മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമാണ് ബാറോസ്. മലയാളത്തിലെ ഏറ്റവും വലിയ താരം തന്റെ അനുഭവസമ്പത്തുകള്‍ എങ്ങനെ സംവിധാനത്തില്‍ പ്രതിഫലിപ്പിക്കുമെന്ന് കാണാന്‍ സിനിമാലോകം കാത്തിരിക്കുകയായിരുന്നു. 2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പലപ്പോഴായി ഷൂട്ട് മുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായത്.
2024 ക്രിസ്മസ് റിലീസായെത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതുമുതല്‍ നെഗറ്റീവ് അഭിപ്രായങ്ങളായിരുന്നു. പൂര്‍ണമായും ത്രീ.ഡിയില്‍ അണിയിച്ചൊരുക്കിയ ചിത്രം കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ പരാജയചിത്രങ്ങളിലൊന്നായി മാറി. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിലെ മോശം ഗ്രാഫിക്‌സ് രംഗങ്ങള്‍ ട്രോളിന് വിധേയമാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഫൈനല്‍ കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. 150 കോടി ബജറ്റില്‍ അണിയിച്ചൊരുക്കിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്. ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി പോലും നേടാതെയാണ് കളംവിട്ടത്. ത്രീ.ഡി ഗ്ലാസ് ചാര്‍ജടക്കം കേരളത്തില്‍ നിന്ന് 11 കോടിയാണ് ബാറോസ് നേടിയത്. ഓവര്‍സീസില്‍ നിന്ന് 5.7 കോടി നേടിയ ചിത്രം കേരളത്തിന് പുറത്ത് നിന്ന് വെറും 1.6 കോടി മാത്രമാണ് നേടിയത്.
ആകെ വെറും 18.2 കോടിയാണ് ചിത്രത്തിന്റ കളക്ഷന്‍. ബജറ്റിന്റെ 10 ശതമാനം മാത്രമേ ബാറോസിന് തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇതോടെ മലയാളം ഇന്‍ഡസ്ട്രിയിലെ ഏറ്റവും നഷ്ടമുണ്ടാക്കിയ ചിത്രമായി ബാറോസ് മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായി കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബനും ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. 68 കോടിക്ക് ഒരുക്കിയ ചിത്രം പകുതി കളക്ഷന്‍ പോലും നേടിയിരുന്നില്ല.
മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിച്ച സിനിമയാണ് ബാറോസ്. വിദേശത്ത് നിന്ന് ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മോഹന്‍ലാലിന് പുറമെ ആന്റണി പെരുമ്പാവൂര്‍, ഗുരു സോമസുന്ദരം, പ്രണവ് മോഹന്‍ലാല്‍ എന്നിവരാണ് ഇന്ത്യന്‍ സാന്നിധ്യം. ചിത്രത്തിന്റെ സംഗീതം ചെയ്തത് ഹോളിവുഡില്‍ നിന്നുള്ള മാര്‍ക് കിലിയനാണ്. ഇത്രയും വലിയ ക്രൂ ഉണ്ടായിരുന്നിട്ട് കൂടി ചിത്രത്തെ പ്രേക്ഷകര്‍ കൈയൊഴിയുകയാണുണ്ടായത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് മോഹന്‍ലാലിന്റെ അടുത്ത റിലീസ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്റെ ടീസര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. മാര്‍ച്ച് 27ന് പുറത്തിറങ്ങുന്ന ചിത്രത്തിനെ വരവേല്ക്കാന്‍ കേരളത്തിലെ മിക്ക തിയേറ്ററുകളും ഇപ്പോഴേ ഒരുങ്ങിക്കഴിഞ്ഞു.
കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ പരാജയങ്ങളെല്ലാം എമ്പുരാനിലൂടെ തീര്‍ത്ത് തന്റെ ബോക്‌സ് ഓഫീസ് സിംഹാസനം മോഹന്‍ലാല്‍ തിരികെ നേടുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Barroz movie end its box office run with 18 crores and became industrial disaster