[]കോഴിക്കോട്: തലയോലപ്പറമ്പില്‍ ബഷീര്‍ സ്മാരകം നിര്‍മ്മിക്കുന്നത് പണം തട്ടാനെന്ന് പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍.
കഴിഞ്ഞ ദിവസം ബജറ്റ് അവതരണത്തിനിടെയാണ് ബഷീര്‍ സ്മാരകം തലയോലപ്പറമ്പില്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് കെ.എം മാണി പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ മാണിക്ക് കാര്യങ്ങള്‍ അറിയാത്തതു കൊണ്ടാണ് ഇത്തരത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്ന് ഫാബി ബഷീര്‍ അഭിപ്രായപ്പെട്ടു.
ബഷീര്‍ സ്മാരകം കോഴിക്കോട് തന്നെ സ്ഥാപിക്കണം. ഇതിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തന്റെ കെട്ടു താലി വിറ്റും താന്‍ അത് നടത്തും- ഫാബി ബഷീര്‍ പറഞ്ഞു.
ബഷീര്‍ ഏറെ സ്‌നേഹിച്ചതും ഏറെക്കാലം ജീവിച്ചതും കോഴിക്കോടാണെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സ്മാരകം കോഴിക്കോട്ട് തന്നെ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇതിനിടയില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട്ട് ബഷീര്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി അനുവദിച്ച 50 ലക്ഷം രൂപ ബാങ്കില്‍ കെട്ടിക്കിടക്കുകയാണെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ 50 ലക്ഷം രൂപ കഴിഞ്ഞ ബജറ്റില്‍ ഇതിനായി അനുവദിച്ചിരുന്നുവെന്ന് മുന്‍മന്ത്രിയും എല്‍.ഡി.എഫ് നേതാവുമായ എം.എ ബേബി അറിയിച്ചു.
സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലവുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്‌നങ്ങളാണ് ഈ തുക ബാങ്കില്‍ കെട്ടിക്കിടക്കാന്‍ കാരണമായിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം.