മഞ്ഞില്‍ വിരിഞ്ഞ സംവിധായകന്‍, ത്രീഡിയില്‍ വിസ്മയിപ്പിച്ച് ബാറോസ്
Entertainment
മഞ്ഞില്‍ വിരിഞ്ഞ സംവിധായകന്‍, ത്രീഡിയില്‍ വിസ്മയിപ്പിച്ച് ബാറോസ്
അമര്‍നാഥ് എം.
Wednesday, 25th December 2024, 3:24 pm

47 വര്‍ഷമായി ക്യാമറക്ക് മുന്നില്‍ നമ്മളെ അത്ഭുതപ്പെടുത്തിയ മോഹന്‍ലാല്‍ എന്ന നടന്‍ ക്യാമറക്ക് പിന്നില്‍ നിന്നുകൊണ്ട് എന്ത് അത്ഭുതമാണ് ഒരുക്കിവെച്ചിട്ടുള്ളതെന്നറിയാനുള്ള ആകാംക്ഷയാണ് ബാറോസ് എന്ന സിനിമയിലേക്ക് ഏറ്റവുമധികം പ്രതീക്ഷ തന്ന ഘടകം. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം നല്ലൊരു സിനിമ തന്നെയാണ് ഒരുക്കിവെച്ചിട്ടുള്ളത് എന്ന് ആദ്യമേ പറയാം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഡിസംബര്‍ 25ന് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ നടനായി മാറിയ ആളാണ് മോഹന്‍ലാല്‍. മറ്റൊരു ഡിസംബര്‍ 25ന് അയാള്‍ സംവിധായകനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്.

മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും മികച്ച ത്രീ.ഡി. ചിത്രമെന്ന് ബാറോസിനെ വിശേഷിപ്പിക്കാം. ഈയടുത്ത് വന്ന ത്രീ.ഡി. ചിത്രങ്ങളെ പോലെ 2ഡിയില്‍ ചിത്രീകരിച്ച് ത്രീ.ഡി ഇഫക്ട് നല്‍കുന്നതിന് പകരം പൂര്‍ണമായും ത്രീ.ഡിയില്‍ തന്നെ ചിത്രീകരിച്ച ചിത്രമാണ് ബാറോസ്. അതിനാല്‍ തന്നെ ത്രീ.ഡി. സീനുകളെല്ലാം മികച്ച അനുഭവം നല്‍കി.

ടെക്‌നിക്കല്‍ മേഖലകളെല്ലാം തന്നെ മികവ് പുലര്‍ത്തുമ്പോള്‍ ചിത്രത്തെ പിന്നോട്ട് വലിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് ചിത്രത്തിന്റെ തിരക്കഥയാണ്. മികച്ചൊരു കണ്‍സപ്റ്റിനെ പ്രേക്ഷകരുമായി കണക്ടാക്കുന്ന കാര്യത്തില്‍ തിരക്കഥ പരാജയപ്പെട്ടിട്ടുണ്ട്. അതിനോടൊപ്പം അതിനാടകീയമായ സംഭാഷണങ്ങളും വലിയ രീതിയില്‍ കല്ലുകടിയായി മാറി.

മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, ഗുരു സോമസുന്ദരം ഇവരൊഴികെ മറ്റ് ആര്‍ട്ടിസ്റ്റുകളെല്ലാം വിദേശികളും കണ്ട് പരിചയമില്ലാത്ത മുഖങ്ങളുമാണ്. രണ്ട് കാലഘട്ടത്തില്‍ പറയുന്ന കഥയില്‍ കഴിഞ്ഞ കാലത്തെ കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ അതേ ആര്‍ട്ടിസ്റ്റുകളെ മലയാളം പറയിപ്പിച്ചത് മറ്റൊരു നെഗറ്റീവായ തോന്നിയെന്ന് പറയാതെ വയ്യ.

ടൈറ്റില്‍ കഥാപാത്രം മോഹന്‍ലാലാണെങ്കിലും കഥ മുന്നോട്ടുപോകുന്നത് ഇസബെല്ല എന്ന കുട്ടിയിലൂടെയാണ്. ഇസബെല്ലയായി മായാ റാവു മികച്ച പെര്‍ഫോമന്‍സായിരുന്നു. മലയാളം ഡയലോഗുകളിലെ ലിപ് സിങ്ക് ഒരുഭാഗത്തും മോശമാക്കിയില്ല. ഇമോഷണല്‍ സീനുകളിലും നല്ല പ്രകടനമാണ് മായ കാഴ്ചവെച്ചത്. അതേസമയം റോന്‍ മാധവ് ആയിവന്ന തുഹിന്‍ മേനോന്റെ കഥാപാത്രം നിരാശപ്പെടുത്തി. പൃഥ്വിരാജ് ചെയ്യേണ്ട വേഷത്തിലേക്ക് മറ്റേതെങ്കിലും നടനെ കൊണ്ടുവന്നിരുന്നെങ്കിലെന്ന് തോന്നിപ്പോയി.

