| Saturday, 22nd April 2017, 6:26 pm

രാഹുല്‍ ഗാന്ധിയ്ക്കും അജയ്മാക്കനുമെതിരെ ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് വിട്ട ബര്‍ഖ ശുക്ല സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും മുതിര്‍ന്ന നേതാവ് അജയ് മാക്കനും എതിരെ ആരോപണമുന്നയിച്ച് പാര്‍ട്ടി വിട്ട ദല്‍ഹി മഹിളാ കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്ല സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവില്‍ നിന്നാണ് ബര്‍ഖ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസില്‍ അംഗമായിരുന്നതില്‍ താന്‍ ഖേദിക്കുന്നു എന്നായിരുന്നു ബര്‍ഖ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം പറഞ്ഞത്.ദല്‍ഹി മുന്‍സിപ്പല്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരികെ ബര്‍ഖ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് ആഘാതമാകും.

രാഹുല്‍ ഗാന്ധി നയിക്കുന്ന പാര്‍ട്ടി, സ്ത്രീകളെ വോട്ട് ശേഖരിക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും സ്ത്രീ ശാക്തീകരണത്തിനായി ഒന്നും ചെയ്യുന്നില്ലെന്നുമാണു ബര്‍ഖയുടെ ആരോപിച്ചായിരുന്നു ബര്‍ഖയുടെ രാജി. പ്രമുഖ നേതാവ് അജയ് മാക്കനെതിരെ ഗുരുതര ആരോപണമുന്നയിച്ചു കൊണ്ടാണ് ബര്‍ഖ രാജി നല്‍കിയത്.

അജയ് മാക്കന്‍ തന്നോടും ദല്‍ഹി മഹിളാ കോണ്‍ഗ്രസിലെ മറ്റുള്ളവരോടും മോശമായി പെരുമാറിയിട്ടുണ്ട്. ഇക്കാര്യം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് ബര്‍ഖ പറഞ്ഞിരുന്നു.

മാക്കന്‍ തങ്ങളെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെക്കുറിച്ചു പരാതിപ്പെട്ടപ്പോള്‍ രാഹുലിന്റെ ഓഫിസിലുള്ളയാള്‍ പറഞ്ഞതു വിഷയം അജയ് മാക്കനുമായി ചര്‍ച്ച ചെയ്യുമെന്നായിരുന്നു. രാഹുലിന്റെയും മാക്കന്റെയും നിലപാടു കാരണം അഞ്ച് ജില്ലാ പ്രസിഡന്റുമാരും 75 ബ്ലോക്ക് പ്രസിഡന്റുമാരും സംഘടനയില്‍നിന്നു വിട്ടുപോയി. ഇതില്‍ ഒരാള്‍ അജയ് മാക്കനെതിരെയും ശോഭ ഓസയ്ക്കെതിരെയും പരാതിപ്പെട്ടിരുന്നു.


Also Read: സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയുടെ കയ്യേറ്റത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കെ.എം മാണിയുടെ കത്ത് പുറത്ത്


നിലവിലെ സംഘടനയില്‍ തനിക്കുതന്നെ സുരക്ഷിതത്വമില്ല, പിന്നെങ്ങനെ ആ സംഘടനയിലെ സ്ത്രീകളെ താന്‍ ശാക്തീകരിക്കും. അതിനാലാണ് അധ്യക്ഷ പദവിയില്‍നിന്നു രാജിവയ്ക്കുന്നതെന്ന് ബര്‍ഖ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more