icc world cup
രോഹിത്തിനെ പുറത്താക്കിയപ്പോള്‍ കടത്തിവെട്ടിയത് സ്വന്തം അച്ഛനെ; ലോകകപ്പിലെ ഡച്ച് ഗാഥ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 12, 11:50 am
Sunday, 12th November 2023, 5:20 pm

 

2023 ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരം കളിക്കുകയാണ് നെതര്‍ലന്‍ഡ്‌സ്. ഇതുവരെ കളിച്ച എട്ട് മത്സരത്തില്‍ രണ്ട് വിജയം മാത്രമാണ് നെതര്‍ലന്‍ഡ്‌സിന് നേടാന്‍ സാധിച്ചത്. പോയിന്റ് പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ഡച്ച് പട.

സൗത്ത് ആഫ്രിക്കയെയും ബംഗ്ലാദേശിനെയുമാണ് ഈ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് പരാജയപ്പെടുത്തിയത്. ഈ രണ്ട് വിജയങ്ങളേക്കാളപ്പുറം നിരവധി മികച്ച വ്യക്തിഗത പ്രകടനങ്ങളും താരങ്ങളും ഈ ലോകകപ്പില്‍ ഡച്ച് പടയ്ക്കായി തിളങ്ങിയിരുന്നു.

ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സ്, സൈബ്രന്‍ഡ് എന്‍ഗല്‍ബ്രക്ട്, വെസ്‌ലി ബെറാസി, മാക്‌സ് ഒ ഡൗഡ് തുടങ്ങിയ താരങ്ങള്‍ ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ പോള്‍ വാന്‍ മീകരെന്‍, ബാസ് ഡി ലീഡ്, ലോഗന്‍ വാന്‍ ബീക് എന്നിവര്‍ ബൗളിങ്ങിലും തിളങ്ങി.

 

 

സൂപ്പര്‍ താരം ബാസ് ഡി ലീഡിന്റെ പ്രകടനമാണ് ഇതില്‍ എടുത്ത് പറയേണ്ടത്. ഈ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമായാണ് ലീഡ് കയ്യടി നേടിയത്.

ഇന്ത്യക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയെ പുറത്താക്കിയതോടെ മറ്റൊരു നേട്ടവും ലീഡിനെ തേടിയെത്തിയിരുന്നു. ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന നേട്ടമാണ് ലീഡ് സ്വന്തമാക്കിയത്.

 

രോഹിത്തിന് പുറത്താക്കും മുമ്പ് 14 വിക്കറ്റുമായി തന്റെ അച്ഛനും മുന്‍ ഡച്ച് സൂപ്പര്‍ താരവുമായിരുന്ന ടിം ഡി ലീഡിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട ബാസ് ഡി ലീഡ്, ഒമ്പതാം മത്സരത്തില്‍ രോഹിത്തിനെ പുറത്താക്കിയതോടെ അച്ഛനെ മറികടന്ന് ഒറ്റക്ക് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

2003 ലോകകപ്പില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചതോടെയാണ് ടിം ഡി ലീഡ് ലോക ശ്രദ്ധ നേടിയത്. 20 വര്‍ഷങ്ങള്‍ക്കിപ്പുറം പാകിസ്ഥാനെതിരെ നാല് വിക്കറ്റ് നേട്ടം ആഘോഷിച്ച് ബാസ് ഡി ലീഡും തരംഗമായി.

 

അതേസമയം, നെതര്‍ലന്‍ഡ്‌സിനെതിരെ ബാറ്റിങ് തുടരുന്ന ഇന്ത്യ ഇതിനോടകം 300 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്. 42 ഓവറില്‍ 304 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 71 പന്തില്‍ 80 റണ്‍സുമായി ശ്രേയസ് അയ്യരും 39 പന്തില്‍ 49 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

 

Content Highlight: Bas de Leede surpassed Tim de Leede