| Wednesday, 28th July 2021, 4:10 pm

മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന അച്ഛനും മക്കളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണാടകയില്‍ മാസങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിന്റെ ഒടുവിലാണ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ രാജിവെച്ചതും ബസവരാജ് ബൊമ്മെ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായതും.

ബസവരാജയുടെ അച്ഛന്‍ സോമപ്പ റായപ്പയും കര്‍ണാടകയുടെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നിട്ടുണ്ട്. 1996-98 വരെയാണ് സോമപ്പ ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നത്.

അച്ഛന് പിന്നാലെ മകനും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അവസരം വന്നതോടെ മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്ന അച്ഛന്‍മാരുടെ പാത പിന്തുടര്‍ന്ന് ആ പദവിയിലെത്തിയ മക്കളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്.

1. തമിഴ്‌നാട്

ഇപ്പോള്‍ തമിഴ്‌നാട് ഭരിക്കുന്ന ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ അച്ഛന്‍ എം. കരുണാനിധിയുടെ പാതാപിന്തുടര്‍ന്നാണ് മുഖ്യമന്ത്രിപദത്തില്‍ എത്തിയത്. എം.കരുണാനിധി 1969 നും 2011 നും ഇടയില്‍ അഞ്ച് തവണയാണ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്.

2. ആന്ധ്രപ്രദേശ്

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ അച്ഛന്‍ വൈ.എസ്. രാജശേഖര്‍ റെഡ്ഡി ഒരിക്കല്‍ ഇരുന്ന മുഖ്യമന്ത്രി കസേരയിലാണ് ഇപ്പോള്‍ ഇരിക്കുന്നത്. വൈ.എസ്. രാജശേഖര റെഡ്ഡി 2004-2009 വരെ രണ്ട് തവണ മുഖ്യമന്ത്രി പദവി വഹിച്ചു. ജഗന്‍ മോഹന്‍ റെഡ്ഡി 2019 മെയ് മാസത്തിലാണ് മുഖ്യമന്ത്രിയായത്.

3. ഒഡീഷ

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ അച്ഛന്‍ ബിജു പട്‌നായിക്കും ഒഡീഷയുടെ മുഖ്യമന്ത്രിയായിരുന്നു. 1961-1963, 1990-95 കാലഘട്ടങ്ങളിലായി ബിജു പട്‌നായിക് രണ്ടുതവണ ഒഡീഷ ഭരിച്ചു. നവീന്‍ പട്നായിക് 2000 മുതല്‍ അഞ്ച് തവണയാണ് ഒഡീഷ മുഖ്യമന്ത്രിയായത്.

4. ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അച്ഛന്‍ ഷിബു സോറനും മുഖ്യമന്ത്രിയായിരുന്നു. മൂന്ന് തവണയാണ് ഷിബു സോറന്‍ മുഖ്യമന്ത്രിയായിരുന്നത്.
നിലവില്‍ 2019 ഡിസംബര്‍ മുതല്‍ ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പദവിയിലിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്നത്.

5. അരുണാചല്‍ പ്രദേശ്

2011 ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡോര്‍ജി ഖണ്ടുവിന്റെ മകന്‍ പെമ ഖണ്ടുവിനും അരുണാചല്‍പ്രദേശിന്റെ മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞു.

6. മേഘാലയ
മേഘാലയ മുഖ്യമന്ത്രിയായിരുന്ന പി.എ. സാങ്മയുടെ മകന്‍ കോണ്‍റാഡ് സാങ്മയാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്.

ജമ്മുകശ്മീരില്‍ അബ്ദുള്ള കുടുംബത്തിലെ മൂന്ന് തലമുറയിലെ അംഗങ്ങളാണ് മുഖ്യമന്ത്രിപദവിയില്‍ എത്തിയിട്ടുള്ളത്. ഷെയ്ഖ് അബ്ദുള്ള, മകന്‍ ഫാറൂഖ് അബ്ദുള്ള, ഇദ്ദേഹത്തിന്റെ മകന്‍ ഒമര്‍ അബ്ദുള്ള എന്നിവരാണ് ജമ്മുകശ്മീരിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്..

മുഫ്തി മുഹമ്മദ് സയീദും മകള്‍ മെഹ്ബൂബ മുഫ്തിയും ജമ്മുകശ്മീരിന്റെ മുഖ്യമന്ത്രിമാരായിരുന്നു.

ഉത്തര്‍പ്രദേശില്‍ മുലായം സിംഗ് യാദവും മകന്‍ അഖിലേഷ് യാദവും മുഖ്യമന്ത്രിയായിരുന്നു. മുലായം സിംഗ് യാദവ് മൂന്ന് തവണ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നപ്പോള്‍, 2012-17 കാലയളവില്‍ അഖിലേഷ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു.

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബാഹുഗുണയുടെ അച്ഛന്‍ ഹേംവതി നന്ദന്‍ ബാഹുഗുണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. ദേവി ലാലും മകന്‍ ഓം പ്രകാശ് ചൗതട്ടാലയും ഹരിയാന മുഖ്യമന്ത്രിയായിരുന്നു. അതുപോലെ, മഹാരാഷ്ട്രയിലെ ശങ്കരറാവു ചവാനും മകന്‍ അശോക് ചവാനും മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Basavaraj Bommai takes oath as Karnataka CM: Other father-son who occupied CM’s chair

We use cookies to give you the best possible experience. Learn more