| Tuesday, 12th June 2012, 12:30 am

ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം വിപ്ലവ രാഷ്ട്രീയത്തിന്റെ പുതുകാലത്തിന് തുടക്കമിട്ടു: ബര്‍ലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തോടെ വിപ്ലവ രാഷ്ട്രീയത്തിന്റെ പുതിയ കലാഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് പ്രമുഖ ഇടത് ചിന്തകന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. ആര്‍.എം.പി ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓര്‍ക്കാട്ടേരി മൈതാനിയില്‍ നടന്ന ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരന്റെ രക്തത്തില്‍ മുക്കിയ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊടിക്കൂറ രാജ്യം മുഴുവന്‍ പാറിപ്പിക്കണം. ഇതൊരു അഖിലേന്ത്യാ പാര്‍ട്ടിയായി മാറും. താനും ആര്‍.എം.പിയാണെന്ന് പ്രഖ്യാപിച്ച ബര്‍ലിന്‍  ചെഗുവേരയുടെ സ്ഥാനമാണ് ചന്ദ്രശേഖരനുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ റിവിഷണലിസ്റ്റ് നയം കാരണം പാര്‍ട്ടിയുടെ മരണ മണി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ പാര്‍ട്ടിയെ ഇനി കൊലയാളി സംഘമെന്നേ വിലിക്കാനാകൂ. മുതലാളി വര്‍ഗത്തിന്റെ ദത്തുപുത്രനായ പിണറായിയും സംഘവും നടത്തിയ ഈ കൊലപാതകം സി.പി.ഐ.എമ്മിന്റെ തകര്‍ച്ചക്ക് കാരണമാകും. ഒരു മുതലാളിയാണ് പിണറായിയുടെ ഏറ്റവും അടുത്ത സുഹൃത്ത്. വിപ്ലവ പാര്‍ട്ടിയായി സി.പി.ഐ.എമ്മിനെ പിണറായി കച്ചവടപാര്‍ട്ടിയാക്കിയിരിക്കുകയാണ്. ആര്‍.എം.പി പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ സി.പി.ഐ.എം കണ്ണൂര്‍ലോബിയാണ് ചന്ദ്രശേഖരനെ വധിച്ചത്. ഇത് രാഷ്ട്രീയ കൊലപാതകമാണ്. മാര്‍ക്‌സിസത്തെ തകര്‍ക്കലമാണ് ഇവരുടെ ലക്ഷ്യം. സോവിയറ്റ് റഷ്യയെ തകര്‍ത്തത് റിവിഷണലിസമാണ്. 1000 ചാക്ക് സിമന്റിന്റെ പേരില്‍ അഴിമതി നടത്തിയതിനാണ് ചൈനയില്‍ ഒരു പി.ബി അംഗത്തെ തൂക്കിക്കൊന്നത്.

ലാവ്‌ലിന്‍ കേസ് അവിടെയായിരുന്നെങ്കില്‍ പിണറായിയുടെ ഗതിയെന്താകുമായിരുന്നെന്നും താന്‍ ആലോചിച്ചുപോയെന്നും ബര്‍ലിന്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ആര്‍.എം.പി ഏരിയാ സെക്രട്ടറി പി.എന്‍ വേണു അധ്യക്ഷത വഹിച്ചു.  കെ.സി ഉമേഷ് ബാബു, കെ.എസ് ഹരിഹരന്‍, കെ.കെ കുഞ്ഞിക്കണാരന്‍, എം.ആര്‍ കുഞ്ഞികൃഷ്ണന്‍, എന്‍.പി ഭാസ്‌കരന്‍ മാസ്റ്റര്‍, ഇ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

We use cookies to give you the best possible experience. Learn more