| Tuesday, 1st November 2022, 11:37 pm

നാല് വര്‍ഷമായുള്ള കണ്ണീരും ചിന്തകളും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു; പ്രളയത്തെ ആസ്പദമാക്കിയുള്ള ജൂഡ് ആന്തണി ചിത്രം പൂര്‍ത്തിയായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2018ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയായി. ജൂഡ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. 2403 ഫീറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രം 2018 സെപ്റ്റംബറിലാണ് ജൂഡ് പ്രഖ്യാപിച്ചത്. ടൊവിനോ തോമസ്, തന്‍വി റാം എന്നിവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

4 വര്‍ഷമായി എന്റെ കണ്ണീരും ചിന്തകളും ടെന്‍ഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നുവെന്നും മലയാളികള്‍ വെള്ളപ്പൊക്കത്തിനെ നേരിട്ടത് ഒട്ടും ചോര്‍ന്നു പോകാതെ വലിയ സ്‌ക്രീനില്‍ വലിയ ക്യാന്‍വാസില്‍ കാണിക്കാന്‍ ഞങ്ങള്‍ 110 ശതമാനം പണിയെടുത്തിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജൂഡ് കുറിച്ചു.

‘2018 ഒക്ടോബറില്‍ ആരംഭിച്ച ഒരു വലിയ യാത്ര അവസാന ലാപ്പിലേക്ക് കടന്നിരിക്കുന്നു. കേരളത്തെ പിടിച്ചുലച്ച 2018ലെ വെള്ളപ്പൊക്കം. സ്വന്തം വീടും പ്രിയപ്പെട്ടവരും അപകടത്തിലായ ചിലര്‍ക്ക് ഇതൊക്കെ നഷ്ടമായ ദുരിതനാളുകള്‍. സ്വയം ഇതെല്ലാം അനുഭവിച്ചത് കൊണ്ടും, അന്ന് ബോധിനി എന്ന സംഘടന ഒരു ഇന്‍സ്പിരേഷണല്‍ വീഡിയോ ചെയ്താലോ എന്ന ആശയവുമായി മുന്നോട്ട് വന്നതുകൊണ്ടും ഒരു 5 മിനിറ്റ് വീഡിയോ ചെയ്യാന്‍ ആഗ്രഹമുണ്ടായി.

ആ ദിവസങ്ങളിലെ പത്രങ്ങളും ചാനല്‍ വാര്‍ത്തകളും തിരഞ്ഞു പിടിച്ചു വായിച്ചപ്പോള്‍ ഒരു കാര്യം മനസിലായി. മലയാളികളുടെ ചങ്കുറപ്പിന്റെ കഥ 5 മിനിട്ടില്‍ പറഞ്ഞു തീരില്ല. ഒരു ഫിലിം മേക്കറുടെ ആഗ്രഹമുണര്‍ന്നു. നേരെ ആന്റോ ചേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു. അന്ന് മുതല്‍ ഈ നിമിഷം വരെ ഞങ്ങളുടെ ആ വലിയ സ്വപ്നത്തിനു താങ്ങായി മഹാമേരു പോലെ ആന്റോ ചേട്ടന്‍ നില കൊണ്ടു.

വേണു കുന്നപ്പിള്ളി എന്ന ഉഗ്രന്‍ നിര്‍മാതാവിനെ ആന്റോ ചേട്ടന്‍ പരിചയപ്പെടുത്തി. കലാകാരനായ അദ്ദേഹം തിരക്കഥ വായിക്കുകയും പലരും കൈ വക്കാന്‍ മടിക്കുന്ന പ്രളയം പ്രമേയമായ ഈ സിനിമ നിര്‍മിക്കാന്‍ സധൈര്യം മുന്നോട്ടു വന്നു.

125ല്‍ പരം ആര്‍ട്ടിസ്റ്റുകള്‍, 200 ഇല്‍ പരം ലൊക്കേഷനുകള്‍ 100 ഇല്‍ കൂടുതല്‍ ഷൂട്ടിങ് ഡേയ്‌സ്. ഒടുവില്‍ ഞങ്ങള്‍ ആ സ്വപ്നം പൂര്‍ത്തിയാക്കുന്നു. 4 വര്‍ഷമായി എന്റെ കണ്ണീരും ചിന്തകളും ടെന്‍ഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു. സര്‍വേശ്വരനും വേണു സാറിനും ആന്റോ ചേട്ടനും സഹ നിര്‍മാതാവ് പദ്മകുമാര്‍ സാറിനോടുമുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാട് പറയാന്‍ വാക്കുകളില്ല.

ഒരുഗ്രന്‍ ടീമിനെ ദൈവം കൊണ്ട് തന്നു. എല്ലാവരെയും സിനിമയുടെ മറ്റു വിവരങ്ങളും ഉടനെ അറിയിക്കാം. ഒത്തൊരുമയോടെ മലയാളികള്‍ വെള്ളപ്പൊക്കത്തിനെ നേരിട്ടത് ഒട്ടും ചോര്‍ന്നു പോകാതെ വലിയ സ്‌ക്രീനില്‍ വലിയ ക്യാന്‍വാസില്‍ കാണിക്കാന്‍ ഞങ്ങള്‍ 110 ശതമാനം പണിയെടുത്തിട്ടുണ്ട്. ബാക്കി വിവരങ്ങള്‍ വഴിയേ,’ ജൂഡ് ആന്തണി ജോസഫ് കുറിച്ചു.

Content Highlight: Based on the 2018 floods, the film directed by Jude Anthony Joseph has been completed

Latest Stories

We use cookies to give you the best possible experience. Learn more