| Saturday, 1st December 2018, 7:15 pm

ലക്ഷങ്ങള്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപനം, ദല്‍ഹിയില്‍ ആര്‍.എസ്.എസിന്റെ സങ്കല്‍പ് യാത്ര'യ്ക്ക് എത്തിയത് നൂറോളം പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമക്ഷേത്ര വിഷയത്തില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് ദല്‍ഹിയില്‍ ആര്‍.എസ്.എസ് നടത്തിയ “സങ്കല്‍പ് യാത്ര”യ്ക്ക് എത്തിയത് നൂറോളം പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ന്യൂദല്‍ഹിയിലെ ഝണ്ഡേവാല ക്ഷേത്രത്തില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത യാത്രയില്‍ ഒരു ട്രക്കിന് പുറകില്‍ കുറച്ചു കര്‍സേവകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

രാത്രി എട്ടുമണിക്ക് ഷാദിപൂരില്‍ ഇന്നത്തെ യാത്ര അവസാനിക്കുമ്പോള്‍ ആളുകള്‍ എത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ദല്‍ഹിയിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് ഡിസംബര്‍ 9ന് രാംലീല മൈതാനത്ത് വി.എച്ച്.പി നടത്തുന്ന മെഗാ റാലിയില്‍ ലയിക്കാന്‍ പദ്ധതിയിട്ടാണ് ആര്‍.എസ്.എസിന്റെ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ “സങ്കല്‍പ് യാത്ര” ആരംഭിച്ചിരിക്കുന്നത്.

രാജ്യ തലസ്ഥാനത്ത് റാലിയുടെ ഒന്നാം ദിനം തന്നെ ആളില്ലാത്ത സംഭവത്തില്‍ വിശദീകരണവുമായി സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്തെത്തിയിട്ടുണ്ട്. ഓരോ ഘട്ടങ്ങളിലും പ്രവര്‍ത്തകര്‍ എത്തിച്ചേരുമെന്നും രാംലീലയില്‍ 8 ലക്ഷം വരെ പ്രവര്‍ത്തകരെ എത്തിക്കുമെന്നും സംഘടനയുടെ കോ കണ്‍വീനര്‍ കമല്‍ തിവാരി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്ര നിര്‍മ്മാണ ചര്‍ച്ചകള്‍ അവസാന സമയത്തേക്ക് ചര്‍ച്ചയാക്കി നിലനിര്‍ത്തുന്നതിനായി സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധ പരിപാടികളടക്കം ആരംഭിച്ചിരിക്കുകയാണ്. നവംബര്‍ 25ന് ഇത്തരത്തില്‍ അയോധ്യയില്‍ വി.എച്ച്.പിയും ശിവസേനയും കൂടിച്ചേരല്‍ നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more