ന്യൂദല്‍ഹി: തന്റെ വളര്‍ച്ചയ്ക്കും ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരന്‍ എന്ന പദവിക്കും പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പങ്കുമില്ലെന്ന് ഗൗതം അദാനി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളും വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഗൗതം അദാനിയുടെ പ്രതികരണം.
തനിക്കെതിരെ ഇപ്പോള്‍ വരുന്നത് മുഴുവനും വസ്തുതാവിരുദ്ധമായ ആരോപണമാണെന്നും, തന്റെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ നേതാവിനും പങ്കില്ലെന്നും അദാനി പറഞ്ഞു. തങ്ങള്‍ രണ്ടുപേരും ഒരേ സംസ്ഥാനത്തു നിന്നു വരുന്നതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
6 ദിവസത്തിനിടയില്‍ അദാനി ഗ്രൂപ്പിന്റെ നൂറുകോടിയോളം മാര്‍ക്കറ്റ് വാല്യൂയാണ് ഇടിഞ്ഞുക്കൊണ്ടിരിക്കുന്നത്. നേരത്തേ തന്നെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 28 ശതമാനത്തോളം ഓഹരി ഇടിഞ്ഞിരുന്നു.
അദാനി ഗ്രൂപ്പ് നടത്തിയ നികുതിയിലെയും ഓഹരി നിക്ഷേപത്തിലെയും തട്ടിപ്പുകള്‍ തുറന്നുകാട്ടി കഴിഞ്ഞ ജനുവരി 24നു യു.എസിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. വിപണിയില്‍ കൃത്രിമത്വം കാണിച്ചുവെന്ന് സൂചിപ്പിക്കുന്ന നൂറ്റിയാറോളം പേജുകളുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇന്ത്യയ്ക്കെതിരെയുള്ള കടന്നാക്രമണം ആണെന്നായിരുന്നു അദാനിയുടെ മറുപടി. റിപ്പോര്‍ട്ടിന് അടിസ്ഥാനമില്ലെന്നും അദാനി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലെന്റില്‍ റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുക്കൊണ്ട്് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളംവെച്ചിരുന്നു. സുപ്രീംകോടതിയുടെ നേത്യത്വത്തില്‍ അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷ എം.പിമാര്‍ ആവശ്യമുന്നയിച്ചു.
എല്‍.ഐ.സിയില്‍ നിന്നുമുള്ള പണമെടുപ്പും എസ്.ബി.ഐയില്‍ നിന്നെടുത്ത കടവും മറ്റ് സാമ്പത്തിക ഇടപാടുകളും സുപ്രീം കോടതിയുടെയോ, ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെയോ നേത്യത്വത്തില്‍ അന്വേക്ഷിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തമായ തീരുമാനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു.
ഒരു സ്വതന്ത്ര ഏജന്‍സിക്കു മാത്രമേ എല്‍.ഐ.സിയോ, എസ്.ബി.ഐയോ അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തുന്നത് പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കോണ്‍ഗ്രസ് എം. പി ജയറാം രമേശും അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടിനു പിന്നാലെ ഓരോ ദിവസവും വലിയ ഇടിവാണ് അദാനി ഗ്രൂപ്പിനു സംഭവിക്കുന്നത്.
Content Highlight: Baseless allegation Adani dismisses PM Modi connection for his rise