 

ഗുരു സോമസുന്ദരത്തിന് മിന്നല്‍ മുരളിക്ക് ശേഷം മലയാളത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഷിബുവിനെപ്പോലെ പെര്‍ഫോം ചെയ്യാനുള്ളതൊന്നും ആ സിനിമകളില്‍ ഉണ്ടായിരുന്നില്ല. ബാറോസിലും സ്ഥിതി വ്യത്യസ്തമായി തോന്നിയില്ല. മൂന്ന് സീനില്‍ മാത്രം വന്ന് ആന്റണി പെരുമ്പാവൂര്‍ കൈയടി നേടി.

ക്യാമറക്ക് പിന്നില്‍ മോഹന്‍ലാല്‍ എന്ന സംവിധായകന്‍ അത്ഭുതപ്പെടുത്തിയപ്പോള്‍ ക്യാമറക്ക് മുന്നില്‍ അദ്ദേഹത്തിലെ നടന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കുറച്ച് ഇമോഷണല്‍ സീനുകളും കോമഡി സീനുകളും ഉണ്ടെങ്കില്‍ കൂടി അതൊന്നും മോഹന്‍ലാല്‍ എന്ന നടന് വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നില്ല.

ലിഡിയന്‍ നാദസ്വരം ഒരുക്കിയ ഗാനങ്ങള്‍ അതിമനോഹരമായിരുന്നു. മനമേ, ഇസബെല്ല എന്നീ ഗാനങ്ങള്‍ ഇതുവരെ കേട്ട മലയാള ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ അനുഭവം സമ്മാനിച്ചു. 19ാം വയസില്‍ ഇത്രയും വലിയ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ലിഡിയന്‍ സിനിമാലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബാറോസ് അടിവരയിടുന്നു.

സന്തോഷ് ശിവന്റെ ക്യാമറാക്കണ്ണുകളിലൂടെ ബാറോസിന്റെ ലോകം കൂടുതല്‍ മികച്ചതായി അനുഭവപ്പെട്ടു. ത്രീ.ഡി. ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ഔട്ട്‌ഡോര്‍ രംഗങ്ങളില്‍ മികവ് തോന്നിയില്ല

മാര്‍ക്ക് കിലിയന്‍, ഹോളിവുഡ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ മാര്‍ക്ക് മലയാളത്തിലെ അരങ്ങേറ്റം മോശമാക്കിയില്ല. ഫാന്റസി ഴോണറിനോട് യോജിച്ച സംഗീതം തന്നെയാണ് മാര്‍ക്ക് കിലിയന്‍ ഒരുക്കിവെച്ചത്. സന്തോഷ് രാമന്‍ ഒരുക്കിയ സെറ്റുകളും, ജ്യോതി മദ്‌നാനി സിങ്ങിന്റെ വസ്ത്രാലങ്കാരവും ചിത്രത്തെ റിച്ച് ആക്കി നിലനിര്‍ത്തുന്നുണ്ട്.

കൊവിഡ് മൂലം ഷൂട്ട് നിര്‍ത്തിവെച്ചതും പിന്നീട് അതിന്റെ പരിമിതികള്‍ക്കിടയില്‍ നിന്ന് പൂര്‍ത്തിയാക്കേണ്ടി വന്നതിന്റെയും ന്യൂനതകള്‍ ചില ഭാഗങ്ങളില്‍ കാണാന്‍ സാധിച്ചു. എന്നിരുന്നാലും ഒരു ഫാന്റസി ത്രീ.ഡി. ചിത്രം എന്ന നിലയില്‍ ബാറോസ് നിരാശപ്പെടുത്തിയിട്ടില്ല. മികച്ച സ്‌ക്രിപ്റ്റുകള്‍ കിട്ടിയാല്‍ മോഹന്‍ലാല്‍ എന്ന സംവിധായകന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് തെളിയിച്ച ചിത്രമാണ് ബാറോസ്.

Content Highlight: Barroz movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം