| Sunday, 31st July 2022, 2:54 pm

ഒരു നിമിഷം ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന മോഹന്‍ലാല്‍; ബറോസ് പാക്ക് അപ്പ് ചിത്രം വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസിന്റെ ഷൂട്ട് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും.

ഇപ്പോഴിതാ ചിത്രം പാക്ക്  അപ്പ് ആയ നിമിഷത്തിലെ മോഹന്‍ലാലിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസന.

പാക്ക് ആപ്പ് ആയ സന്തോഷത്തില്‍ മോഹന്‍ലാല്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് അനീഷ് പങ്കുവെച്ചിരിക്കുന്നത്.

ദൈവത്തോട് നന്ദി പറയുന്ന ലാല്‍ സാറിനെ ഞാന്‍ കണ്ടു എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അനീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ഇന്നലെ ബറോസിന്റെ ഷൂട്ടിങ് അവസാനിച്ചപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ച ഒരു നീട്ടി വിളി ഉണ്ടായിരുന്നു പാക്ക് ആപ്പ് എന്ന്… മാത്രമല്ല അതേസമയം പലരുടെയും മൊബൈല്‍ ക്യാമറകളും ഓണായിരുന്നു.

പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ദൈവത്തിനോട് നന്ദി പറയുന്ന ലാല്‍ സാറിനെയാണ് ഞാന്‍ കണ്ടത്. മറ്റാരും കാണാതെ സ്വകാര്യതയുടെ ഒരു സെക്കന്റിനുള്ളില്‍ തീര്‍ത്തതാണ് ഈ പ്രാര്‍ത്ഥന.’ , അനീഷ് ഉപാസന പറയുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ജിജോ പൊന്നുസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ടൊവിനോ ചിത്രം മിന്നല്‍ മുരളിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേനായ ഗുരു സോമസുന്ദരം ബറോസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ.

ദ ഹ്യൂമന്‍ കോണ്‍ട്രാക്ട്, റാംബോ, സെക്സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനാണ് ഒടുവില്‍ പുറത്ത് വന്ന മോഹന്‍ലാല്‍ ചിത്രം. ഷാജി കൈലാസിന്റെ എലോണ്‍, വൈശാഖിന്റെ മോണ്‍സ്റ്റര്‍, പ്രിയദര്‍ശന്റെ ഓളവും തീരവും എന്നിവയാണ് ഇനി പുറത്ത് വരാനിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍.

Content Highlight : Barroz movie packup photo goes viral on social media

We use cookies to give you the best possible experience. Learn more