| Wednesday, 6th March 2019, 6:47 pm

സൈബര്‍ ആക്രമണം: മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിനെതിരെയുള്ള സൈബര്‍ ആക്രമത്തില്‍ ദല്‍ഹി പൊലീസ് കേസെടുത്തു. തനിക്ക് ഭീഷണിയുണ്ടെന്നും അത്തരത്തിലുള്ള ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ വഴി മോശമായ ചിത്രങ്ങളും അയക്കുന്നുണ്ടെന്നുമുള്ള ബര്‍ഖ ദത്തിന്റെ പരാതിയിലാണ് കേസ്. ചിലര്‍ തന്റെ ഫോണ്‍ നമ്പര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തെന്നും ബര്‍ഖ ദത്ത് പരാതിയില്‍ പറഞ്ഞിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നേരിടുന്ന കശ്മീരികളെ സഹായിക്കാന്‍ ബര്‍ഖ ദത്ത് സന്നദ്ധത അറിയിച്ചിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ വനിതാ കമ്മീഷന്‍ ദല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായികിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഫോണ്‍ നമ്പര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇതയച്ചവരുടെ ഫോണ്‍ നമ്പരുകളും ബര്‍ഖ ദത്ത് ട്വീറ്റ് ചെയ്തിരുന്നു.

ALSO READ:ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കണം; പ്രകാശ് രാജിനെ പിന്തുണയ്ക്കാന്‍ സി.പി.ഐ.എം

എന്നാല്‍ ട്വിറ്റര്‍ ബര്‍ഖ ദത്തിന്റെ അക്കൗണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്യുകയായിരുന്നു. ബ്ലോക്ക് പിന്‍വലിച്ചതിനു ശേഷം, ഇതിനെതിരെയുള്ള പരാതിയും ബര്‍ഖ ദത്ത് ദല്‍ഹി പൊലീസിന് ട്വീറ്റ് ചെയ്തിരുന്നു.

“ആയിരത്തോളം സന്ദേശങ്ങളാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. അതില്‍ എന്നെ വെടി വെക്കും എന്ന് തുടങ്ങി നിരവധി സന്ദേശങ്ങളാണ് അയച്ചിട്ടുള്ളത്. അതില്‍ മോശം ചിത്രങ്ങളുണ്ട്. എന്നാല്‍ ഇത് ചെയ്ത വ്യക്തികളുടെ വിവരങ്ങള്‍ ഞാന്‍ പുറത്തുവിട്ടപ്പോള്‍ ട്വിറ്റര്‍ എന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. എന്നാല്‍ മറ്റുള്ളവരുടെ അനുമതി കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുത് എന്നതാണ് തങ്ങളുടെ നിയമമെന്ന് ട്വിറ്റര്‍ പ്രതികരിച്ചത്” ബര്‍ഖ ട്വിറ്ററില്‍ കുറിച്ചു.

We use cookies to give you the best possible experience. Learn more