ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം ‘ബറോസ്’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നയാണ്.ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയില്‍ വാസ്‌കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ത്രീ ഡിയില്‍ ഒരുങ്ങുന്ന സിനിമയില്‍ ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന സാങ്കേതിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നവോദയയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ‘നവോദയ സ്റ്റുഡിയോസിലൂടെ’ അബദ്ധവശാല്‍ പുറത്തുവന്ന ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ടപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ജിജോ പൊന്നുസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ടൊവിനോ ചിത്രം മിന്നല്‍ മുരളിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധയനായ ഗുരു സോമസുന്ദരം ബറോസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന് റാഫേല് അമര്ഗോ എന്നിവര് പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല് അമര്ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന് കോണ്ട്രാക്ട്, റാംബോ, സെക്സ് ആന്ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്.
ട്വല്‍ത്ത് മാനാണ് മോഹന്‍ലാലിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്ത സിനിമയില്‍ ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, അനു സിത്താര, ശിവദ, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, അനുശ്രീ, അതിഥി രവി, രാഹുല്‍ മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.
Content Highlight : Barroz Movie making video released