Advertisement
national news
'ഇന്ത്യക്കാര്‍ക്ക് പശുക്കളുമായി വൈകാരിക ബന്ധം'; ബി.ജെ.പിയുടെ കാലത്തുള്ള കശാപ്പ് നിയമം ഇപ്പോഴും കര്‍ണാടകയിലുണ്ട്: ബൊമ്മൈ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 04, 05:31 pm
Sunday, 4th June 2023, 11:01 pm

ബെംഗളൂരു: ഇന്ത്യക്കാര്‍ക്ക് പശുക്കളുമായി വൈകാരിക ബന്ധമുണ്ടെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ബസരാജ് ബൊമ്മൈ. ഇന്ത്യക്കാര്‍ പശുവിനെ മാതാവായി അംഗീകരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എരുമയെയും കാളയെയും അറക്കാമെങ്കില്‍ പശുവിനെ എന്തുകൊണ്ട് അറക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. വെങ്കടേഷ് പറഞ്ഞിരുന്നു. അതിനെതിരെയാണ് ഇപ്പോള്‍ ബൊമ്മൈ രംഗത്തെത്തിയിരിക്കുന്നത്.

‘എന്തുകൊണ്ട് പശുക്കളെ അറക്കാന്‍ പാടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. വെങ്കിടേഷ് ചോദിക്കുകയുണ്ടായി. ആ പ്രസ്താവന എന്നെ അത്ഭുതപ്പെടുത്തി. അപലപനീയമായ പ്രസ്താവനയാണ് അത്. നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പശുവുമായി വൈകാരിക അടുപ്പമാണുള്ളത്. പശുവിനെ മാതാവായി ആരാധിക്കുന്നവരാണ് ഞങ്ങള്‍. ആരുടെ പ്രീതിക്ക് വേണ്ടിയാണ് അദ്ദേഹം ഇങ്ങനൊരു പ്രസ്താവന നടത്തിയത്.

ഗോവധം നിരോധിക്കണമെന്ന് ആദ്യമായി വാദിച്ചത് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയാണ്. ബഹുമാനപ്പെട്ട രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി വാദിച്ച ഗോവധ നിരോധനം 1960കളില്‍ തന്നെ പല സംസ്ഥാനങ്ങളും പ്രാബല്യത്തില്‍ കൊണ്ടുവന്നു,’ അദ്ദേഹം പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയോട് കൂടി പശുക്കടത്ത് വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘മന്ത്രിയുടെ പ്രസ്താവനയോട് കൂടി വന്‍ തോതിലുള്ള പശുക്കടത്തും കശാപ്പ് ഫാക്ടറികളും ഉയരും. നമ്മുടെ ഭരണകാലത്ത് അനധികൃത അറവുശാലകള്‍ തടയാന്‍ നിയമം കൊണ്ടു വന്നിരുന്നു. കര്‍ണാടകയില്‍ ഇത് വരെ പുതിയ നിയമം കൊണ്ടുവന്നിട്ടുമില്ല.

ആലോചിച്ച് മാത്രമേ മന്ത്രി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പറയാന്‍ പാടുള്ളൂ. ഇക്കാര്യത്തില്‍ മന്ത്രിക്ക് ഉചിതമായ ഉപദേശം സിദ്ധരാമയ്യ നല്‍കണം,’ ബൊമ്മൈ പറഞ്ഞു.

പോത്തിനെയും കാളകളെയും അറക്കാമെങ്കില്‍ പശുക്കളെ എന്തുകൊണ്ട് അറക്കരുതെന്ന് ടി. വെങ്കിടേഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കര്‍ണാടക കശാപ്പ് നിയമം പിന്‍വലിക്കുന്നതിന് ഉചിതമായ നിയമ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

content highlight: basavaraj bommai against venkitesh statement against cow slaughter