| Saturday, 6th November 2021, 4:53 pm

ഗെയ്ല്‍ ഒരു സെലക്ടറാണെങ്കില്‍ ഒരിക്കലും സ്വയം സെലക്ട് ചെയ്യില്ല; ഗെയ്‌ലിനെതിരെ വിമര്‍ശനവുമായി ദിനേഷ് കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന് ഇപ്പോള്‍ തന്നോട് തന്നെ നീതി പുലര്‍ത്താനാവുന്നില്ലെന്ന് ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. സ്വയമൊരു സെലക്ടറാണങ്കില്‍ കൂടിയും നിലവിലെ മോശം ഫോമില്‍ ഗെയ്ല്‍ ഒരിക്കലും തന്നെ ടീമില്‍ എടുക്കില്ലെന്നും ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ വിന്‍ഡീസ് സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് കാര്‍ത്തിക്കിന്റെ വിമര്‍ശനം.

‘പ്രത്യേകിച്ച് നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ഗെയ്ല്‍ ഒരു സെലക്ടറാണെങ്കില്‍ അദ്ദേഹം സ്വയം തന്നെ ടീമിലേക്ക് തെരഞ്ഞടുക്കില്ല. സ്വന്തം യശസ്സിനോട് നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്.

അദ്ദേഹം ഈ ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളും കളിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥിരമായ ശൈലിയില്‍ കളിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. നിങ്ങള്‍ക്ക് പ്രായമാകുന്നു എന്ന കാര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണ്,’ ഡി. കെ പറയുന്നു.

‘വെസ്റ്റ് ഇന്‍ഡീസ് ഗെയ്‌ലിന് പകരം ഒരു ഓപ്പണറെ കണ്ടെത്തേണ്ടിയിരിക്കുന്നു. ലോകത്തിലെ എക്കാലത്തേയും മികച്ച ടി-20 ബാറ്ററാണ് അദ്ദേഹം. അതിനാല്‍ തന്നെ അദ്ദേഹത്തിന് പകരം വെക്കാന്‍ ഈ ലോകത്ത് ആരെക്കൊണ്ടും സാധിക്കില്ല. പക്ഷേ നിങ്ങള്‍ക്ക് മുന്നോട്ടാണ് പോകേണ്ടതെങ്കില്‍ നിങ്ങള്‍ മുന്നോട്ട് നോക്കേണ്ടത് അനിവാര്യതയാണ്. വെസ്റ്റ് ഇന്‍ഡീസ് സെലക്ടര്‍മാര്‍ക്ക് ഇക്കാര്യം ഈ ലോകകപ്പോടെ മനസിലാവും എന്ന് കരുതുന്നു,’ താരം കൂട്ടിച്ചേര്‍ത്തു.

ആരാധകരുടെ പ്രതീക്ഷക്കൊത്തുയരുന്ന പ്രകടനമായിരുന്നില്ല വെസ്റ്റ് ഇന്‍ഡീസും ഗെയ്‌ലും ഈ ടൂര്‍ണമെന്റില്‍ പുറത്തെടുത്തിരുന്നത്. വന്യതയുടെ പര്യായമായ കരീബിയന്‍ ക്രിക്കറ്റര്‍മാര്‍ക്ക് അടി പതറുന്ന കാഴ്ചയാണ് ഇത്തവണ യു.എ.ഇയില്‍ കണ്ടത്.

ബൗളര്‍മാരെ എന്നും ആക്രമിച്ചു കളിക്കുന്ന, നിലയുറപ്പിക്കും മുന്‍പേ പന്തുകളെ കൂടാരം കയറ്റുന്ന അക്രമകാരിയായിരുന്നു ഗെയ്ല്‍. എന്നാല്‍, ഈ ടൂര്‍ണമെന്റില്‍ പഴയ ഫോം വീണ്ടെടുക്കാന്‍ താരത്തിനായില്ല.

കുട്ടിക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റിംഗ് റെക്കോര്‍ഡാണ് ഗെയ്‌ലിന്റെത്. ഒന്നൊഴിയാതെയുള്ള റെക്കോഡുകളുടെ കൂമ്പാരമാണ് ഈ ഇടംകയ്യന്‍ ബാറ്റര്‍ 20-20യില്‍ നിന്നും മാത്രം നേടിയെടുത്തിരിക്കുന്നത്. 22 സെഞ്ച്വറിയടക്കം 14,306 റണ്‍സാണ് യൂണിവേഴ്‌സല്‍ ബോസിന്റെ ടി-20യിലെ സമ്പാദ്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Based on his performances, if Gayle was a selector, he wouldn’t pick himself says Dinesh Karthik

We use cookies to give you the best possible experience. Learn more