ഇത് ചരിത്രം! എട്ടാം നമ്പറില്‍ വന്ന് ഇന്ത്യയെ പഞ്ഞിക്കിട്ട ആദ്യ ബാറ്റര്‍
Sports News
ഇത് ചരിത്രം! എട്ടാം നമ്പറില്‍ വന്ന് ഇന്ത്യയെ പഞ്ഞിക്കിട്ട ആദ്യ ബാറ്റര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th August 2023, 10:42 pm

 

ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ട്വന്റി-20 മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ അയര്‍ലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടടത്തില്‍ 139 റണ്‍സ് നേടി.

ആദ്യ ഓവറില്‍ തന്നെ നായകന്‍ ബുംറ ഇന്ത്യക്കായി തീ തുപ്പിയിരുന്നു. ആദ്യ ഓവറില്‍ നാല് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ബുംറ കൊയ്തത്. പരിക്ക് കാരണം ഒരു വര്‍ഷത്തോളം പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാതിരുന്ന ബുംറയുടെ മികച്ച തിരിച്ചുവരവായിരുന്നു ഇത്.

ആദ്യ പത്ത് ഓവറുകളോളം അയര്‍ലന്‍ഡ് പതറുന്ന കാഴ്ചയായിരുന്നു കണ്ടത്. മത്സരത്തില്‍ ഒരു തരത്തിലും അയര്‍ലന്‍ഡിന് ഇന്ത്യക്ക് മുകളില്‍ എത്താന്‍ സാധിക്കാത്ത അവസ്ഥ. മറുവശത്ത് ബുംറ നയിക്കുന്ന ബൗളിങ് നിര തീ തുപ്പുന്ന പ്രകടനവും. ഒരു സമയം അയര്‍ലന്‍ഡ് നൂറ് കടക്കുമോ എന്ന് വരെ സംശയിച്ചിരുന്നു.

എന്നാല്‍ അയര്‍ലന്‍ഡിന്റെ എട്ടാം നമ്പര്‍ ബാറ്റര്‍ ബാരി മക്കാര്‍ത്തി വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. 10 ഓവറില്‍ ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെയായിരുന്നു മക്കാര്‍ത്തി ക്രീസിലെത്തുന്നത്. ഏഴാം വിക്കറ്റില്‍ കര്‍ടിസ് കാംഫറുമായി മികച്ച 57 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാന്‍ മക്കാര്‍ത്തിക്ക് സാധിച്ചു. കാംഫര്‍ 33 പന്തില്‍ നിന്നും 39 റണ്‍സ് നേടി.

എന്നാല്‍ പിന്നീട് മക്കാര്‍ത്തി അഴിഞ്ഞാടുകയായിരുന്നു. ഒടുവില്‍ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 33 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ മക്കാര്‍ത്തി നിന്നു. മത്സരം എങ്ങനെ അവസാനിച്ചാലും മക്കാര്‍ത്തിയുടെ ഇന്നിങ്‌സ് ഒരുപാട് പ്രശംസ അര്‍ഹിക്കുന്നതാണ്. നാല് ഫോറും അത്രയും തന്നെ സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഇന്ത്യക്കെതിരെ ട്വന്റി-20 ക്രിക്കറ്റില്‍ എട്ടാം നമ്പറില്‍ ഇറങ്ങി അര്‍ധസെഞ്ച്വറി തികക്കുന്ന ആദ്യ ബാറ്ററാണ് മക്കാര്‍ത്തി. താരത്തിന്റെ ആദ്യ അര്‍ധസെഞ്ച്വറി കൂടിയാണിത്.

ഇന്ത്യക്കായി ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ടും അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.5 ഓവറില്‍ 47/2 എന്ന നിലയിലാണ്. 24 റണ്‍സ് നേടി യശസ്വി ജെയ്‌സ്വാളും, റണ്‍സൊന്നുമെടുക്കാതെ തിലക് വര്‍മയുമാണ് പുറത്തായ ബാറ്റര്‍മാര്‍.

19 റണ്‍സുമായി റുതുരാജ് ഗെയ്ക്വാദും ഒരു റണ്ണുമായി സഞ്ജു സാംസണുമാണ് ക്രീസിലുള്ളത്.

Content Highlight: Barry Mccarthy scored a brilliant fifty against india