കര്‍ണാടകയെ സേവിക്കാന്‍ ദൈവം തന്ന അവസരം; വീണ്ടും മുഖ്യമന്ത്രിയാകും; ബി.ജെ.പിയെ വെട്ടിലാക്കി ബസവരാജ് ബൊമ്മൈ
national news
കര്‍ണാടകയെ സേവിക്കാന്‍ ദൈവം തന്ന അവസരം; വീണ്ടും മുഖ്യമന്ത്രിയാകും; ബി.ജെ.പിയെ വെട്ടിലാക്കി ബസവരാജ് ബൊമ്മൈ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd March 2023, 5:54 pm

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയെ വെട്ടിലാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും താന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് ബൊമ്മൈ പറഞ്ഞത്.

ബി.ജെ.പി കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ബൊമ്മൈയുടെ അവകാശവാദം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ചൊവ്വാഴ്ച വടക്കന്‍ കര്‍ണാടകയിലെ ബാഗല്‍ കോട്ട് ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

മെയ് മാസത്തില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നും താന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കര്‍ണാടകയെ സേവിക്കാന്‍ തനിക്ക് ദൈവം തന്ന അവസരമാണ് മുഖ്യമന്ത്രി പദമെന്നും ആത്മാര്‍ത്ഥതയോടെ തന്റെ കര്‍ത്തവ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കര്‍ണാടകയില്‍ ഞാന്‍ തന്നെ വീണ്ടും മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തും. കര്‍ണാടകയെ സേവിക്കാന്‍ ദൈവം എനിക്ക് തന്ന അവസരമാണിത്. ആത്മാര്‍ത്ഥമായോടെ തന്നെ ഞാനെന്റെ കര്‍ത്തവ്യം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ എല്ലാ തുറകളിലും സമത്വം കൊണ്ടുവരാനാണ് ഞാന്‍ശ്രമിച്ചിട്ടുള്ളത്. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളെയും ഒരു പോലെ പരിഗണിച്ചിട്ടുണ്ട്. ബസവേശ്വരന്റെ പാതയിലൂടെയാണ് ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്,’ ബസവരാജ് ബൊമ്മൈ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

നാല് വര്‍ഷത്തെ ബി.ജെ.പി ഭരണം സംസ്ഥാനത്ത് വികസനം യാഥാര്‍ത്ഥ്യമാക്കിയെന്നും കോവിഡ് കാലത്ത് പോലും മികച്ച സാമ്പത്തിക സ്ഥിതിയാണ് നാട്ടില്‍ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് കര്‍ണാടകയുടെ പ്രതിശീര്‍ഷ വരുമാനം 2.42 ലക്ഷമായിരുന്നു. ഇപ്പോഴത് 3.47 ലക്ഷമാക്കി ഉയര്‍ത്താന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. കൊവിഡ് കാലത്തും ഈ നിലയിലേക്ക് ഉയരാനായതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ നിര്‍ണായകമാണ്. കഴിഞ്ഞ നാല് വര്‍ഷത്തെ ബി.ജെ.പി ഭരണം നിക്ഷേപകരുടെയും സാങ്കേതിക വിദഗ്ദരുടെയും സ്വപ്‌നഭൂമിയായി കര്‍ണാടകയെ മാറ്റി,’ അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് കൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ബൊമ്മൈയുടെ വാദത്തെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് റിസ്‌വാന്‍ അര്‍ഷദ് നരേന്ദ്ര മോദിയോ അമിത് ഷായോ പോലും അറിയാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്നും അഭിപ്രായപ്പെട്ടു.

‘തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പോലും ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്നത് നാണക്കേടാണ്. അത്രക്കുണ്ട് അവരുടെ ഭരണത്തിന്റെ മഹത്വം. ബസവരാജ് ബൊമ്മൈയെ കുറിച്ച് നരേന്ദ്ര മോദിയോ അമിത് ഷായോ സംസാരിക്കാറില്ല. എന്നിട്ടാണീ അവകാശവാദം,’ റിസ്‌വാന്‍ അര്‍ഷദ് പറഞ്ഞു.

Content Highlight: Basavaraj bommai says he will return as a cheif minister of karnataka