ന്യൂദല്‍ഹി: എന്‍.ഡി.ടി.വിയ്‌ക്കെതിരെ സെന്‍സര്‍ഷിപ്പ് ആരോപണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഒരുകാലത്ത് എന്‍.ഡി.ടി.വിയുടെ മുഖവുമായിരുന്ന ബര്‍ക്ക ദത്തും. തന്റെ “ഒട്ടേറെ സ്റ്റോറികള്‍ വെട്ടിയിട്ടുണ്ട്” എന്നാരോപിച്ചാണ് ബര്‍ക്ക ദത്ത് രംഗത്തുവന്നിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് ബര്‍ക്ക ദത്തിന്റെ പ്രതികരണം. സ്റ്റോറികള്‍ക്കുമേല്‍ കത്തിവെക്കുന്നത് എന്‍.ഡി.ടി.വിയില്‍ ആദ്യ സംഭവമല്ലെന്നും പലതവണ ന്യൂസ്‌റൂം സെന്‍സര്‍ഷിപ്പിനെതിരെ നിലകൊള്ളേണ്ടി വന്നിട്ടുണ്ടെന്നുമാണ് ബര്‍ക്ക ദത്തിന്റെ വെളിപ്പെടുത്തല്‍.
അമിത് ഷായുടെ മകനെതിരായ റിപ്പോര്‍ട്ട് ചാനല്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ ജെയ്ന്‍ എന്‍.ഡി.ടി.വിയെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ബര്‍ക്കാ ദത്തും സെന്‍സര്‍ഷിപ്പ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
നേരത്തെ താന്‍ സെന്‍സര്‍ ചെയ്യപ്പെട്ടപ്പോള്‍ തന്റെ മുന്‍സഹപ്രവര്‍ത്തകരാരും അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ടതായി ഓര്‍ക്കുന്നില്ലെന്നും അവര്‍ ട്വീറ്റിലൂടെ കുറ്റപ്പെടുത്തുന്നു.
എന്‍.ഡി.ടി.വിയില്‍ നിന്നു പുറത്തുപോകാനുള്ള കാരണം “സെന്‍സര്‍ഷിപ്പ്” ആണെന്ന സൂചനയും ബര്‍ക്ക ദത്ത് നല്‍കുന്നുണ്ട്. പി. ചിദംബരവുമായും മുന്‍ നേവി ചീഫുമായും നടത്തിയ ഇന്റര്‍വ്യൂകള്‍ സെന്‍സര്‍ ചെയ്ത കാര്യം ബര്‍ക്ക ദത്ത് എടുത്തു പറയുന്നുമുണ്ട്.
നരേന്ദ്രമോദി സര്‍ക്കാറിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അവകാശവാദങ്ങളെ വിമര്‍ശിക്കുന്ന പി. ചിദംബരത്തിന്റെ ഇന്റര്‍വ്യൂ എന്‍.ഡി.ടി.വി ഒഴിവാക്കിയിരുന്നു. ഒരു ദിവസം മുഴുവന്‍ ഇന്‍ര്‍വ്യൂവിന്റെ പ്രധാന ഭാഗങ്ങള്‍ ചാനലിലൂടെ വിട്ടശേഷമായിരുന്നു ഇന്റര്‍വ്യൂ പൂര്‍ണമായി ടെലികാസ്റ്റ് ചെയ്യാതിരുന്നത്. ഇതിന് എന്‍.ഡി.ടി.വി യാതൊരു വിശദീകരണവും നല്‍കിയിരുന്നില്ല.