ബെംഗളൂരു: തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ എടുത്തുമാറ്റിയ നാല് ശതമാനം മുസ്‌ലിം സംവരണം പുന:സ്ഥാപിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
സംവരണത്തിന്റെ കാര്യത്തില്‍ തങ്ങളെടുത്ത തീരുമാനത്തെ തൊടാന്‍ പോലും കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് ബൊമ്മൈ പറഞ്ഞത്.
കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഭരണത്തിലെത്തിയാല്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സംവരണം പുന:സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബൊമ്മൈയുടെ പ്രതികരണം.
‘കോണ്‍ഗ്രസിന് സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തതയൊന്നുമില്ല. അവര്‍ വെറുതെ പ്രസ്താവനകളിറക്കുകയാണ്. അവര്‍ക്ക് ഞങ്ങളുടെ സംവരണ നയത്തെ ഒന്നു തൊടാന്‍ പോലും കഴിയില്ല. അവര്‍ക്കെന്താണ് ചെയ്യാന്‍ കഴിയുന്നതെന്ന് നമുക്ക് നോക്കാം,’ ബൊമ്മൈ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാണെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുമെന്നും ബൊമ്മൈ പറഞ്ഞു.
‘ഞാന്‍ മനസിലാക്കിയിടത്തോളം 60 സീറ്റുകളില്‍ കോണ്‍ഗ്രസിന് ശരിയായ സ്ഥാനാര്‍ത്ഥികളില്ല. കോണ്‍ഗ്രസ് വെറുതെ കിടന്ന് ബഹളം വെക്കുകയാണ്. അവരുടെ സംഘടനക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങളുണ്ട്. പാര്‍ട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ വലിയ തര്‍ക്കങ്ങളാണ് നടക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ ദയനീയമായി പരാജയപ്പെടും,’ ബൊമ്മൈ പറഞ്ഞു.
കഴിഞ്ഞ മാസമാണ് മുസ്‌ലിങ്ങള്‍ക്കുണ്ടായിരുന്ന 4 ശതമാനം ഒ.ബി.സി സംവരണം ബി.ജെ.പി സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത് വീരശൈവ ലിംഗായത്തുകള്‍ക്കും വൊക്കലിഗ സമുദായത്തിനുമായി അനുവദിച്ച് നല്‍കി.
ഇതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സംവരണം ഉയര്‍ത്തണമെന്ന് ഇരു വിഭാഗങ്ങളും ആവശ്യമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇരു വിഭാഗങ്ങള്‍ക്കും സംവരണം ഉയര്‍ത്തിയ നടപടി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കരുതുന്നത്. മെയ് 10നാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13നാണ് വോട്ടെണ്ണല്‍.
Content Highlights: Basavaraj bommai against DK sivakumar over muslim reservation