| Thursday, 8th September 2022, 1:47 pm

'ദല്‍ഹിയില്‍ അടിവസ്ത്രങ്ങള്‍ വാങ്ങാന്‍ പോയതാണ്' ; ഹേമന്ത് സോറന് പുതിയ തലവേദനയായി സഹോദരന്റെ വാക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സഹോദരനും ധുംക എം.എല്‍.എയുമായ ബസന്ത് സോറന്റെ വാക്കുകള്‍. ധുംകയില്‍ പീഡിനത്തിനിരയാക്കി കൊലപ്പെടുത്തിയ രണ്ട് ആദിവാസി പെണ്‍കുട്ടികളുടെ വീട്ടിലെത്തിയപ്പോള്‍ ബസന്ത് സോറന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

മറ്റു പാര്‍ട്ടികളുമായി സഖ്യത്തിന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ പോയത് എന്തിനായിരുന്നു എന്നായിരുന്നു ബസന്തിനോട് മാധ്യമങ്ങളുടെ ചോദ്യം. അടിവസ്ത്രങ്ങള്‍ വാങ്ങാനെന്നായിരുന്നു ഇതിന് ബസന്തിന്റെ മറുപടി.

‘എന്റെ കയ്യിലെ അടിവസ്ത്രങ്ങളെല്ലാം തീര്‍ന്നിരിക്കുകയായിരുന്നു. അതുകൊണ്ട് പുതിയത് വാങ്ങാമെന്ന് വെച്ചു. ഞാന്‍ ദല്‍ഹിയില്‍ നിന്നാണ് സ്ഥിരമായി വാങ്ങാറുള്ളത്. അതുകൊണ്ട് കുറച്ച് അടിവസ്ത്രങ്ങള്‍ വാങ്ങാന്‍ വേണ്ടി പോയതാണ്,’ ബസന്ത് പറഞ്ഞു.

ബസന്ത് ചിരിച്ചുകൊണ്ടായിരുന്നു ഇതെല്ലാം പറഞ്ഞത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്ഥലം എം.എല്‍.എയായ ബസന്ത് സന്ദര്‍ശിക്കാത്തതിനെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ പ്രസ്താവന കൂടി വന്നത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

നേരത്തെ, ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ”ഇത്തരം കാര്യങ്ങള്‍ എല്ലായിടത്തും നടന്നുകൊണ്ടേയിരിക്കും, എവിടെയാണ് അത് നടക്കാത്തത്,” എന്നായിരുന്നു സെപ്റ്റംബര്‍ 5ന് ഹേമന്ത് സോറന്‍ നടത്തിയ പ്രതികരണം. ഇതും സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയിരുന്നു.

അതേസമയം അനധികൃത ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അവിശ്വാസപ്രമേയത്തില്‍ സോറന്‍ ജയിച്ചെങ്കിലും എം.എല്‍.എ സ്ഥാനം നഷ്ടപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. എന്നാല്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കമാണിതെന്നാണ് ഹേമന്ത് സോറന്റെ വാദം.

Content Highlight: Basant Soren says he went to Delhi to buy undergarments

We use cookies to give you the best possible experience. Learn more