കര്‍ണാടക തെരഞ്ഞെടുപ്പ്; അദാനിയെപ്പോലുള്ള കോടീശ്വരന്മാരെ സഹായിക്കുന്നതിനെക്കുറിച്ചല്ല പാവങ്ങളുടെ ക്ഷേമത്തെക്കുറിച്ചാണ് ബസവണ്ണ പറയുന്നത്;രാഹുല്‍ ഗാന്ധി
national news
കര്‍ണാടക തെരഞ്ഞെടുപ്പ്; അദാനിയെപ്പോലുള്ള കോടീശ്വരന്മാരെ സഹായിക്കുന്നതിനെക്കുറിച്ചല്ല പാവങ്ങളുടെ ക്ഷേമത്തെക്കുറിച്ചാണ് ബസവണ്ണ പറയുന്നത്;രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th April 2023, 10:56 am

 

ബെംഗളൂരു: സാമൂഹ്യപരിഷ്‌കര്‍ത്താവായ ബസവണ്ണയുടെ ആശയങ്ങളെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ പ്രസംഗിക്കാറേയുള്ളുവെന്നും അത് പിന്തുടരാറില്ലെന്നും രാഹുല്‍ ഗാന്ധി. ബസവണ്ണയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

ബസവ ജയന്തിയോടനുബന്ധിച്ച് ഞായറാഴ്ച വിജയപുരയില്‍ നടന്ന സമ്മേളനത്തിലാണ് ബി.ജെ.പിക്കെതിരെ രൂക്ഷമായ ആക്രമണവുമായി രാഹുല്‍ രംഗത്തെത്തിയത്. സമൂഹത്തില്‍ ഐക്യമുണ്ടാവുക എന്ന ബസവണ്ണയുടെ ആശയത്തെയാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും എന്നാല്‍ ബി.ജെ.പിയും ആര്‍.എസ്.എസും മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

ബസവണ്ണയുടെ ആശയങ്ങളെ മുന്‍നിര്‍ത്തി നരേന്ദ്ര മോദി-അദാനി കൂട്ടുകെട്ടിനെയും രാഹുല്‍ കടന്നാക്രമിച്ചു. രാജ്യത്തിന്റെ സ്വത്ത് പാവപ്പെട്ട, ആവശ്യക്കാരായ ജനങ്ങള്‍ക്കാണ് വിതരണം ചെയ്യേണ്ടതെന്നും, അല്ലാതെ ശതകോടീശ്വരന്മാരായ അദാനിയെപ്പോലുള്ളവര്‍ക്കല്ലെന്നും രാഹുല്‍ പറഞ്ഞു.

‘ഞാന്‍ ബസവേശ്വരയുടെ ആശയങ്ങള്‍ വായിക്കാനും മനസിലാക്കാനും ശ്രമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമ്പത്ത് ഏതെങ്കിലും കുറച്ച് ധനികരിലേക്ക് കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചല്ല അതില്‍ പറയുന്നത്. എന്നാല്‍ ഇവിടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ബി.ജെ.പി അദാനിക്ക് നല്‍കുകയാണ്,’ രാഹുല്‍ പറഞ്ഞു.

‘രാജ്യത്ത് അഴിമതി നിറഞ്ഞ ഭരണമാണ് ബി.ജെ.പി നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളില്‍ അഴിമതിക്കെതിരെയാണ് സംസാരിക്കുന്നത്, എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. അതുകൊണ്ടാണ് സംസ്ഥാനത്ത് കോണ്‍ട്രാക്ടുകള്‍ക്ക് 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ട ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയില്‍ മോദി പ്രതികരിക്കാത്തത്. മോദി ഇതുവരെയും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല, ഇനി പ്രതികരിക്കുമെന്നും തോന്നുന്നില്ല,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് 150 സീറ്റുകളില്‍ വിജയിക്കുമെന്നും 40 ശതമാനം കമ്മീഷന്‍ അഴിമതിയിലൂടെ നേടിയ കാശ് കൊണ്ട് എം.എല്‍.എമാരെ വിലക്കെടുക്കാനോ കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനോ ബി.ജെ.പിക്ക് കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. 40 ശതമാനം കമ്മീഷന്‍ പിരിച്ച ബി.ജെ.പിക്ക് 40 സീറ്റുകളേ ഇത്തവണ സംസ്ഥാനത്ത് ലഭിക്കൂ എന്നും രാഹുല്‍ പറഞ്ഞു.

സമ്മേളനത്തിന് മുന്നോടിയായി കര്‍ണാടകയിലെ പ്രധാന ലിംഗായത്ത് ക്ഷേത്രങ്ങളിലൊന്നായ ബാഗല്‍കോട്ട് ജില്ലയിലെ സംഗമനാഥ് ക്ഷേത്രം, ബസവണ്ണയുടെ സ്മരണാര്‍ത്ഥം നിര്‍മിച്ച ബസവ മണ്ഡപം എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ലിംഗായത്ത് സമുദായത്തിലുള്‍പ്പെട്ട പ്രധാന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവഡി എന്നിവര്‍ ബി.ജെ.പി വിട്ട് തങ്ങളുടെ പാളയത്തിലെത്തിയത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മെയ് പത്തിനാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13നാണ് വോട്ടെണ്ണല്‍

Content Higjlights: Basavanna is talking about the welfare of the poor and not about helping billionaires like Adani; Rahul Gandhi