ക്രിസ്മസിനും ഭൂതമെത്തില്ല... ഇനി എമ്പുരാന്റെ കൂടെ ക്ലാഷ് വെക്കാനാണോ ഉദ്ദേശം?
Film News
ക്രിസ്മസിനും ഭൂതമെത്തില്ല... ഇനി എമ്പുരാന്റെ കൂടെ ക്ലാഷ് വെക്കാനാണോ ഉദ്ദേശം?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th November 2024, 1:46 pm

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാറോസ്. 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്നു എന്നതാണ് ബാറോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് ബാറോസ്.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ അണിയിച്ചൊരുക്കിയ ജിജോ പുന്നൂസാണ് ബാറോസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 2021ല്‍ ചിത്രീകരണമാരംഭിച്ച ബാറോസ് പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോവുകയായിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാരണം പൃഥ്വി ബാറോസില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ ബാറോസിന്റെ ഷൂട്ട് അവസാനിച്ചിരുന്നു. സമ്മര്‍ റിലീസായി പ്ലാന്‍ ചെയ്ത ചിത്രം വീണ്ടും നീണ്ടുപോയി.

പിന്നീട് ഒക്ടോബര്‍ മൂന്നിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് റിലീസുകള്‍ ഉള്ളതിനാല്‍ ഒക്ടോബറില്‍ നിന്ന് മാറ്റുകയും ഡിസംബര്‍ 20ന് എത്തിയേക്കുമെന്ന് സൂചന നല്‍കുകയും ചെയ്തു. എന്നാല്‍ ഹോളിവുഡിലെ വമ്പന്‍ റിലീസായ മുഫാസ കാരണം ബാറോസ് ഡിസംബര്‍ 20ല്‍ നിന്ന് പിന്മാറി. കേരളത്തിന് പുറത്ത് പല തിയേറ്ററുകളും ബാറോസിനെക്കാള്‍ മുഫാസക്ക് പരിഗണന നല്‍കുമെന്നതിനാലാണ് ക്രിസ്മസ് റിലീസില്‍ നിന്ന് ബാറോസ് പിന്മാറിയത്.

ത്രീ.ഡി., ടു.ഡി, എന്നിവക്ക് പുറമെ ഐമാക്‌സ് ഫോര്‍മാറ്റിലും ബാറോസ് റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഐമാക്‌സ് ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളസിനിമകൂടിയാണ് ബാറോസ്. ക്രിസ്മസ് റിലീസില്‍ നിന്നും പിന്മാറിയ ചിത്രം എന്ന് പുറത്തിറങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അടുത്ത വര്‍ഷം ജനുവരിയോടെ ബാറോസ് വെളിച്ചം കാണുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ സന്തോഷ് ശിവനാണ് ബാറോസിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് പുറമെ വിദേശത്ത് നിന്ന് ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ക്യാമറയുടെ മുന്നിലും പിന്നിലുമായി ബാറോസിന്റെ ഭാഗമാകുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Barroz postponed again its release