോഗിച്ചിട്ടുണ്ട്, ഓക്‌സിജന്‍ എത്ര ആവശ്യമുണ്ട്, ഇപ്പോള്‍ എത്ര ലഭ്യമാണ്. എല്ലാം കൃത്യമായ കണക്കുകള്‍, കൃത്യമായ പ്ലാനിങ്ങുകള്‍.

ഒന്ന് രണ്ട് ഉദാഹരണങ്ങള്‍ മാത്രം പറയാം.

ഓക്‌സിജന്‍ പ്രതിദിനം നമുക്ക് ആവശ്യമുള്ളത് 74.25 മെട്രിക് ടണ്‍ ആണ്. ഇപ്പോള്‍ നമുക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്നത് 219.22 മെട്രിക് ടണ്‍ ആണ്. അതുകൊണ്ട് അക്കാര്യത്തില്‍ ഭയപ്പെടേണ്ട.
സ്വകാര്യ മേഖലയില്‍ 9735 ഐ സി യു ബെഡുകള്‍ ഉണ്ട്, ഏതാണ്ട് 900 ബെഡുകള്‍ മാത്രമാണ് ഇപ്പോള്‍ കോവിഡിനായി ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 2650 ഐ സി യു ബെഡുകള്‍ സജ്ജമാണ്, അതില്‍ അമ്പത് ശതമാനമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മൊത്തം 3776 വെന്റിലേറ്ററുകള്‍ ഉണ്ട്, അതില്‍ 277 വെന്റിലേറ്ററുകള്‍ മാത്രമാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തേണ്ടി വരുന്നത്.

62 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍ ഇതുവരെ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ട്, ഒരു ദിവസം മൂന്നര ലക്ഷം പേര്‍ക്ക് കുത്തിവെപ്പ് നടത്താനുള്ള സജ്ജീകരണമുണ്ട്. വേണ്ടത്ര വാക്സിന്‍ കേന്ദ്രത്തില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നില്ല, അടിയന്തരമായി ലഭ്യമാക്കാന്‍ കേന്ദ്രവുമായി നിരന്തര സമ്പര്‍ക്കം നടത്തുന്നുണ്ട്.

കഴിഞ്ഞ തരംഗത്തില്‍ delay the peak എന്നതായിരുന്നു നമ്മുടെ ഫോക്കസ് എങ്കില്‍ ഇപ്പോള്‍ അത് crush the curve ആണ്. ഇങ്ങനെ കൃത്യമായ വിവരങ്ങള്‍ അറിയിച്ചതിന് ശേഷം മറ്റ് മേഖലകളില്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു, പരീക്ഷാ നടത്തിപ്പ്, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍, ടാസ്‌ക് ഫോഴ്‌സ് രൂപീകരണം, മുന്നറിയിപ്പ് സംവിധാനങ്ങള്‍ തുടങ്ങി ഈ ദുരിതകാലത്ത് ജനങ്ങള്‍ അറിയേണ്ട കാര്യങ്ങളെല്ലാം വിശദീകരിച്ചു.

അവസാനം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇത് കൂടി പറഞ്ഞു, ഇവിടെ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്, ആ വാക്ക് മാറ്റില്ല..

അതാണ് പറഞ്ഞത്,

പ്രധാനമന്ത്രിയുടേത് പിടിപ്പ് കേടിന്റേയും മനുഷ്യത്വമില്ലായ്മയുടേയും ലക്ഷണമൊത്ത ഉദാഹരണം. നമ്മുടെ സംസ്ഥാനത്തിന്റേത് കാര്യക്ഷമതയുടേയും പ്ലാനിങ്ങിന്റെയും ഒന്നാന്തരം ഉദാഹരണം. അതോടൊപ്പം മനുഷ്യരോടുള്ള സ്‌നേഹവും കരുതലും.

വലിയ വ്യത്യാസമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Basheer Vallikkunnu Pinaray Vijayan Press Conference Prime Minister Narendra Modi

ബഷീര്‍ വള്ളിക്കുന്ന്

We use cookies to give you the best possible experience. Learn more